ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൃത്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യവുമാണ്. എന്നാൽ കൊളസ്ട്രോളിന്‍റെ അളവ് അമിതമായാൽ എന്ത് സംഭവിക്കും? ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് അമേരിക്കയിൽ നിന്ന് പുറത്തുവിട്ടിരിക്കുന്നത്.
യുഎസിലെ ഫ്ലോറിഡയിൽ നാല്പതുകാരന്‍റെ കൈ-കാലുകളിലൂടെ മഞ്ഞ നിറത്തിലുള്ള കൊഴുത്ത ദ്രാവകം പുറത്തേക്കൊഴുകുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് അമിതമായോടെ ഇത് പുറത്തേക്ക് വമിക്കുകയായിരുന്നു. കൈപ്പത്തിയുടെ ഉള്‍വശം, കാല്‍പാദം, മുട്ട് എന്നീ ശരീരഭാഗങ്ങളിലൂടെയാണ് കൊളസ്ട്രോള്‍ പുറന്തള്ളപ്പെടുന്നത്. യുഎസിലെ താംപ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
കഴിഞ്ഞ എട്ട് മാസമായി യുവാവ് ഒരു ഡയറ്റ് ഫോളോ ചെയ്തിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കൊളസ്ട്രോളിൻ്റെ അളവ് ഇത്രയധികം കൂടാൻ കാരണം ഇതാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. അതിവേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോജെനിക് ഡയറ്റാണ് യുവാവ് പിന്തുടര്‍ന്നിരുന്നത്. ഇറച്ചി, മുട്ട, വെണ്ണ എന്നിവയാണ് ഡയറ്റിന്‍റെ ഭാഗമായി പ്രധാനമായും കഴിച്ചിരുന്നത്.
യുവാവിന്റെ ഭക്ഷണത്തിൽ 2.7 കിലോ ചീസും 4.1 കിലോയോളം ബട്ടറും ബർഗറും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഭക്ഷണക്രമം പാലിച്ചിരുന്ന സമയത്ത് ശരീരഭാരം കുറഞ്ഞുവെന്നും ഉന്മേഷത്തോടെ എല്ലാം ചെയ്യാനായെന്നും യുവാവ് പറഞ്ഞു. ഡയറ്റില്‍ പച്ചക്കറികൾ, പഴങ്ങൾ, പയർ, പരിപ്പ് ഉൾപ്പടെയുള്ള ധാന്യങ്ങൾ ഒട്ടും ഉൾപ്പെടുത്തിയിരുന്നില്ല.
യുവാവിന്‍റെ കൊളസ്ട്രോളിന്റെ അളവ് 1,000 mg/dLന് മുകളിലായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. സാധാരണയായി ഒരു മനുഷ്യന് 200 mg/dL ആണ് വേണ്ടത്. 240 mg/dL വരെ വളരെ കൂടുതലായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ഡയറ്റ് പിന്തുടരുന്നതിന് മുൻപ് ശരീരത്തിൽ 210 mg/dL ആയിരുന്നു കൊളസ്ട്രോളിൻ്റെ അളവുണ്ടായിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
യുവാവിന് നൽകുന്ന ചികിത്സയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രക്തക്കുഴലുകളിലൂടെ രക്തത്തിലെ അധിക ലിപിഡ് പുറത്തേക്കൊഴുകുന്ന അവസ്ഥയാണ് ഇയാളുടേത്. ദീര്‍ഘകാലം മാംസ ഭക്ഷണം കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിൻ്റെ അഭിപ്രായപ്പെടുന്നു. വളരെ ഉയർന്ന പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും.
Content Highlights: US man bizarrely leaks cholesterol from his body. it was due to his diet