
പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയെന്ന നിലയില്‍ ദിവസേന നിരവധി ടിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്നത്. ഇവയില്‍ ഭൂരിഭാഗവും വ്യാജ അവകാശവാദങ്ങളുമായിരിക്കും. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒന്നാണ്, മഞ്ഞളും ഉള്ളിയും പഴവും ചേര്‍ന്ന മിശ്രിതം സന്ധിവാതം അല്ലെങ്കില്‍ ആര്‍ത്രൈറ്റിസ് ഇല്ലാതാക്കുമെന്ന അവകാശവാദം.
ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മഞ്ഞളും പഴവും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ഉപയോഗിച്ചാല്‍ സന്ധിവേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ മാറുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
സന്ധികളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആര്‍ത്രൈറ്റിസ്. സന്ധികളില്‍ കഠിനമായ വേദന, കാഠിന്യം തുടങ്ങിയവയ്ക്ക് ഇത് കാരണമാകുന്നു. പല തരത്തിലുള്ള ആര്‍ത്രൈറ്റിസുണ്ട്. രോഗലക്ഷങ്ങള്‍ നിയന്ത്രിക്കുകയാണ് ഇതിനുള്ള ചികിത്സയില്‍ ചെയ്യുന്നത്. ചികിത്സകളിലെ പുരോഗതി വ്യക്തമാകാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇങ്ങനെയുള്ളപ്പോഴാണ് മൂന്ന് ദിവസത്തില്‍ ആര്‍ത്രൈറ്റിസ് മാറുമെന്ന അവകാശവാദവുമായി സോഷ്യല്‍മീഡിയയില്‍ വ്യാജമരുന്ന് പ്രചാരം നേടുന്നത്.
മഞ്ഞള്‍, സവാള, പഴം എന്നിവയ്ക്ക് സന്ധിവേദന അല്ലെങ്കില്‍ ആര്‍ത്രൈറ്റിസ് ഇല്ലാതാക്കാന്‍ സാധിക്കുന്ന യാതൊരു കഴിവുമില്ലെന്നാണ് മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍ അല്‍മാസ് ഫാത്മ പറയുന്നത്. ഈ ഭക്ഷണങ്ങള്‍ക്ക് ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും, ജോയിന്റ് ടിഷ്യു പുനരുജ്ജീവിപ്പിക്കാനോ, വീക്കം തല്‍ക്ഷണം ഇല്ലാതാക്കാനോ, രോഗശമനം നല്‍കാനോ അവയ്ക്ക് കഴിവില്ല. ശരിയായ വൈദ്യചികിത്സയിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയുമേ ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ. ഭക്ഷണക്രമം കൊണ്ട് മാത്രം ആര്‍ത്രൈറ്റിസ് സുഖപ്പെടുത്താന്‍ സാധിക്കില്ലെന്നും ഡോ.അല്‍മാസ് ഫാത്മ പ്രതികരിച്ചു. തെളിയിക്കപ്പെടാത്ത ഇത്തരം വാദങ്ങളെ ആശ്രയിക്കുന്നതിന് പകരം ആരോഗ്യവിദഗ്ധന്റെ സഹായം തേടുകയാണ് വേണ്ടതെന്നും അവര്‍ നിര്‍ദേശിച്ചു.
Content Highlights: Fact Check, Does Eating Turmeric, Onion, And Banana Cure Arthritis In 3 Days?