നിസാരമാണെന്ന് തോന്നും... പക്ഷേ ഇതൊക്കെ കരളിനെ തകര്‍ക്കുന്ന ശീലങ്ങളാണ്

ദൈനംദിനമുളള ചില ശീലങ്ങള്‍ കരളിന്റെ ആരോഗ്യത്തെ തകര്‍ത്തുകളയും. ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ മിതത്വം പാലിക്കണം

dot image

നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. പ്രതിവര്‍ഷം കരള്‍ രോഗം കൊണ്ട് രണ്ട് ദശലക്ഷം മരണമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യപാനം മാത്രമല്ല മറ്റ് ഏതൊക്കെ ശീലങ്ങളാണ് കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതെന്ന് നോക്കാം.

പഞ്ചസാരയുടെ അമിതമായ ഉപയോഗം

പഞ്ചസാരയുടെ അമിതമായ ഉപയോഗം പല്ലുകള്‍ക്ക് ദോഷം ചെയ്യുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത്. ഇത് കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. Processed Sugar അഥവാ സംസ്‌കരിച്ച പഞ്ചസാര പ്രത്യേകിച്ച് ഫ്രക്ടോസ് കഴിക്കുമ്പോള്‍ കരള്‍ അതിനെ കൊഴുപ്പാക്കി മാറ്റുന്നു. കാലക്രമേണ ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന് കാരണമായേക്കാം.

വേദന സംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നത്

തലവേദനയോ പനിയോ ശരീരവേദനയോ ഒക്കെ ഉണ്ടാകുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നമ്മളെല്ലാവരും വേദന സംഹാരികള്‍ കഴിക്കാറുണ്ട്. വേദന സംഹാരികള്‍ സ്വയം കഴിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറെ കണ്ട് അദ്ദേഹം ശുപാര്‍ശ ചെയ്യുന്ന അളവ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

വെള്ളം കുടിക്കുന്നത് കുറയുമ്പോള്‍

ആവശ്യത്തിന് വെളളം കുടിക്കാതിരിക്കുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാവുകയും അതുമൂലം വിഷവസ്തുക്കള്‍ പുറംതള്ളാന്‍ കരളിന് സാധിക്കാതെ വരികയും ചെയ്യുന്നു. ആവശ്യത്തിന് വെളളം കുടിക്കാത്ത സാഹചര്യത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടി കരളിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നു. ദിവസവും കുറഞ്ഞത് ഏഴ്- എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുന്നത് ശീലമാക്കുക. നാരങ്ങാവെള്ളവും ഹെര്‍ബല്‍ ടീയും പോലെയുള്ളവ കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.

അമിതമായ മദ്യത്തിന്റെ ഉപയോഗം

കരളിന് ഏറ്റവും കേടുണ്ടാക്കുന്ന വസ്തുക്കളില്‍ ഒന്നാണ് മദ്യം. അമിതമായി മദ്യപിക്കുന്നത് ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് എന്നിവയിലേക്ക് നയിച്ചേക്കാം. മദ്യം കഴിക്കുകയാണെങ്കില്‍ മിതമായ അളവില്‍ കഴിക്കാന്‍ ശീലിക്കുക. ലഹരിപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.

വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ അമിത ഉപയോഗം

ജങ്ക് ഫുഡ്ഡുകള്‍, ഡീപ്പ് ഫ്രൈ ചെയ്ത ലഘുഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ ഫാറ്റുകളും പ്രിസര്‍വേറ്റീവുകളും കൂടുതലാണ്.

ഇത് കരളിനെ അമിതമായി ജോലി ചെയ്യിപ്പിക്കുന്നു. അനാരോഗ്യകരമായി അടിഞ്ഞുകൂടുന്ന കൊഴുപ്പുകള്‍ ഫാറ്റി ലിവര്‍ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ എണ്ണകള്‍ ഉപയോഗിച്ച് വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഫാസ്റ്റ് ഫുഡ്ഡിന്റെ ഉപയോഗം കുറയ്ക്കുകയും വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.

ഭക്ഷണം ഒഴിവാക്കി ഡയറ്റ് ചെയ്യുന്നത്

ഉപവാസം നടത്തുന്നതോ , കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതോ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ട് ദിവസം മുഴുവന്‍ ചെറിയ അളവില്‍ സമീകൃത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രോട്ടീനുകള്‍, നാരുകള്‍, കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ഉറക്കക്കുറവ്

ഉറക്കം ശരീരത്തന് വളരെയധികം ആവശ്യമുള്ള കാര്യമാണ്. ഉറക്ക സമയം കരള്‍ പുനരുജ്ജീവിപ്പിക്കാനുള്ള സമയം കൂടിയാണ്. ഉറക്കക്കുറവ് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും വര്‍ദ്ധിപ്പിക്കുന്നു. ഇത് പിന്നീട് കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. 7-8 മണിക്കൂര്‍ ദിവസവും ഉറങ്ങാന്‍ ശീലിക്കുക.

കാപ്പി, എനര്‍ജി ഡ്രിങ്കുകളുടെ അമിത ഉപയോഗം

കാപ്പി അല്‍പ്പമൊക്കെ കുടിക്കുന്നത് നല്ലതാണെങ്കിലും അതിന്റെ അമിതമായ ഉപയോഗം കരള്‍ വീക്കത്തിനും സമ്മര്‍ദ്ദത്തിനും കാരണമാകും. അതുപോലെ തന്നെയാണ് എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗവും. ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കാം. പഞ്ചസാര അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കുന്നത്

പഴങ്ങളും പച്ചക്കറികളും കീടനാശിനികളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. അവ ശരിയായി വൃത്തിയായി വൃത്തിയാക്കാതെ പതിവായി കഴിക്കുന്നത് വിഷവസ്തുക്കള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. അതുകൊണ്ടുതന്നെ പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വിനാഗിരിയും വെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ അല്‍പ്പസമയം ഇത് മുക്കിവയ്ക്കുന്നത് നല്ലതാണ്.

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം പൊണ്ണത്തടിക്കും ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. വ്യായാമം ചെയ്യുന്നത് കരളിലെ കൊഴുപ്പുകള്‍ കാര്യക്ഷമമായി സംസ്‌കരിക്കാനും നീര്‍വീക്കം തടയാനും സഹായിക്കുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുക. നടത്തം, യോഗ പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും.

Content Highlights :Some daily habits can damage liver health. Some foods should be eaten in moderation

dot image
To advertise here,contact us
dot image