പ്രഭാത ഭക്ഷണവും അത്താഴവും എങ്ങനെയായിരിക്കണം? പഠനം പറയും ചില പ്രധാന കാര്യങ്ങള്‍

ഗണ്യമായ അളവില്‍ പ്രഭാത ഭക്ഷണവും ചെറിയ അളവില്‍ അത്താഴവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്

dot image

രാജാവിനെ പോലെ പ്രഭാത ഭക്ഷണം കഴിക്കണം, പക്ഷേ രാത്രിയിൽ ഭിക്ഷക്കാരനെ പോലെയായിരിക്കണം ഭക്ഷണം എന്നൊരു ചൊല്ലുണ്ട്. രാവിലെ പോഷകങ്ങളാല്‍ സമ്പുന്നമായി ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. ഇതിന് അടിവരയിടുന്നതാണ് ഇപ്പോള്‍ അബര്‍ഡീന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനം. ഗവേഷകരുടെ അഭിപ്രായത്തില്‍ കൂടുതല്‍ അളവ് പ്രഭാത ഭക്ഷണവും കുറഞ്ഞ അളവില്‍ അത്താഴവും കഴിക്കുന്നത് അമിത വിശപ്പ് കുറയ്ക്കുകയും ശരീര ഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും എന്നാണ്. പോഷക സമൃദ്ധവും വയറ് നിറയുന്ന രീതിയിലും പ്രഭാത ഭക്ഷണം കഴിക്കുന്നത് വിശപ്പ് ഗണ്യമായി കുറയുന്നതിന് സഹായിക്കുന്നുവെന്നും പഠനം തെളിയിക്കുന്നു.
30 വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി രണ്ട് മാസമാണ് പഠനം നടത്തിയത്. പഠനത്തില്‍ പ്രഭാത ഭക്ഷണമായി സ്മൂത്തികള്‍, തൈര്, മുട്ട, സോസേജുകള്‍, കൂണ്‍ എന്നിവ ഉള്‍പ്പെടുത്തി. ഇവയിലെല്ലാം ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.

ഊര്‍ജവും ശ്രദ്ധയും

ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് പകല്‍ മുഴുവന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം നല്‍കുന്നു. ഇത് ഊര്‍ജനില വര്‍ധിപ്പിക്കാനും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. അതേസമയം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകും. ഇത് ക്ഷീണം , ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ദേഷ്യം എന്നിവയുണ്ടാകാന്‍ കാരണമാകുന്നു.

ശരീരഭാരം കുറയാന്‍ സഹായിക്കുന്നു

പ്രഭാത ഭക്ഷണം കുടുതലും അത്താഴത്തിന്റെ അളവ് കുറവായും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും മികച്ച വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനോ അനാരോഗ്യകരമയ രീതിയില്‍ ലഘുഭക്ഷണം കഴിക്കാനോ ഉള്ള സാധ്യത കുറയ്ക്കും. ഇങ്ങനെ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ആരോഗ്യ ഗുണങ്ങള്‍

സമീകൃതമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് മൊത്തത്തില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് കാരണമാകും. ടൈപ്പ് 2 പ്രമേഹം, ഹൃദ്‌രോഗം, മറ്റ് അസുഖങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കും. നമ്മുടെ ദൈനംദിന ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നല്ല പ്രഭാത ഭക്ഷണത്തിന് കഴിയും. അതുവഴി ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു

പ്രോട്ടീന്‍, സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരമായിരിക്കണം. ഇങ്ങനെയുള്ള പ്രഭാത ഭക്ഷണം സുസ്ഥിരമായ ഊര്‍ജവും സംതൃപ്തിയും നല്‍കുന്നു.

പ്രോട്ടീന്‍

മുട്ട, തൈര്, മാംസം, മത്സ്യം, അല്ലെങ്കില്‍ നട്ട്‌സ് എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. ഇത് അവശ്യ അമിനോ ആസിഡുകള്‍ പ്രദാനം ചെയ്യുന്നു.

സമ്പൂര്‍ണ്ണ കാര്‍ബോ ഹൈഡ്രേറ്റുകള്‍

ഓട്ട്‌സ്, ഗോതമ്പ് ടോസ്റ്റ് അല്ലെങ്കില്‍ മധുരകിഴങ്ങ് പോലെയുള്ള ധാന്യങ്ങള്‍ സുസ്ഥിരമായ ഊര്‍ജ്ജവും നാരുകളും നല്‍കുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു,

ആരോഗ്യകരമായ കൊഴുപ്പുകള്‍

അവക്കാഡോ, നട്ട്‌സ്, വിത്തുകള്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ സംതൃപ്തിക്ക് കാരണമാകുകയും അവശ്യ ഫാറ്റി ആസിഡുകള്‍ നല്‍കുകയും ചെയ്യുന്നു.

നാരുകള്‍

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ബീന്‍സും നാരുകളുടെ നല്ല ഉറവിടങ്ങളാണ്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

ജലാംശം

വെളളം, പാല്‍, ജ്യൂസ് പോലെയുള്ള പാനിയങ്ങള്‍ ഊര്‍ജം പകര്‍ന്നു നല്‍കാന്‍ സഹായിക്കും.

Content Highlights : Researchers say eating a larger breakfast and a smaller dinner can reduce hunger and help you lose weight

dot image
To advertise here,contact us
dot image