
ഡല്‍ഹി എന്‍സി ആറിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. പശുവിന്റെ പാലില്‍ നിന്ന് റാബിസ് ബാധിച്ച യുവതിയാണ് മരണത്തിന് കീഴടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ഇങ്ങനെയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പശുവിനെ തെരുവ് നായ കടിച്ചിരുന്നു. ഈ പശുവിന്റെ പാല് കുടിച്ചതിനെ തുടര്‍ന്ന് യുവതി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. തിളപ്പിക്കാത്ത പാലാണ് യുവതി കുടിച്ചതെന്നാണ് പറയപ്പെടുന്നത്.
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഒന്നിലധികം ആശുപത്രികളില്‍ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി. കര്‍ഷകരായ യുവതിയുടെ കുടുംബം ഗ്രാമത്തില്‍ പശുവിന്‍പാല്‍ വിറ്റിരുന്നു. പശുവിനെ തെരുവ്‌നായ കടിച്ചതിനെത്തുടര്‍ന്ന് പേ വിഷബാധയേറ്റകാര്യം അറിയാതെയാണ് യുവതി പാല്‍ കുടിക്കുന്നത്. പശു രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കുടുംബം വാക്‌സിനേഷന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി എടുത്തിരുന്നില്ല. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പശു ഒരു കിടാവിനെ പ്രസവിച്ചിരുന്നുവെന്നും അതിന്റെ പാല് കുടുംബവും മറ്റ് ഗ്രാമവാസികളും പതിവായി കുടിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
അണുബാധ തിരിച്ചറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ ചില ആളുകള്‍ പോസ്റ്റ്-എക്‌സ്‌പോഷര്‍ റാബിസ് വാക്‌സിനേഷന്‍ എടുത്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റാബീസുമായി ബന്ധപ്പെട്ട വെള്ളത്തോടുളള ഭയം ഉള്‍പ്പടെ ഗുരുതരമായ ലക്ഷണങ്ങള്‍ യുവതി പ്രകടിപ്പിച്ചിരുന്നു. യുവതിയുടെ മരണത്തോടെ പരിഭ്രാന്തിയിലായ ഗ്രാമവാസികളോട് വൈദ്യ സഹായം തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന മാരകമായ വൈറല്‍ അണുബാധയായ റാബിസ് സാധാരണയായി രോഗബാധിതനായ മൃഗത്തിന്റെ കടിയിലൂടെയാണ് പകരുന്നത്.രോഗബാധയേറ്റാല്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. ഒരിക്കല്‍ വന്നാല്‍ രോഗം മാരകമാണ്. തുടക്കത്തില്‍ റാബിസിന്റെ ലക്ഷണങ്ങള്‍ നേരിയത് ആയിരിക്കും. പനിപോലെയും തോന്നാം. രോഗബാധിതനായ വ്യക്തി പനി, തലവേദന തുടങ്ങിയ അസ്വസ്ഥതകള്‍ കാണിക്കും.
ചിലര്‍ക്ക് കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, ഇക്കിളി പോലെ തോന്നുക, പുകച്ചില്‍ എന്നിവ അനുഭവപ്പെടാം. വൈറസ് തലച്ചോറിലേക്ക് പകരുമ്പോള്‍ നാഡീ സംബന്ധമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഉത്കണ്ഠ, ആശയക്കുഴപ്പം, ആക്രമണാത്മകത, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഉള്‍പ്പെടുന്നു. അറിയപ്പെടുന്ന പ്രധാന ലക്ഷണങ്ങളിലൊന്ന് ഹൈഡ്രോഫോബിയയാണ്, ചില ആളുകള്‍ക്ക് പക്ഷാഘാതം ഉണ്ടാകാറുണ്ട്. അവസാന ഘട്ടത്തില്‍ അണുബാധ കോമ, ശ്വാസംമുട്ടല്‍, ഒടുവില്‍ മരണം എന്നിവയിലേക്ക് നയിക്കുന്നു. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ചികിത്സയില്ല. അതുകൊണ്ട് കടിയേറ്റാല്‍ ഉടന്‍തന്നെ വാക്‌സിനേഷന്‍ എടുക്കേണ്ടതാണ്.
Content Highlights :Woman dies after drinking milk from rabid cow