
കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ എപ്പോഴും ജാഗ്രത പാലിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോഴൊക്കെ നമ്മുടെ ശ്രദ്ധ എല്ലായിടത്തും എത്തിയെന്ന് വരില്ല. ഈ ഫോണ്‍ ഉപയോഗം ആദ്യമൊക്കെ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തിലൊരു വലിയ അപകടത്തെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
കഴിഞ്ഞ ദിവസം മിസോറിയിലെ ഫെസ്റ്റസിലെ താമസക്കാരായ ജോഷ് -അമാന്‍ഡ ദമ്പതികളുടെ മകളായ സ്‌കാര്‍ലെറ്റ് സെല്‍ബി കളിപ്പാട്ടം പൊട്ടിത്തെറിച്ച് പൊള്ളലേല്‍ക്കുകയും കോമ അവസ്ഥിയിലെത്തുകയും ചെയ്തിരുന്നു. സ്മാര്‍ട്ട് ഫോണില്‍ കണ്ട ഒരു ടിക് ടോക് വീഡിയോ അനുകരിക്കുന്നതിനിടയിലാണ് അപകടം നടന്നത്. നിഡോ സ്‌ക്വിഷി ക്യൂബ് ഫ്രീസ് ചെയ്ത് പിന്നീട് മൈക്രോവേവ് അവ്നില്‍ വയ്ക്കുകയും പിന്നീട് കുട്ടി അത് പുറത്തെടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് സ്‌കാര്‍ലെറ്റിന്റെ പിതാവ് ജോഷി പറയുന്നത് ഇങ്ങനെയാണ്.
മകള്‍ ഒരു വീഡിയോയില്‍ കണ്ടത് പ്രകാരം ഒരു സ്‌ക്വിഷി ക്യൂബ് തലേദിവസം ഫ്രീസറില്‍ തണുപ്പിക്കാന്‍ വച്ചു. അതിന് ശേഷം പിറ്റേന്ന് അവളത് പുറത്തെടുത്ത് ക്യൂബ് കട്ടിയായിട്ടുണ്ടെന്നും അവളതില്‍ കളിക്കുകയാണെന്നും പറഞ്ഞു. പിന്നീട് അവളത് കൊണ്ടുപോയി മൈക്രാവേവ് അവനില്‍ വച്ചു. ഞാന്‍ അവളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവളത് പുറത്തെടുക്കുകയും ചൂടായോ എന്നറിയാന്‍ അതില്‍ തൊട്ടുനോക്കുകയും ചെയ്തു .
പെട്ടെന്നുതന്നെ കളിപ്പാട്ടം പൊട്ടിത്തെറിച്ച് കുട്ടിയിടെ വായിലും നെഞ്ചിലും വഴുവഴുപ്പുള്ള എന്തോ തെറിച്ച് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. വായിലെ പൊളളല്‍ ഗുരതരമായതുകൊണ്ടുതന്നെ ശ്വാസനാളത്തിനും തകരാറുണ്ടായി. നീര്‍വീക്കമുണ്ടായാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് കണ്ട് ഡോക്ടര്‍മാര്‍ മൂന്ന് ദിവസത്തേക്ക് കുട്ടിയെ കോമയില്‍ കിടത്തുകയായിരുന്നു. ചുണ്ടുകള്‍ക്കും പൊള്ളലേറ്റതുകൊണ്ട് ഭക്ഷണം ട്യൂബിലൂടെയാണ് കൊടുക്കുന്നതെന്നും മുറിവുകള്‍ അല്‍പം വഷളായതുകൊണ്ട് മുറിവുണങ്ങാന്‍ താമസമുണ്ടെന്നും മകള്‍ സാധാരണ അവസ്ഥയിലേക്കെത്താന്‍ കാത്തിരിക്കുകയാണെന്നും ജോഷ് പറഞ്ഞു.
Content Highlights :TikTok challenge: 7-year-old girl burns herself and goes into coma after toy explodes