
ചൈനയില്‍ പന്നിയുടെ കരള്‍ മനുഷ്യശരീരത്തിലേക്ക് മാറ്റിവെച്ച ശസ്ത്രക്രിയ വിജയം. ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരളാണ് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്ക് മാറ്റിവെച്ചത്. 2024 മാര്‍ച്ച് 10-ന് ചൈനയിലെ സിയാനിലുളള ഫോര്‍ത്ത് മിലിട്ടറി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച 'ജീന്‍ മോഡിഫൈഡ് പിഗ് ടു ഹ്യുമണ്‍ ലിവര്‍ എക്സെനോ ട്രാന്‍സ്പ്ലാന്റേഷന്‍' എന്ന പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 10 ദിവസത്തിനുശേഷം പന്നിയുടെ കരള്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. രോഗിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
പരീക്ഷണം വിജയിച്ചെങ്കിലും മനുഷ്യന്റെ കരള്‍ പോലെ പന്നിയുടെ കരള്‍ രോഗിയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവയവ ദാതാവിനെ കാത്തിരിക്കുന്ന രോഗിയുടെ ശരീരത്തില്‍ ഒരു 'ബ്രിഡ്ജ് ഒര്‍ഗന്‍' ആയി പ്രവര്‍ത്തിക്കാന്‍ പന്നിയുടെ കരളിന് കഴിയും. മനുഷ്യന്റെ കരളിനേക്കാള്‍ വളരെ ചെറിയ അളവിലാണെങ്കിലും പന്നിയുടെ കരള്‍ പിത്തരസവും (ബൈല്‍) പ്രോട്ടീന്‍ ആല്‍ബുമിനും ഉല്‍പ്പാദിപ്പിച്ചു. രക്തയോട്ടം, പിത്തരസ ഉല്‍പ്പാദനം, ഇമ്മ്യൂണ്‍ റെസ്പോണ്‍സ്, തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഡോക്ടര്‍മാര്‍ 10 ദിവസവും നിരീക്ഷിച്ചത്. 'ബ്രിഡ്ജ് ഗ്രാഫ്റ്റ് ഉപയോഗിക്കണോ അതോ സ്ഥിരമായ എക്സെനോട്രാന്‍സ്പ്ലാന്റ് ഉപയോഗിക്കണോ എന്ന് ഭാവിയിലെ പഠനങ്ങള്‍ കണ്ടെത്തണം. ഈ പരീക്ഷണത്തില്‍ പന്നിയുടെ കരള്‍ ബൈലും പ്രോട്ടീന്‍ ആല്‍ബുമിനും ഉല്‍പ്പാദിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് മനുഷ്യശരീരത്തെ ഒരുപാട് ദിവസങ്ങള്‍ യഥാര്‍ത്ഥ മനുഷ്യ കരള്‍ പോലെ സഹായിക്കണമെന്നില്ല'- പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയയിലും മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ പന്നിയുടെ കരള്‍ ചേര്‍ത്തിരുന്നു. എന്നാല്‍ അത് ശരീരത്തിന് പുറത്താണ് ഘടിപ്പിച്ചത്. നേരത്തെ യുഎസില്‍ പന്നിയുടെ ഹൃദയം സ്വീകരിച്ച രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ 2024 നവംബര്‍ 25-ന് പന്നിയുടെ വൃക്ക സ്വീകരിച്ച അലബാമ സ്വദേശിയായ ടൊവാന ലൂണി ഇപ്പോഴും ജീവനോടെയുണ്ട്. പന്നിയുടെ പല ഭാഗങ്ങളും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും കരള്‍ മാറ്റത്തില്‍ വിജയിച്ചിരുന്നില്ല.
Content Highlights: Chinese doctors transplant pig liver in human in a first