
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇടയ്ക്കിടയ്ക്ക് വയര്‍ വീര്‍ക്കുകയോ പെട്ടന്നുണ്ടാകുന്ന വയറുവേദനയോ പെട്ടെന്ന് വയറിളക്കമോ മലബന്ധമോ അനുഭവപ്പെടാറുണ്ടോ? ഇങ്ങനെ ഉണ്ടാകുമ്പോള്‍ പലരും അത് സമ്മര്‍ദ്ദം കൊണ്ടോ അല്ലെങ്കില്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നംകൊണ്ടോ ആണെന്ന് കരുതി തള്ളിക്കളഞ്ഞിരിക്കാം.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(IBS) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന, ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട കുടല്‍ രോഗങ്ങളില്‍ ഒന്നാണ്. ഇത് ശാശ്വതമായ ദോഷം വരുത്തുന്ന രോഗമല്ല. പക്ഷേ ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. ഈ കുടല്‍ രോഗത്തെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകള്‍ ഉണ്ട്താനും.മുംബൈ സെന്‍ട്രല്‍ വോക്കാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ജിഐ, എച്ച്പിബി സര്‍ജന്‍, ജിഐ ഓങ്കോസര്‍ജന്‍ ആയ ഡോ. ഇമ്രാന്‍ ഷെയ്ഖ്, ഐബിഎസിന്റെ സങ്കീര്‍ണ്ണതകളെയും അതിനെ ചുറ്റിപ്പറ്റിയുള്ള പൊതുവായ തെറ്റിദ്ധാരണകളെയും കുറിച്ച് ടൈംസ് നൗ വിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐ.ബി.എസ്)നെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ തെറ്റിദ്ധാരണകളില്‍ ഒന്ന്, ഇത് പൂര്‍ണ്ണമായും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. സമ്മര്‍ദ്ദം തീര്‍ച്ചയായും രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുകയോ രോഗങ്ങളെ വഷളാക്കുകയോ ചെയ്യാം. പക്ഷേ അത് മാത്രമല്ല കാരണം. കുടലിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു, അതുകൊണ്ടാണ് വൈകാരിക സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. പക്ഷേ സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കുന്ന ആളുകളിലും ഐ.ബി.എസിന്റെ നിരവധി കേസുകള്‍ കാണാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഭക്ഷണവുമായി ബന്ധപ്പെട്ടാണോ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഐ.ബി.എസ് രോഗത്തിലേക്ക് നയിക്കുന്നതെന്ന് പലരും തെറ്റായി വിശ്വസിക്കുന്നു. ചില ഭക്ഷണങ്ങള്‍ രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുമെങ്കിലും, ഐബിഎസ് ഭക്ഷണ അലര്‍ജിയോ അസഹിഷ്ണുതയോ പോലെയല്ല. ''പാല്‍, ഗ്ലൂട്ടന്‍, എരിവുള്ള ഭക്ഷണങ്ങള്‍, കൃത്രിമ മധുരപലഹാരങ്ങള്‍ എന്നിവ ലക്ഷണങ്ങളെ വഷളാക്കും. എന്നാല്‍ പ്രശ്‌നം ഭക്ഷണമല്ല. കുടല്‍ ഈ ഭക്ഷണങ്ങളെ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിലാണ്. മുകളില്‍ പറഞ്ഞതുപോലുള്ള ട്രിഗര്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.
ശരിയായ സമീപനത്തിലൂടെ ഐബിഎസിനെ ഫലപ്രദമായി കൈകാര്യം ചെയ്യാം.
മരുന്നുകള്‍- ലക്ഷണങ്ങളെ ആശ്രയിച്ച്, ഡോക്ടര്‍മാര്‍ ആന്റിസ്പാസ്‌മോഡിക്‌സ്, ലാക്സേറ്റീവുകള്‍, അല്ലെങ്കില്‍ കുടല്‍ ചലനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍ എന്നിവ നിര്‍ദ്ദേശിക്കും.
സമ്മര്‍ദ്ദ നിയന്ത്രണം- സമ്മര്‍ദ്ദം ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കുന്നതിനാല്‍, കോഗ്‌നിറ്റീവ്-ബിഹേവിയറല്‍ തെറാപ്പി, ധ്യാനം, മൈന്‍ഡ്ഫുള്‍നെസ് തുടങ്ങിയ വിദ്യകള്‍ ഗുണം ചെയ്യും
വ്യായാമം- ശാരീരിക പ്രവര്‍ത്തനങ്ങള്‍ ദഹനത്തെ സഹായിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
വൈദ്യസഹായം- ലക്ഷണങ്ങള്‍ തുടരുകയോ വഷളാവുകയോ ചെയ്താല്‍, ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. പ്രത്യേകിച്ച് ശരീരഭാരം കുറയുകയോ, മലത്തില്‍ രക്തം കലരുകയോ, കഠിനമായ വേദനയോ ഉണ്ടെങ്കില്‍.
Content Highlights :Irritable bowel syndrome is one of the most misunderstood intestinal diseases that affects millions of people worldwide