
നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് വൈറ്റമിന്‍ ഡി. അസ്ഥികളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം, രോഗപ്രതിരോധ ശേഷി എന്നിവയില്‍ നിര്‍ണായക പങ്കാണ് വൈറ്റമിന്‍ ഡി വഹിക്കുന്നത്. എന്നാല്‍ ആവശ്യമായ അളവില്‍ മാത്രം വൈറ്റമിന്‍ ഡി കഴിക്കേണ്ടത് പ്രധാനവുമാണ്. എപ്പോഴും സ്വയം രോഗം നിര്‍ണയിച്ച് വൈറ്റമിനുകള്‍ ഉപയോഗിക്കുന്നതിന് പകരം ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഇവ കഴിക്കുന്നതാകും ഉത്തമം.
വൈറ്റമിന്‍ ഡി അധികമായി കഴിച്ചാല്‍ എന്ത് സംഭവിക്കും?
അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിലും വൈറ്റമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ ഇവ തെറ്റായ രീതിയില്‍ കഴിക്കുന്നത് വൈറ്റമിന്‍ ഡി ടോക്‌സിറ്റി പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപൂര്‍വമാണെങ്കിലും ഈ അവസ്ഥ കാല്‍സ്യം ലെവല്‍ കൂട്ടുകയും ഓക്കാനം, ഛര്‍ദ്ദി, ബലഹീനത, വൃക്കകളുടെയും ഹൃദയത്തിന്റെയും അടക്കം പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രം വൈറ്റമിന്‍ ഡി കഴിക്കാന്‍ ശ്രദ്ധിക്കുക.
രക്തത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് കൂടുന്നത്, തലകറക്കം, ഛര്‍ദ്ദി, പേശികളുടെ ബലക്ഷയം, ആശയക്കുഴപ്പം, വിശപ്പില്ലായ്മ, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയ അവസ്ഥകള്‍ക്ക് വരെ കാരണമാകുമെന്നാണ് ഡോ. രോഹിത് ജെയിന്‍ പറയുന്നത്. അപൂര്‍വമായി ഇത്തരം അവസ്ഥകള്‍, വൃക്കകള്‍ തകരാറിലാകുന്നതിനോ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം. സപ്ലിമെന്റുകളുടെ അമിതമായ ഉപയോഗം മൂലമാകാം ഇത്തരം അവസ്ഥയുണ്ടാകുന്നതെന്നും അമിതമായി സൂര്യപ്രകാശമേറ്റതുകൊണ്ട് ഈ അവസ്ഥയുണ്ടാകില്ലെന്നും ഡോ. രോഹിത് പറയുന്നു.
വെറും വയറ്റില്‍ വൈറ്റമിന്‍ ഡി കഴിക്കാമോ?
വെറും വയറ്റില്‍ വൈറ്റമിന്‍ ഡി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ശരിയായ രീതിയില്‍ ഇവ ആഗിരണം ചെയ്യപ്പെടേണ്ടതിന്, ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥിരമായി ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രം വൈറ്റമിന്‍ ഡി കഴിക്കുക.
Content Highlights: Risk of taking Vitamin D in the wrong way and how to take it safely