രോഗം തിരിച്ചറിയാതെ ആശുപത്രിയില്‍ കയറിയിറങ്ങിയത് വര്‍ഷങ്ങള്‍; പന്നിയിറച്ചി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളം ആശുപത്രിയില്‍ കയറിയിറങ്ങിയ വയോധികന്റെ ആരോഗ്യ പ്രശ്‌നം തിരിച്ചറിഞ്ഞപ്പോഴേക്കും അണുബാധ ഇംപ്ലാന്റ് ചെയ്ത ഡിഫിബ്രില്ലേറ്ററിലേക്ക് വരെ എത്തിയിരുന്നു

dot image

ജീവന്‍ നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണം ജീവനെടുക്കുന്ന രോഗാവസ്ഥയിലേക്ക് നയിച്ച കഥയാണ് ഫ്‌ളോറിഡയിലെ 70കാരന് പറയാനുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളം ആശുപത്രിയില്‍ കയറിയിറങ്ങിയ വയോധികന്റെ ആരോഗ്യ പ്രശ്‌നം തിരിച്ചറിഞ്ഞപ്പോഴേക്കും അണുബാധ ഇംപ്ലാന്റ് ചെയ്ത ഡിഫിബ്രില്ലേറ്ററിലേക്ക് വരെ എത്തിയിരുന്നു. എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലാണ് ഗുണനിലവാരമില്ലാത്ത ഇറച്ചി ഭക്ഷിച്ചതിനെ തുടര്‍ന്ന് ബ്രൂസെല്ലോസിസ് ബാധിച്ച ഫ്ളോറിഡ സ്വദേശിയുടെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇടയ്ക്കിടെ വരുന്ന പനിയും ശരീരം വേദനയും വിട്ടുമാറാതെ വന്നപ്പോഴാണ് ഏറ്റവുമൊടുവില്‍ ഇയാള്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. നെഞ്ചിന്റെ ഭാഗത്തെ ചര്‍മത്തിന് കട്ടിയേറിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മൃഗങ്ങളില്‍ നിന്ന് പകരുന്ന ബ്രൂസെല്ലോസിസ് ആണെന്ന് സ്ഥിരീകരിക്കുന്നത്. അതിന് കാരണമായത് 2017ല്‍ കഴിച്ച പന്നിയിറച്ചിയും.

ഒരു പ്രാദേശിക വേട്ടക്കാരനില്‍ നിന്ന് സമ്മാനമായിട്ടാണ് പന്നിയിറച്ചി ഇയാള്‍ക്ക് ലഭിക്കുന്നത്. അത് പാകം ചെയ്ത് കഴിച്ചതില്‍ പിന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. തുടര്‍ച്ചയായി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ബാക്ടിരീയ ബാധ തുടക്കത്തില്‍ കണ്ടെത്താനായില്ല. പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോഴേക്കും അണുബാധ ഇംപ്ലാന്റ് ചെയ്ത ഡിഫിബ്രില്ലേറ്ററിലേക്ക് വരെ എത്തിയിരുന്നു.

ഡിഫിബ്രില്ലേറ്ററില്‍ അണുബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കുകള്‍ ഇവയിലേക്കെത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ശരിയായ ചികിത്സയ്ക്കായി ഇംപ്ലാന്റ് പുറത്തെടുക്കേണ്ടി വരുമെന്നുള്ളതാണ് വെല്ലുവിളി. എഴുപതുകാരന്റെ ഇംപ്ലാന്റ് പൂര്‍ണമായും മാറ്റിവയ്‌ക്കേണ്ടതായി വന്നു. ചികിത്സയ്ക്കൊടുവിലായി ഇയാള്‍ സുഖം പ്രാപിച്ചുവരികയാണ്.

രോഗപ്രതിരോധ കോശങ്ങളില്‍ വര്‍ഷങ്ങളോളം മറഞ്ഞിരിക്കാനുള്ള കഴിവ് കാരണം ബാക്ടീരിയ ബാധിച്ചത് കണ്ടെത്തി ചികിത്സിക്കാന്‍ സമയമെടുക്കും. ഇടയ്ക്കിടെ വരുന്ന പനി മാത്രമാണ് ലക്ഷണം. രക്തപരിശോധനയിലും ഇത് ബാക്ടീരിയ ബാധ കണ്ടെത്തണമെന്നില്ല.

പന്നി, ആട്, ചെമ്മരിയാട്, നായ എന്നിവയെ ബാധിക്കുന്ന ബ്രൂസെല്ല ഇനങ്ങളാല്‍ ഉണ്ടാകുന്ന ബാക്ടീരിയ രോഗമാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ മലിനമായ മൃഗ ഉല്പന്നങ്ങള്‍ ഭക്ഷിക്കുന്നത് വഴിയോ മനുഷ്യര്‍ക്ക് രോഗം പിടിപെടാം.

Content Highlights: Man battles life-threatening bacterial infection years after eating THIS meat

dot image
To advertise here,contact us
dot image