
വേനൽകാലം ഇങ്ങെത്തി. അതോടൊപ്പം കടുത്ത ചൂടും. പലപ്പോഴും സൂര്യാഘാതത്തിനുള്ള സാധ്യത ഈ സമയത്ത് വളരെ കൂടുതലാണ്. സത്യത്തിൽ സൂര്യാഘാതം എന്നാൽ എന്താണ്? എന്തൊക്കെ മുൻകരുതൽ സ്വീകരിക്കാം. സാധാരണ രീതിയിൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ താപം പുറത്ത് പോകാൻ പലപ്പോഴും തടസമുണ്ടാകുന്നു. അതോടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും താളം തെറ്റുന്നു. ഇത് ഗുരുതരമായ പല അവസ്ഥയിലേക്കും എത്തിക്കുന്നു. തലവേദന, ദേഹത്ത് ചൂടുകൂടൽ, പേശീവലിവ്, കടുത്ത ക്ഷീണം, ബോധക്ഷയം മുതലായവയാണ് ലക്ഷണങ്ങൾ.
ഈ ചൂടിനിടയിലും സൂര്യാഘാതം ഏൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ കൂടി അറിഞ്ഞിരിക്കാം. വെള്ളം എപ്പോഴും നന്നായി കുടിച്ച് കൊണ്ടിരിക്കുക. അതിൽ തന്നെ ഉപ്പിട്ട നാരങ്ങാ വെള്ളം, കഞ്ഞി വെള്ളം, സംഭാരം എന്നിവയും നല്ലതാണ്. ഇനി സൂര്യാഘാതം ഏറ്റാൽ ഉടൻ തന്നെ തണലിലേക്ക് മാറുക. എന്നിട്ടും ചൂട് മാറുന്നില്ല എങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തുടക്കാം.
ഉച്ചസമയത്ത് പുറത്ത് ജോലി ചെയ്യുന്നവർ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി സമയം ക്രമീകരിക്കുന്നതാകും നല്ലത്. പിന്നെ വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ കട്ടികുറഞ്ഞതോ, വെളുത്തതോ ഇളം നിറത്തിലുള്ളവയോ ഉപയോഗിക്കുക. വെയിലത്ത് നിർത്തിയിട്ട കാറുകളിലും, മറ്റുവാഹനങ്ങളിലും കുട്ടികളെ ഇരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്.
വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാവുന്നതാണ്. ശരീരത്തിന് എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാൽ പ്രാഥമിക ശൂശ്രൂഷ നൽകി ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.
Content Highlights: Avoid sunburn, All these should be noted