
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമും തന്റെ സ്വന്തം കമ്പനിയുമായ 'എക്‌സി'നെ, തന്റെത്തന്നെ മറ്റൊരു കമ്പനിയായ 'എക്സ് എഐ'ക്ക് വിറ്റ് ഇലോൺ മസ്ക്. 33 ബില്യൺ ഡോളറിനാണ് മസ്‌ക് 'എക്സ്' വിറ്റത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസ്കിന്റെത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് എക്സ് എഐ. ഈ നീക്കത്തോടെ എഐയെയും എക്സിന്റെ റീച്ചും സമന്വയിപ്പിച്ചുള്ള 'അതിശയകരമായ പല കാര്യങ്ങൾക്കും' വഴിതുറക്കാനാകുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്. രണ്ട് കൊല്ലം മുൻപാണ് മസ്‌ക് എക്സ് എഐ എന്ന കമ്പനി സ്ഥാപിച്ചത്. 600 മില്യൺ ഉപയോക്താക്കളാണ് എക്‌സിന് ലോകമെമ്പാടും ഉള്ളത്.
2022ല്‍ മസ്ക് ട്വിറ്റർ വാങ്ങിയ ശേഷം എക്സ് എന്ന് പേരുമാറ്റുകയായിരുന്നു. അടുത്ത വർഷം എക്സ് എഐ എന്ന കമ്പനിയും സ്ഥാപിച്ചു. ഈ വർഷം എക്സ് എഐ തങ്ങളുടെ ചാറ്റ്ബോട്ടായ ഗ്രോക് 3 പുറത്തിറക്കി. ചാറ്റ്ജിബിടി, ഡീപ്സീക്ക് എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തിയായിരുന്നു ഗ്രോക് 3 പുറത്തിറങ്ങിയത്.
അതേസമയം, ഗ്രോക്കിന്റെ മറ്റൊരു സവിശേഷത കൂടി അടുത്തിടെ മസ്‌ക് പരിചയപ്പെടുത്തി. ഗ്രോക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഇമേജുകളിൽ ആവശ്യമായ എഡിറ്റിങുകൾ നടത്താന്‍ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് കഴിയും. ഇതിന്റെ ചില ഉദാഹരണങ്ങൾ മസ്‌ക് എക്‌സിലൂടെ പരിചയപ്പെടുത്തിയിരുന്നു.
ചരിത്രപ്രസിദ്ധമായ സ്റ്റാലിന്റെയും നിക്കോളായ് യെഷോവിന്റെയും ചിത്രം ഗ്രോക്ക് ചാറ്റ്‌ബോട്ടിൽ അപ്‌ലോഡ് ചെയ്യുകയും ഇതിൽ നിന്ന് നിക്കോളായ് യെഷോവിനെ പ്രോംപ്റ്റ് നൽകി ഒഴിവാക്കിയതിന്റെയും സ്‌ക്രീൻ ഷോട്ട് മസ്‌ക് പങ്കുവെച്ചിരുന്നു.
ഫോട്ടോഷോപ്പിന് പകരമായി വേണമെങ്കിൽ ഗ്രോക്ക് മാറിയേക്കുമെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഇമേജുകൾ അപ്‌ലോഡ് ചെയ്ത് വെറും ടെക്സ്റ്റ് പ്രോംപ്റ്റ് മാത്രം നൽകി എഡിറ്റ് ചെയ്യുന്നതോടെ ഗ്രാഫിക്‌സ് ഡിസൈനർമാരുടെ ജോലി അവതാളത്തിലാകുമോയെന്നും നെറ്റിസൺമാർ ചോദിക്കുന്നു. അതേസമയം നിയന്ത്രണങ്ങളില്ലാതെയുള്ള ഗ്രോക്കിന്റെ ഇമേജ് എഡിറ്റിങ് വ്യാപകമായ ദുരുപയോഗത്തിന് കാരണമായേക്കാമെന്നും ആശങ്ക ഉയരുന്നുണ്ട്.
Content Highlights: X sold to Xai by musk