
10 മിനിറ്റിനുളളില്‍ ഭക്ഷണം കഴിച്ച് തീര്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കേട്ടോളൂ, വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതു മാത്രമല്ല പ്രശ്‌നം, വയര്‍ നിറഞ്ഞുവെന്ന് തലച്ചോറ് നിങ്ങള്‍ക്ക് സിഗ്നല്‍ തരുന്നതിനു മുന്നേ തന്നെ നിങ്ങള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചിരിക്കും. മാത്രമല്ല, നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി തന്നവരോടും, കൂടെ പതുക്കെ ഭക്ഷണം കഴിക്കുന്നവരുണ്ടെങ്കില്‍ അവരോടും ചെയ്യുന്ന മോശം പ്രവൃത്തിയായും ഇതിനെ വ്യാഖ്യാനിച്ചേക്കാം. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം 20-30 മിനിറ്റിനുളളില്‍ തീര്‍ക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ അമിതമായ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
'വയര്‍ നിറഞ്ഞുവെന്ന സന്ദേശം ഹോര്‍മോണ്‍ സിഗ്നലുകളുടെ സഹായത്തോടെ തലച്ചോറിലേക്ക് എത്തിക്കാന്‍ ആമാശയത്തിന് ഏകദേശം 20 മിനിറ്റ് വേണ്ടിവരും. ആളുകള്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ക്ക് ഈ സിഗ്നലുകള്‍ ലഭിക്കാതെ വരും. അവര്‍ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യമുണ്ടാകും. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ വായു വിഴുങ്ങാന്‍ ഇടയാക്കും. ഇത് വയര്‍ വീര്‍ക്കുന്നതിനും ദഹനക്കേടിനും കാരണമാകും. നന്നായി ചവച്ച് അരയ്ക്കാതെ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ചവയ്ക്കാതെ പോയ ഭക്ഷണത്തിന്റെ കക്ഷണങ്ങള്‍ അന്നനാളത്തില്‍ കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്'- ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ ഹെല്‍ത്തിലെ ലെസ്ലി ഹെയ്ന്‍ബര്‍ഗ് പറഞ്ഞു.
വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടിയുണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു. എങ്ങനെ ഭക്ഷണം പതിയെ കഴിക്കാം എന്നതിനും ലെസ്ലി ഹെയ്ന്‍ബര്‍ഗ് ഉത്തരം നല്‍കുന്നുണ്ട്. 'ഫോണും മൊബൈലും താഴെ വയ്ക്കുക എന്നതാണ് ആദ്യത്തെ വഴി. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ പരസ്യം വരുന്നതുവരെയോ അല്ലെങ്കില്‍ പരിപാടി കഴിയുന്നതുവരെയോ നമ്മള്‍ കഴിച്ചുകൊണ്ടേയിരിക്കാന്‍ സാധ്യതയുണ്ട്. തലച്ചോറ് വയര്‍ നിറഞ്ഞുവെന്ന് അറിയിക്കുന്ന സിഗ്നല്‍ ശ്രദ്ധിക്കാതിരിക്കാന്‍ ഇതു കാരണമാകുന്നു. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമുളളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതും പതിയെ കഴിക്കാന്‍ സഹായിക്കും'- അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Is eating quickly bad for your health?