ആശ്വാസം... പ്രമേഹത്തിനുള്ള മരുന്ന് വിലയില്‍ വന്‍കുറവ്; അറുപത് രൂപയുടെ മരുന്ന് ഇനി ആറ് രൂപയ്ക്ക്

നേരത്തെ അറുപത് രൂപയായിരുന്ന എംപാഗ്ലിഫ്ലോസിൻ ഇനി ഒരു ടാബ്‌ലെറ്റിന് വെറും 6 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ട്.

dot image

പ്രമേഹ രോഗികള്‍ക്ക് സന്തോഷ വാര്‍ത്ത. പ്രമേഹ ചികിത്സയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മരുന്ന് വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസില്‍ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്. ടൈപ്പ് 2 പ്രമേഹമത്തിനുള്ള മരുന്നാണിത്. എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാര്‍ച്ച് 11ന് അവസാനിച്ചിരുന്നു. ഇതോടെ മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തി തുടങ്ങി. ഇന്ത്യന്‍ ഔഷധ വിപണിയിലെ വമ്പന്മാരായ മാന്‍കൈമന്‍ഡ് ഫാര്‍മ, ലൂപിന്‍, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്. നേരത്തെ ഒരു ടാബ്‌ലെറ്റിന് 60 രൂപ വിലയുണ്ടായിരുന്ന എംപാഗ്ലിഫ്ലോസിൻ ഒരു ടാബ്‌ലെറ്റിന് വെറും 6 രൂപയായിരിക്കും.

പേറ്റന്റ് അവസാനിച്ചതോടെ ഇത് ആറുരൂപയില്‍ താഴെ ലഭിക്കാനുള്ള വഴിയാണ് തുറന്നുകിട്ടിയത്. ഇതിന്റെ 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില. മുമ്പ് മരുന്നിന് നല്‍കേണ്ടി വന്നിരുന്ന തുകയുടെ പത്തിലൊന്നായി വിലകുറയും. ഇത് ദശലക്ഷക്കണക്കിന് പ്രമേഹരോഗികൾക്ക് കൂടുതൽ ലഭ്യമാക്കുകയും ഈ രോഗത്തിനായി ചിലവഴിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യുന്നു.

10 മില്ലി ​ഗ്രാം വേരിയൻ്റിന് 5.49 രൂപയ്ക്കും 25 മില്ലി​ഗ്രാം വേരിയൻ്റിന് 9.90 രൂപയ്ക്കും എംപാ​ഗ്ലിഫ്ലോസിൻ അവതരിപ്പിക്കുന്നതിലൂടെ ഇനി മുതൽ കുറഞ്ഞ വിലയ്ക്ക് മരുന്ന് കിട്ടാൻ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നുവെന്നാണ് മാൻകൈൻഡ് ഫാർമയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ജുനേജ പറഞ്ഞത്.

വൃക്കയില്‍ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ പുനരാ​ഗിരണം നിയന്ത്രിക്കുന്ന മരുന്നാണ് എംപാഗ്ലിഫോസിന്‍. സോഡിയം- ഗ്ലൂക്കോസ്- കോ-ട്രാന്‍സ്‌പോര്‍ട്ടര്‍-2 ഇന്‍ഹിബിറ്റര്‍ ( എസ്.ജി.എല്‍.ടി-2) വിഭാഗത്തില്‍ വരുന്ന മരുന്നാണ് എംപാഗ്ലിഫോസിന്‍. പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരുന്നത് മരുന്ന് തടയുന്നു. മൂത്രത്തിലൂടെ അധികമായി വരുന്ന ഗ്ലൂക്കോസ് പുറന്തള്ളാന്‍ ഇത് സഹായിക്കുകയും ചെയ്യും. പ്രമേഹരോ​ഗികളിൽ ഹൃദയാഘാതം, വൃക്ക തകരാർ തുടങ്ങിയ സങ്കീർണ്ണതകള്‍ ഉണ്ടാകുന്നത് പ്രതിരോധിക്കാനും എംപാ​ഗ്ലിഫോസിൽ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വിലകുറഞ്ഞ മികച്ച മരുന്ന് വിപണിയില്‍ ലഭ്യമാകുന്നതോടെ ചികിത്സാ ചെലവില്‍ വലിയ ആശ്വാസമാണ് ഇതുവഴിയുണ്ടാകുന്നത്.

ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. പരിമിതമായ മെഡിക്കൽ റീഇംബേഴ്സ്മെന്റ് ഓപ്ഷനുകൾ കാരണം മിക്ക രോഗികളും സ്വന്തം പോക്കറ്റിൽ നിന്നാണ് പ്രമേഹത്തിനുള്ള ചികിത്സാ ചെലവുകൾ വഹിക്കുന്നത്. അതുകൊണ്ട് തന്നെ മരുന്നുകളുടെ വില കുറയുന്നത് നിരവധി പേർക്കാകും ആശ്വാസമാകുക.

Content Highlights: Popular anti-diabetes drug now sold at one-tenth of its cost

dot image
To advertise here,contact us
dot image