
കൊതുക് കൂടുതലുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന പേടിസ്വപ്നമായിരിക്കും ചിക്കുൻഗുനിയ. ഈ അസുഖം വന്നാൽ ദേഹമാകെ തടിച്ചുവീർക്കുകയും ചുവന്ന നിറത്തിലുള്ള പാടുകൾ ഉണ്ടാകുകയും ചെയ്യും. ചിക്കുൻഗുനിയയെ പ്രതിരോധിക്കാൻ ഇപ്പോഴും കൃത്യമായ മാർഗങ്ങൾ ഒന്നുമില്ല. എന്നാൽ അടുത്തിടെ നടന്ന ഒരു പഠനം ഇവയെ പ്രതിരോധിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം പകരുന്നതാണ്.
ഐഐടി റൂർകീയിലെ ഗവേഷകരാണ് ചിക്കുൻഗുനിയയെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. എച്ച്ഐവി ട്രീറ്റ്മെന്റിന് ഉപയോഗിക്കുന്ന എഫാവിറൻസ് എന്ന മരുന്നാണ് ചിക്കുൻഗുനിയയ്ക്കും ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോട് കൂടിയാണ് ഐഐടി റൂർകീ ഈ പഠനം നടത്തിയിട്ടുള്ളത്. ലാബിൽ വളർത്തിയ കോശങ്ങളില്‍ വൈറസിന്റെ അളവ് കുറയ്ക്കാൻ എഫാവിറൻസിന് കഴിഞ്ഞുവെന്ന് പഠനം കണ്ടെത്തി.
പഠനത്തിനിടെ ചിക്കുൻഗുനിയയുമായി ബന്ധപ്പെട്ടുള്ള സിൻഡ്ബിസ് വൈറസിന്റെ ഇരട്ടിപ്പിനെ തടയാനും എഫാവിറൻസിന് കഴിയുമെന്ന് മനസിലാക്കിയിരുന്നു. നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ പ്രകാരം, ചിക്കുൻഗുനിയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന അസുഖങ്ങളിൽ ഒന്നാണ്. ഇതുവരെ കൃത്യമായ ആന്റിവൈറൽ ട്രീറ്റ്മെന്റുകൾ ഈ അസുഖത്തിനില്ല.
നിലവിൽ എച്ച്ഐവി ട്രീറ്റ്മെന്റുകൾക്ക് ഉപയോഗിക്കുന്നതിനാൽ ഈ മരുന്ന് ലഭിക്കാനും പ്രയാസമില്ല. ചിക്കുൻഗുനിയ ബാധിച്ചാല്‍ ആദ്യ ഘട്ടം മുതൽ മരുന്ന് പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഡോ. സാങ്കേത് നെഹുൽ പറയുന്നത്. എന്നാൽ ഈ പഠനത്തെ സാധൂകരിക്കത്തക്ക വിധത്തിൽ ക്ലിനിക്കൽ ട്രയലുകൾ പൂര്‍ത്തിയായിട്ടില്ല. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരുന്ന് എത്രത്തോളം കൃത്യമായി പ്രതികരിക്കുന്നു എന്ന് പറയാനാകൂ.
Content Highlights: Drug to chikungunya found