യൂട്യൂബില്‍ കണ്ട വാട്ടര്‍ ഡയറ്റും ചിയാ സീഡ്‌സും ആണോ മെലിയാന്‍ തിരഞ്ഞെടുത്തത്; തീരുമാനം തെറ്റിയോ?

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ സൂര്യ പ്രസന്നന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്...

ഷെറിങ് പവിത്രൻ
1 min read|11 Mar 2025, 12:18 pm
dot image

യൂട്യൂബില്‍ കണ്ട ഡയറ്റ് ശീലിച്ചതിന്‍റെ ഭാഗമായി കണ്ണൂരില്‍ 18കാരി മരിച്ച വാര്‍ത്ത രണ്ടുദിവസങ്ങള്‍ക്ക് മുന്‍പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വണ്ണം കുറയ്ക്കുന്നതിനായി യൂട്യൂബിലെ ഡയറ്റ് പിന്തുടരുകയായിരുന്നു പെണ്‍കുട്ടി. ഇത്തരത്തില്‍ പത്ത് ദിവസംകൊണ്ട് പത്ത് കിലോ കുറയ്ക്കാമെന്നും, വ്യായാമം ചെയ്യാതെ വീട്ടില്‍ ഇരുന്ന് ഭാരം കുറയ്ക്കാമെന്നും, അമിതവണ്ണത്തിനുള്ള പ്രതിവിധിയായി ഇനി പറയുന്ന ഡയറ്റ് പിന്തുടരൂ എന്നും , ഷുഗര്‍ കുറയ്ക്കാനും കിഡ്ണി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഡയറ്റെന്നുമെല്ലാം അവകാശപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി ഡയറ്റുപ്ലാനുകളാണ് പലരും ആധികാരികമായി അവതരിപ്പിക്കാറുള്ളത്. ഇതുകണ്ട് അത് പിന്തുടരുന്നവരും അഭിമാനത്തോടെ ഇക്കാര്യം പങ്കുവയ്ക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭാരം കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്ന മാജിക് ഡയറ്റുകള്‍ ഇല്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. സോഷ്യല്‍ മീഡിയയില്‍ പല അസുഖത്തിനുള്ള പ്രതിവിധിയായിട്ടും ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ബോഡി ബില്‍ഡിങിനുള്ള മാര്‍ഗ്ഗമായിട്ടും ഒക്കെ പല അറിവുകളും ലഭ്യമാണ്.

മാത്രമല്ല ഇത്തരം അശാസ്ത്രീയ ഡയറ്റ് വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക.

സോഷ്യല്‍ മീഡിയയില്‍ പല അസുഖത്തിനുള്ള പ്രതിവിധിയായിട്ടും ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ബോഡി ബില്‍ഡിങിനുള്ള മാര്‍ഗ്ഗമായിട്ടും ഒക്കെ പല അറിവുകളും ലഭ്യമാണ്. പക്ഷേ ഇങ്ങനെയുളള ഡയറ്റുകളും വ്യായമങ്ങളുമെല്ലാം അപകടത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

എങ്ങനെയാണ് ഒരാള്‍ ഡയറ്റ് ചെയ്യേണ്ടത്

ഒരിക്കലും നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഡയറ്റ് തീരുമാനിക്കേണ്ടത്. ആ വ്യക്തിയുടെ പൊക്കം, ഭാരം, ബോഡിമാസ് ഇന്‍ഡക്‌സ് ഇവയെല്ലാം കണക്കിലെടുത്തും ബയോ കെമിക്കല്‍ വാല്യൂസ്, ഷുഗര്‍, പ്രഷര്‍, ഹിമോഗ്ലോബിന്‍ ലെവല്‍, ക്ലിനിക്കല്‍ ഫൈന്‍ഡിങ്‌സ് , അവരുടെ ഡയറ്റ് ഹിസ്റ്ററി, ഡയറ്റ് പാറ്റേണ്‍, ചെയ്യുന്ന ജോലിയിടെ സ്വഭാവം, വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണോ, നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവരാണോ, അമിത ഭക്ഷണം കഴിക്കുന്നവരാണോ, വ്യക്തി ആണാണോ പെണ്ണാണോ ഇതിനെയെല്ലാം ആശ്രയിച്ചുവേണം ഡയറ്റ് പ്ലാന്‍ ചെയ്യാന്‍. അതും ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ സഹായത്തോടെ മാത്രം. അല്ലാത്ത പക്ഷം ഇത് പല തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാക്കും. അസുഖങ്ങളുണ്ടെങ്കില്‍ രോഗാവസ്ഥയ്ക്ക് യോജിച്ച രീതിയില്‍ വേണ്ടത്ര മാക്രോ ആന്‍ഡ് മൈക്രോ ന്യൂട്രിയന്‍റ്സ് അടങ്ങിയ ഡയറ്റ് പ്ലാനാണ് പിന്തുടരേണ്ടത്. അത് അമിതഭാരം ഉള്ളവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും ഒക്കെ വ്യത്യസ്തമാണ്.

അശാസ്ത്രീയ ഡയറ്റ് പിന്തുടര്‍ന്നാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍

അശാസ്ത്രീയമായ ഡയറ്റ് പിന്തുടരുന്നതുവഴി പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മിക്കവരും പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ട് ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാറുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ എനര്‍ജി കുറയുകയും അത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെപോലും ബാധിക്കുന്നു. അത് മൂലം സ്ട്രെസ് ഉണ്ടാകുന്നു, ബ്ലഡ് ഷുഗറിന്റെ ലെവല്‍ കുറയുന്നു, സോഡിയം പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റിന്റെ അളവ് ശരീരത്തില്‍ ക്രമാതീതമായി കുറയുന്നു.ഉദാഹരണത്തിന് കിഡ്‌നിയ്ക്ക് അസുഖമുള്ള ഒരു വ്യക്തിയാണെങ്കില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും സോഡിയവും അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അവരുടെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് കൂടുകയും അത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇനി നോര്‍മലായുള്ള ഒരാള്‍ ഭക്ഷണം കഴിക്കാതെ ഒഴിവാക്കുകയാണെങ്കില്‍ ഇലക്ട്രോലൈറ്റ്, ഷുഗര്‍, എനര്‍ജി ലെവല്‍ ഇവയൊക്കെ കുറഞ്ഞ് പോകുകയും വളരെ മോശമായ ആരോഗ്യ സ്ഥിതിയിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.

വണ്ണം കുറയ്ക്കാന്‍ എന്ത് ഡയറ്റ് ഉപയോഗിക്കും

വണ്ണം കുറയ്ക്കുന്നതിന് എന്ത് തരത്തിലുള്ള ഡയറ്റാണ് ഉപയോഗിക്കേണ്ടതെന്ന് ചോദിച്ചാല്‍ അവിടെയും നമ്മള്‍ ശ്രദ്ധിക്കേണ്ടത് വ്യക്തിയുടെ പൊക്കവും ഭാരവും നോക്കി, ജോലിയുടെ സ്വഭാവം നോക്കി, ആണോ പെണ്ണോ എന്ന് കണക്കാക്കി, ഇപ്പോഴത്തെ അവരുടെ ബോഡിമാസ് ഇന്‍ഡക്‌സ്(ബിഎംഐ) ഒക്കെ എത്രയാണെന്ന് മനസിലാക്കി, രോഗങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞ് അതിനൊക്കെശേഷം വേണം ഡയറ്റ് തീരുമാനിക്കാന്‍.

കീറ്റോഡയറ്റ് ചെയ്താല്‍ ദോഷമാണോ?

വെയിറ്റ് കുറയ്ക്കാനായി കീറ്റോ ഡയറ്റ് ശീലമാക്കൂ എന്ന് പലയിടങ്ങളിലും പരസ്യങ്ങള്‍ കാണാറുണ്ട്. അത് പ്രധാനമായും ഉപയോഗിക്കുന്നത് അസുഖങ്ങള്‍ക്കായുള്ള തെറാപ്യൂട്ടിക് ഡയറ്റായിട്ടാണ്. എന്നാല്‍ പലരും ശരീര ഭാരം കുറയ്ക്കാനുള്ള രീതിയില്‍ അതിനെ മോഡിഫൈ ചെയ്ത് പ്രോട്ടീന്‍ മാത്രമുളള ഡയറ്റായിട്ട് ഉപയോഗിക്കാറുണ്ട്. കാര്‍ബോ ഹൈഡ്രേറ്റും മറ്റും ഇല്ലാതെ. എന്നാല്‍ നമ്മുടെ ശരീരത്തിന് മാക്രോ മൈക്രോ ന്യൂട്രിയന്‍സ് എപ്പോഴും ആവശ്യമാണ്. ഷുഗറും മറ്റും ശരീരത്തില്‍ കുറഞ്ഞുപോകാത്ത ആ ഗ്രാഫ് സ്റ്റെഡിയായി നില്‍ക്കുന്ന രീതിയില്‍ വേണം ഡയറ്റ് പ്ലാന്‍ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ഹൈപ്പോ ഗ്ലെസീമിയ വന്ന് ഷുഗറിന്റെ ലവല്‍ നന്നായി കുറഞ്ഞ് കോമയിലേക്ക് വരെ പോകാനുള്ള ചാന്‍സ് ഉണ്ട്. ഇതെല്ലാം പരിചയ സമ്പന്നരായ ആളുകളുടെ സഹായത്തോടെ വേണം ചെയ്യാന്‍. ഓരോ വ്യക്തികള്‍ക്കും ഓരോ തരത്തിലാണ് ഭക്ഷണ ക്രമീകരണം നടത്തേണ്ടതും.

രോഗങ്ങളുളളവര്‍ ശരീരഭാരം നിയന്ത്രിക്കുമ്പോള്‍

പല തരത്തിലുള്ള രോഗങ്ങളുള്ളവര്‍ അവരുടെ ഇഷ്ടപ്രകാരം യൂട്യൂബും മറ്റും ആശ്രയിച്ച് സ്വയം ഭക്ഷണ ക്രമീകരണം നടത്തുന്നതായി കണ്ടുവരാറുണ്ട്. ഷുഗര്‍ ,കിഡ്ണി സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവയൊക്കെ ഉള്ളവര്‍ ഒരിക്കലും സ്വയം ഭക്ഷണ ക്രമീകരണം നടത്താന്‍ പാടുളളതല്ല. അത് നമ്മുടെ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് അസുഖമുള്ള ആളുകള്‍ എന്ത് മരുന്നാണോ കഴിക്കുന്നത് അതെല്ലാം മുന്‍നിര്‍ത്തി വേണം അയാള്‍ക്ക് വേണ്ടി ഡയറ്റ് പ്ലാന്‍ ചെയ്യാന്‍. അല്ലാത്ത പക്ഷം ഹൈപ്പര്‍ ഗ്ലെസീമിയയിലേക്ക് പോകാനും മറ്റ് അവയവങ്ങളെ ബാധിക്കാനും കാരണമാകും.

ഡയറ്റിന്റെ ഭാഗമായി ഉപയോഗിക്കുന്ന പാനീയങ്ങള്‍

ജിഞ്ചര്‍, ലൈം, കുക്കുംബര്‍, ഹണി ഇതൊക്കെ ചേര്‍ന്നിട്ടുള്ള പാനീയങ്ങള്‍ ശരീരത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. ഇതിലെല്ലാം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, അമിനോ ആസിഡ്, ഫിനോളിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. എഴുന്നേറ്റ ഉടന്‍ 600 ml വെളളം കുടിക്കുന്നത് നല്ലതാണ്, പിന്നെ നമ്മുടെ ശരീരത്തിന്റെ തൂക്കത്തിനനുസൃതമായും എന്ത് ജോലി ചെയ്യുന്നു എന്നതുമൊക്കെ അനുസരിച്ചാണ് വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. എന്നാലും ഒരാള്‍ ഒരു ദിവസം രണ്ട് മുതല്‍ മൂന്നര ലിറ്റര്‍ വെള്ളംവരെ കുടിക്കേണ്ടതുണ്ട്. ഇനി വെള്ളം വേണ്ട അളവില്‍ കൂടുതല്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ അളവ്, സോഡിയം പൊട്ടാസ്യം പോലുളളവ ശരീരത്തില്‍നിന്ന് നഷ്ടമാകാനും കാരണമാകുന്നു.

ചിയാ സീഡ് ഉപയോഗിക്കുന്നത് പ്രയോജനകരമാണോ?

ചിയാ സീഡില്‍ ഒമേഗ ത്രീ ഫാറ്റിആസിഡ്, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തെയും, തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഒക്കെ ഇത് സഹായിക്കുകയും ചെയ്യും. എന്നിരുന്നാല്‍ പോലും എല്ലാ ദിവസവും ചിയാസീഡും ഓട്ട്‌സും മാത്രം പ്രഭാതഭക്ഷണമായി ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് അല്ല. ചിയാസീഡ്‌സ് രണ്ട് ടീസ്പൂണ്‍ വരെയൊക്കെ ഒരു ദിവസം ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ അതില്‍ ഹൈ ഫൈബര്‍ ഉള്ളതുകൊണ്ട് ദഹിക്കാന്‍ സമയമെടുക്കും. അതുകൊണ്ട് വയറ് നിറഞ്ഞിരിക്കുന്ന ഫീല്‍ ഉണ്ടാവുകയും അതുകൊണ്ട് തന്നെ അമിത ഭക്ഷണം കഴിക്കാന്‍ സാധിക്കുകയുമില്ല. ചിയാ സീഡ്‌സില്‍ കാര്‍ബോ ഹൈഡ്രേറ്റ് വളരെ കുറവാണ്. വയറ് നിറഞ്ഞതായി തോന്നും എന്നതിനപ്പുറം ഒന്നും നമുക്ക് കിട്ടുന്നില്ല.

Content Highlights : Unhealthy diets lead us to major health problems, Report prepared based on information provided by Surya Prasannan, a dietitian at Ernakulam General Hospital

dot image
To advertise here,contact us
dot image