പേശികളെ ശക്തമാക്കാന്‍ ഒരു പാത്രം മുന്തിരി മതിയെന്ന് പഠന റിപ്പോർട്ട്

ആര്‍ത്തവ വിരാമത്തിന് ശേഷം പേശികളുടെ ബലം നിലനിര്‍ത്താന്‍ മുന്തിരിയ്ക്ക് കഴിയുമെന്ന് പഠനം

dot image

പ്രായമാകുംതോറും മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് പേശികളുടെ ബലം ക്ഷയിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍. അതിന് പ്രതിവിധിയായി പലരും മരുന്നുകളെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുന്തിരി കഴിയ്ക്കുന്നത് ജീന്‍ എക്‌സ്പ്രഷനെ സഹായിക്കുകയും പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്.

പ്രായമായ സ്ത്രീകൾക്കാണ് ഇത് ഏറ്റവും ഗുണകരമാകുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന മുന്തിരി പഴങ്ങള്‍ രുചികരമാണെന്ന് മാത്രമല്ല അവയ്ക്ക് ഗുണങ്ങളും പലതാണ്. കാലിഫോര്‍ണിയ ടേബിള്‍ ഗ്രേപ്പ് കമ്മീഷന്റെ പിന്തുണയോടെ 'ഫുഡ്‌സ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മുന്തിരിയുടെ ഉപയോഗം പേശികളുടെ ജീന്‍ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നതിനായി രണ്ടര വര്‍ഷത്തിനിടയില്‍ 480 എലികളിലാണ് പഠനങ്ങള്‍ നടത്തിയത്.

മുന്തിരി എങ്ങനെയാണ് പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്

പേശികളുടെ ആരോഗ്യം കുറയുന്നത് പ്രായമായവരില്‍ ഒരു ആശങ്കതന്നെയാണ്. 10 മുതല്‍ 16 ശതമാനം പേര്‍ക്ക് Sarcopenia (വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട പേശികളുടെ നഷ്ടം) അനുഭവപ്പെടാറുണ്ട്. സ്ത്രീകള്‍ പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിന് ശേഷം പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ദിവസേന രണ്ട് തവണ മുന്തിരി കഴിക്കുന്നത് പേശികളുമായി ബന്ധപ്പെട്ട ജീന്‍ എക്‌സ്പ്രഷനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്. മുന്തിരിയുടെ ഉപയോഗം കൊണ്ട് മാറ്റം സംഭവിച്ച 25 പ്രധാന ജീനുകളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. പേശികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ചില ജീനുകള്‍ കൂടുതല്‍ സജീവമാകുന്നതും ഗവേഷകര്‍ തിരിച്ചറിഞ്ഞു.

മുന്തിരിയുടെ പ്രത്യേകത

1600ല്‍ അധികം പ്രകൃതിദത്ത സംയുക്തങ്ങള്‍ മുന്തിരിപ്പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേക ഗുണങ്ങളടങ്ങിയ ഒരു സംയുക്തത്തിന് പകരം ധാരാളം സംയുക്തങ്ങള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് മുന്തിരിക്ക് ഇങ്ങനെയൊരു പ്രത്യേകത ഉണ്ടാകുന്നത്. പേശികളുടെ ആരോഗ്യത്തെ ആഴത്തിലുള്ള കോശതലങ്ങളില്‍ മുന്തിരി പിന്തുണയ്ക്കുമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രായമായവര്‍ക്ക് അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമത്തോടൊപ്പം ഒരു പാത്രം മുന്തിരിയും കഴിക്കുന്നത് ലളിതവും എന്നാല്‍ പ്രയോജനകരവുമായ ഒരു കാര്യംതന്നെയാണ്.

Content Highlights :Study: Grapes Can Maintain Muscle Strength After Menopause

dot image
To advertise here,contact us
dot image