
കണ്ണില്‍ ചുവപ്പുനിറം, അസ്വസ്ഥത, കാഴ്ച ശക്തി കുറയുന്നു… നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടും നാളുകളായി യുവാവ് അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായിരുന്നില്ല. മധ്യപ്രദേശ് സ്വദേശിയായ 35കാരനാണ് അസാധാരണ രോഗാവസ്ഥ മൂലം ബുദ്ധിമുട്ടിലായത്. ഓരോ ദിവസം ചെല്ലുംതോറും കാഴ്ചശക്തി കുറഞ്ഞുവരാന്‍ തുടങ്ങിയതോടെയാണ് യുവാവ് ഭോപ്പാലിലെ എയിംസില്‍ യുവാവ് എത്തിയത്.
വിശദമായ പരിശോധനയില്‍ ഒരു ഇഞ്ചോളം നീളമുള്ള ജീവനുള്ള വിരയെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലായിരുന്നു വിരയുണ്ടായിരുന്നത്. ഇത്തരം കേസുകള്‍ അപൂര്‍വമാണെന്നാണ് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. ലോകത്ത് ഇത്തരത്തില്‍ ചുരുക്കം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കണ്ണിനുള്ളില്‍ കണ്ടെത്തിയ വിരയ്ക്ക് ജീവനുണ്ടായിരുന്നതിനാല്‍ തന്നെ അവയെ നീക്കം ചെയ്യുന്നത് ഏറെ പ്രതിസന്ധി നിറഞ്ഞ ദൗത്യമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എയിംസിലെ ചീഫ് റെറ്റിന സര്‍ജന്‍ ഡോ. സമേന്ദ്ര കാര്‍ക്കൂറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വിര അനങ്ങുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. കണ്ണിന് ദോഷം വരാതെ അതിനെ നീക്കം ചെയ്യാനായിരുന്നു ശ്രമിച്ചത്. ഇതിനായ് വിരയുടെ ചലനം തടയാന്‍ ആദ്യം ലേസര്‍ ഉപയോഗിച്ചു. അതിനുശേഷം, വിട്രിയോ-റെറ്റിനല്‍ സര്‍ജറി ടെക്‌നിക് ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും യുവാവിന്റെ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗ്നാത്തോസ്‌റ്റോമ സ്‌പൈനിഗെറം വിഭാഗത്തില്‍പ്പെട്ട വിരയെയാണ് യുവാവിന്റെ കണ്ണില്‍ നിന്ന് പുറത്തെടുത്തത്. പച്ചയായതോ ശരിയായി വേവിക്കാത്തതോ ആയ മാംസം കഴിക്കുന്നതിലൂടെയാണ് ഇത്തരം പരാദങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഒരിക്കല്‍ ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ ഇവയ്ക്ക് ചര്‍മ്മം, തലച്ചോറ്, കണ്ണ് തുടങ്ങി വിവിധഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Content Highlights: Doctors in Bhopal remove live worm from patient's eye in complex surgery