
1990 മുതല്‍ 2021 വരെ ഇന്ത്യയിലെ ആത്മഹത്യാ മരണനിരക്കില്‍ 30 ശതമാനം കുറവുണ്ടായതായി പഠനം. The Lancet Public Health ത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠനം The Global Burden of Disease, Injuries and Risk Factors Study (GBD)2021 ല്‍ നിന്നുളള ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
1990 ല്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തിന് 18.9 ആത്മഹത്യകള്‍ ഉണ്ടായിരുന്നു. 2019 ആയപ്പോഴേക്കും ഈ സംഖ്യ ഒരു ലക്ഷത്തിന് 13 ആയി വീണ്ടും കുറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടയില്‍ ഇത് മൊത്തത്തിലുള്ളതില്‍ 31.5 ശതമാനം കുറവാണ് കാണിക്കുന്നത്. സാമൂഹികമായ ഇടപെടല്‍, ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കല്‍, പിന്തുണ നല്‍കല്‍ തുടങ്ങിയവ ഉണ്ടാവുമ്പോള്‍ ആത്മഹത്യാ പ്രതിരോധം ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയിലെ ആത്മഹത്യാനിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും പഠനത്തിലുണ്ട്. 2021 ആയപ്പോഴേക്കും സ്ത്രീകളുടെ ആത്മഹത്യാനിരക്ക് 1990 ല്‍ ഒരു ലക്ഷത്തിന് 16.8 ആയിരുന്നത് ഒരു ലക്ഷത്തിന് 10.3 ആയി കുറഞ്ഞു. പക്ഷേ ഇതിന് വിപരീതമായി പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് 1990ല്‍ ഒരു ലക്ഷത്തിന് 20.9 ആയിരുന്നത് 2021 ല്‍ ഒരു ലക്ഷത്തിന് 15.7 ആയി കുറഞ്ഞു.
2020 ല്‍ ഇന്ത്യയിലെ വിദ്യാസമ്പന്നരായ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബ സംബന്ധമായ പ്രശ്‌നങ്ങളാണ് ഇതിന് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന കാരണമെന്ന് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ഗവേഷകര്‍ പറയുന്നു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള ഡാറ്റ പ്രകാരം, 15-39 പ്രായപരിധിയിലുള്ളവരില്‍ ആത്മഹത്യകള്‍ കൂടുതലായി സംഭവിക്കാനുള്ള കാരണം കുടുംബ പ്രശ്നങ്ങള്‍ അതായത് ഗാര്‍ഹിക പീഠനം, വീട്ടുകാരുമായുള്ള വെല്ലുവിളികള്‍ സാമ്പത്തിക കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്തൊക്കെയാണ് കുടുംബ പ്രശ്നങ്ങള്‍ എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഓരോ 43 സെക്കന്‍ഡിലും ഒരു ആത്മഹത്യ ഉണ്ടാകുന്നുണ്ട്. അതായത് പ്രതിവര്‍ഷം 740,000 മരണങ്ങള്‍. ആത്മഹത്യാ ശ്രമങ്ങള്‍ കാരണം ലോകമെമ്പാടും ഓരോ മിനിറ്റിലും നാല് പുരുഷന്മാര്‍ക്കും ആറ് സ്ത്രീകള്‍ക്കും കിടത്തി ചികിത്സ ആവശ്യമായി വരുന്നുണ്ട്. ആഗോള തലത്തില്‍ ആത്മഹത്യാ മരണനിരക്ക് പഠന കാലയളവില്‍ ഏകദേശം 40 ശതമാനം കുറഞ്ഞുവെന്ന് ഗവേഷകര്‍ പറഞ്ഞു. പുരുഷന്മാരില്‍ ഈ നിരക്ക് 34 ശതമാനത്തിലധികം കുറഞ്ഞപ്പോള്‍ സ്ത്രീകളില്‍ ഇത് 50 ശതമാനത്തിലധികം കുറഞ്ഞു.
Content Highlights: Report says 30 percent reduction in suicide rate in India. There has been a significant reduction in suicide rates among women compared to men