
ഒരു ദിവസത്തിന്റെ പകുതി ഭാഗവും നാം ചെലവഴിക്കുന്നത് ജോലിസ്ഥലത്തായിരിക്കും. ജോലിസ്ഥലത്തെ ശീലങ്ങള്‍ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കഴിക്കുന്ന ഭക്ഷണം മുതല്‍ സ്‌ക്രീന്‍ ടൈം വരെയുളള കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. ജോലിസ്ഥലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകളിതാ…
നല്ല അംഗവിന്യാസം നിലനിര്‍ത്തുക
ദീര്‍ഘനേരം ഇരിക്കുന്നത് നട്ടെല്ലിനും പേശികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. ഇരിക്കുന്ന കസേര ലോവര്‍ ബാക്കിന് സപ്പോര്‍ട്ട് കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിന്റെ സമാന്തരമായാണ് ഇരിക്കുന്നതെന്നും നിങ്ങളുടെ പാദങ്ങള്‍ തറയില്‍ പൂര്‍ണമായും പതിഞ്ഞാണ് ഇരിക്കുന്നതെന്നും ഉറപ്പാക്കുക. നല്ല ബോഡി പോസ്ച്ചര്‍ നടുവേദന, ക്ഷീണം, മസ്‌കുലോസ്‌കെലറ്റല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള സാധ്യതകള്‍ കുറയ്ക്കുന്നു.
ഇടയ്ക്കിടെ ചെറിയ ഇടവേളകള്‍ എടുക്കുക
ദീര്‍ഘനേരം ഇരിക്കുന്നത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും രക്തചംക്രമണം കുറയാനും കാരണമാകും. ജോലി ചെയ്യുന്നതിനിടെ ഓരോ മുപ്പതു മിനിറ്റിലോ ഒരു മണിക്കൂറിലോ എഴുന്നേറ്റ് നിന്ന് ശരീരം സ്‌ട്രെച്ച് ചെയ്യാം. അല്ലെങ്കില്‍ ഓഫീസിനകത്ത് തന്നെ നടക്കാം. നേരിയ ചലനം പോലും രക്തയോട്ടം സുഗമമാക്കും. അത് നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കും. ദിവസം മുഴുവന്‍ ഇത്തരത്തില്‍ ചെറിയ ഇടവേളകളെടുക്കാന്‍ ഓര്‍മിപ്പിക്കാനായി നിങ്ങള്‍ക്ക് ഹെല്‍ത്ത് ആപ്പുകളുടെ സഹായം തേടാം.
ജലാംശം നിലനിര്‍ത്തുക
നിര്‍ജ്ജലീകരണം തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകും. നിങ്ങളുടെ മേശപ്പുറത്ത് ഒരു കുപ്പി വെളളം എപ്പോഴും എടുത്തുവയ്ക്കാന്‍ ശ്രദ്ധിക്കുക. പതിവായി ഇത് കുടിയ്ക്കാനും ശ്രദ്ധിക്കണം. ഒരു ദിവസം കുറഞ്ഞത് 6-8 ഗ്ലാസ് വെളളമെങ്കിലും കുടിയ്ക്കാന്‍ ശ്രദ്ധിക്കണം. ഹെര്‍ബല്‍ ടീ, ഓറഞ്ച്, വെളളരി തുടങ്ങിയവയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. അമിതമായ കഫീന്‍ ഉപയോഗം ഒഴിവാക്കാം. കഫീന്‍ നിര്‍ജ്ജലീകരണത്തിനും നിങ്ങളുടെ ഊര്‍ജ്ജ നില തടസപ്പെടുത്തുന്നതിനും കാരണമാകും.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുക
ചിപ്‌സും കുക്കീസുമുള്‍പ്പെടെയുളള ജങ്ക് ഭക്ഷണങ്ങള്‍ ഒഴിവാക്കി നട്‌സ്, പഴങ്ങള്‍, യോഗര്‍ട്ട്, വറുത്ത കടല, ഗ്രനോള ബാറുകള്‍ തുടങ്ങിയ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുക. ഇവ നിങ്ങള്‍ക്ക് ദീര്‍ഘനേരത്തേക്ക് ആവശ്യമായ ഊര്‍ജ്ജം തരുന്നുണ്ട്. ബ്രേക്ഫാസ്റ്റുള്‍പ്പെടെയുളള ഭക്ഷണങ്ങള്‍ സ്‌കിപ്പ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. സാധ്യമാകുമ്പോഴെല്ലാം വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടുപോകുന്നതാണ് നല്ലത്. ഇത് അനാവശ്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും.
സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുക
ദിവസം മുഴുവന്‍ സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്നത് തലവേദനയ്ക്കും കണ്ണിന് സ്‌ട്രെസ് ഉണ്ടാകാനും വരളാനും കാരണമാകും. 20-20-20 റൂള്‍ പാലിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതായിരിക്കും. ഓരോ 20 മിനിറ്റിലും 20 അടി അകലെയുളള എന്തെങ്കിലും വസ്തുവിലേക്ക് 20 സെക്കന്‍ഡ് നോക്കുക. സ്‌ക്രീന്‍ ബ്രൈറ്റ്‌നെസും ക്രമീകരിക്കാം. ഇടയ്ക്കിടെ കണ്ണ് ഇറുക്കി അടച്ചുതുറക്കുന്നതും ഇടവേളകള്‍ എടുക്കുന്നതും നല്ലതാണ്. മെഡിറ്റേഷനും ജോലി ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതും കണ്ണിന്റെയും മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
Content Highlights: Tips to stay healthy at work