റീല്‍സില്‍ ട്രെന്‍ഡായ 30-30-30 ഡയറ്റ്; ഈ ഡയറ്റെടുത്താല്‍ ശരീരഭാരം കുറയുമോ?

എളുപ്പത്തില്‍ ഭാരം കുറയ്ക്കാം എന്ന രീതിയില്‍ പ്രചാരത്തിലായ ഡയറ്റ് പ്ലാനാണ് 30-30-30 ഡയറ്റ്.

dot image

ഴയതുപോലെയല്ല.. ജീവിതശൈലി രോഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ് പലരും. യോഗയും ജിമ്മും സുംബയും ഡയറ്റുമെല്ലാമായി ശരീരഭാരം കൃത്യമായി നിയന്ത്രിക്കാനും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലതരം ഡയറ്റ് പ്ലാനുകളും വ്യായാമമുറകളുമായി നിരവധി റീല്‍സുകളും സോഷ്യല്‍മീഡിയയില്‍ കറങ്ങുന്നുണ്ട്. എളുപ്പത്തില്‍ ഭാരം കുറയ്ക്കാം എന്ന രീതിയില്‍ പ്രചാരത്തിലായ ഡയറ്റ് പ്ലാനാണ് 30-30-30 ഡയറ്റ്.

വളരെ ലളിതമായ ഡയറ്റ് പ്ലാനാണെന്നതുതന്നെയാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നതും. ഉറക്കമെണീറ്റ് 30 മിനിറ്റുകള്‍ കഴിയുമ്പോള്‍ 30 ഗ്രാം പ്രൊട്ടീന്‍ കഴിക്കുകയും തുടര്‍ന്ന് 30 മിനിറ്റ് ലളിതമായ വ്യായാമമുറകള്‍ അനുഷ്ഠിക്കുകയുമാണ് 30-30-30 ഡയറ്റ് പ്ലാനിലൂടെ ഉദ്ദേശിക്കുന്നത്.

ഈ ഡയറ്റ് പ്ലാന്‍ പിന്തുടരുന്നതിനായി നിങ്ങള്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടതില്ല. കാലറി നോക്കി ഭയപ്പെട്ട് കഠിനമായ വ്യായാമത്തിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയും ഇല്ല. പിന്തുടരേണ്ടത് ആകെ മൂന്നുകാര്യങ്ങള്‍ മാത്രം. പ്രാതലിന് 30 ഗ്രാം പ്രൊട്ടീന്‍ കഴിക്കുക. ഉറക്കമുണര്‍ന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ അത് കഴിക്കണമെന്നുമാത്രം. തുടര്‍ന്ന് 30 മിനിറ്റ് വ്യായാമം. എന്നാല്‍ ഇപ്രകാരം ഡയറ്റ് എടുക്കുന്നതിലൂടെ ഭാരം കുറയുമെന്നതിന് സോഷ്യല്‍ മീഡിയയില്‍ നിറയെ അനുഭവസാക്ഷ്യങ്ങളുണ്ടെന്നല്ലാതെ ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അത്ഭുതകരമായി ഭാരം കുറച്ചുവെന്ന് പലരും അവകാശപ്പെടുമ്പോള്‍ അത് നിങ്ങള്‍ക്കും ഫലവത്താകണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

എന്നാല്‍ കൃത്യമായി പ്രാതല്‍ കഴിക്കുന്നത് മെച്ചപ്പെട്ട ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ 30 ഗ്രാം പ്രൊട്ടീന്‍ നിത്യവും കഴിക്കുന്നത് എന്തുമാജിക്കാണ് ശരീരത്തില്‍ ഉണ്ടാക്കുക എന്നതുസംബന്ധിച്ചും ശാസ്ത്രീയ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ പ്രൊട്ടീന്‍ പൂര്‍ണമായ പ്രാതല്‍ കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞ പ്രാതലിനേക്കാള്‍ അധികനേരം ഊര്‍ജത്തോടെയിരിക്കാന്‍ നിങ്ങളെ സഹായിക്കും. ഇടനേരം ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഇത് അവസാനിപ്പിച്ചേക്കാം. 30-30-30 ഡയറ്റിന്റെ മറ്റൊരു പ്രയോജനം ഒരു ആരോഗ്യകരമായ ശീലം സ്വായത്തമാക്കുമെന്നുള്ളതാണ്. പ്രൊട്ടീന്‍ ഭക്ഷണവും 30 മിനിറ്റ് നിത്യമുള്ള വ്യായാമവും തീര്‍ച്ചയായും ശരീരത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ ഫലം ഉറപ്പുനല്‍കാനാകില്ലെങ്കിലും 30-30-30 ഡയറ്റില്‍ അനുവര്‍ത്തിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപകടങ്ങളൊന്നുമില്ല.

Content Highlights: Can the 30-30-30 rule help with weight loss?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us