ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലേ? ഏകാഗ്രത വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ

മനസിന്റെ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സിമ്പിളായി ചെയ്യാവുന്ന ചില കാര്യങ്ങള്‍

dot image

ഒരേ സമയം പല പല കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ദിവസേന അല്‍പ്പസമയം പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതിനും ഏകാഗ്രത ആവശ്യമാണ്. അത്തരത്തില്‍ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഫലപ്രദമായ ചില മാര്‍ഗങ്ങള്‍ ഇതാ….

ധ്യാനം

ധ്യാനം തലച്ചോറിനെ ഏകാഗ്രതയോടെ തുടരാന്‍ സഹായിക്കുന്നു. അതുവഴി ശ്രദ്ധ വ്യതിചലിക്കുന്നത് കുറയുകയും കൂടുതല്‍ ശ്രദ്ധയോടെയിരിക്കാനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് സമയം ധ്യാനത്തിനായി ചെലവഴിക്കുന്നത് നാഡീബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ദീര്‍ഘനേരം ഏകാഗ്രത നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.

വേഗത്തില്‍ ചെയ്യുന്ന എക്‌സര്‍സൈസ്

ജമ്പിംഗ് ജാക്കുകള്‍, വേഗത്തിലുളള നടത്തം പോലുളള വ്യായാമങ്ങള്‍ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഏകാഗ്രത വര്‍ധിപ്പിക്കുകയും ശ്രദ്ധ നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് മൂലം ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമാവുകയും ചെയ്യും.

പൊമോഡോറോ

സമയ മാനേജ്മെന്റില്‍ നിന്ന് പരമാവധി പ്രയോജനം നേടാനുള്ള എളുപ്പവും രസകരവുമായ ഒരു മാര്‍ഗമാണ് പോമോഡോറോ ടെക്നിക്. പോമോഡോറോസ് എന്നറിയപ്പെടുന്ന 25 മിനിറ്റ് ഇടവേളകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജോലി ചെയ്യുകയും അഞ്ച് മിനിറ്റ് ഇടവേള എടുക്കുകയും ചെയ്യുന്ന ഒരു സമയ മാനേജ്‌മെന്റ് രീതിയാണ് പോമോഡോറോ ടെക്‌നിക്. ഈ രീതി പരിശീലിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ ഏകാഗ്രത നിലനിര്‍ത്താന്‍ സഹായിക്കും.

ചെയ്യേണ്ട കാര്യങ്ങള്‍ എഴുതുക

ഒരു ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് എഴുതിയുണ്ടാക്കുന്നത് ചിന്തകളെ ക്രമീകരിക്കാനും മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാനും തലച്ചോറിനെ സജ്ജമാക്കുകയും ചെയ്യും. ഇത് ചിന്തകളുമായി ബന്ധപ്പെട്ട അമിതഭാരം തടയുകയും ജോലികള്‍ ക്രമാനുഗതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും.

മെമ്മറി ഗെയിമുകളില്‍ ഏര്‍പ്പെടുക

പസിലുകള്‍ പരിഹരിക്കുക, ചെസ് കളിക്കുക, അതുമല്ലെങ്കില്‍ എന്തെങ്കിലും മെമ്മറി ഗെയിമുകളില്‍ ഏര്‍പ്പെടുക എന്നിവയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. മാനസികമായ വേഗതയും തലച്ചോറിനെ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പാട്ട് കേള്‍ക്കാം

ഉപകരണ സംഗീതം ആസ്വദിക്കുന്നതും ക്ലാസിക്കല്‍ ഗാനങ്ങള്‍ കേള്‍ക്കുന്നതും ശ്രദ്ധകേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ആഴത്തിലുള്ള ഏകാഗ്രതയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

പ്രകൃതിയോടൊത്ത് ചെലവഴിക്കുക

അല്‍പ്പസമയം പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രകൃതിയുടെ സൗന്ദര്യത്തിലും ശബ്ദത്തിലും മുഴുകുന്നതും മാനസികമായ ക്ഷീണം ഇല്ലാതാക്കുകയും ഓര്‍മ നിലനിര്‍ത്തുന്നത് മെച്ചപ്പെടുത്തുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യും.

ധാരാളം വെളളം കുടിക്കുക

നിര്‍ജലീകരണം ക്ഷീണം വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയും ചെയ്യും. ഓരോ മണിക്കൂര്‍ ഇടവിട്ട് ഓരോ ഗ്ലാസ് വെളളം കുടിക്കുന്നത് തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഇത് ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു.

Content Highlights :Ways to increase concentration

dot image
To advertise here,contact us
dot image