ബയോ ഡീഗ്രേഡബിള്‍ ബാഗുകളിലും വിഷാംശം; ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ബയോ ഡീഗ്രേഡബിള്‍ ബാഗിന്റെ കണികകള്‍ ഭക്ഷിച്ച എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയത്.

dot image

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പ്രകൃതി സൗഹൃദമായ ബദലായിട്ടാണ് ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍ നാം ഉപയോഗിക്കുന്നത്. എന്നാലിപ്പോള്‍ ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ബയോ ഡീഗ്രേഡബിള്‍ ബാഗുകളില്‍ വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുകയാണ്.

ബയോ ഡീഗ്രേഡബിള്‍ ബാഗിന്റെ കണികകള്‍ ഭക്ഷിച്ച എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയത്. എലികളുടെ കരളിനും അണ്ഡാശയത്തിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്. ബയോ ഡീഗ്രേഡബിള്‍ സ്റ്റാര്‍ച്ച് അധിഷ്ഠിത പ്ലാസ്റ്റിക്കുകള്‍ സുരക്ഷിതവും ആരോഗ്യത്തിന് ഹാനികരവുമല്ലെന്നുളള നിഗമനം തെറ്റാണെന്ന് ഗവേഷണ സംഘത്തിലെ ഫ്രാന്‍സിസ് യോങ്‌ഫെങ് ഡെങ് പറഞ്ഞു.

ഭക്ഷണ സാധനങ്ങള്‍ പൊതിയാന്‍ ബയോ പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ നിന്നാണ് വിഷാംശം വരുന്നത്. അദ്യശ്യമായ കണികകളായ മൈക്രോ പ്ലാസ്റ്റിക്കിന് ഭക്ഷണം, പാനീയം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും.

പ്ലാസ്റ്റിക്കുകള്‍ വളരെ സാവധാനത്തില്‍ ജീര്‍ണിക്കുകയും പരിസ്ഥിതിയിലും മാലിന്യ കൂമ്പാരത്തിലും ബീച്ചുകളിലും സമുദ്രങ്ങളിലും നൂറ് കണക്കിന് വര്‍ഷങ്ങള്‍ വരെ ജീര്‍ണിക്കാതെ നിലനില്‍ക്കും. എന്നാല്‍ അന്നജം അടങ്ങിയ ബയോ ഡീഗ്രേഡബിള്‍ പ്രോഡക്ടുകള്‍ എളുപ്പത്തില്‍ വിഘടിക്കുന്നതിനാല്‍ അവ സുരക്ഷിതമാണെന്നാണ് കരുതിയിരുന്നത്. ഈ പരീക്ഷണം നടത്തുന്നതിനായി അവര്‍ അഞ്ച് എലികളെ വീതം മൂന്ന് ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പുകാര്‍ക്ക് സാധാരണ ഭക്ഷണവും മറ്റ് രണ്ട് ഗ്രൂപ്പുകാര്‍ക്ക് അന്നജം അടങ്ങിയ മൈക്രോപ്ലാസ്റ്റിക് കലര്‍ന്ന ഭക്ഷണവുമാണ് നല്‍കിയത്.

മൂന്ന് മാസത്തേക്ക് ഇപ്രകാരം എലികള്‍ക്ക് ഭക്ഷണം നല്‍കി. സാധാരണ ഭക്ഷണം കഴിക്കുന്ന എലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അന്നജം അടങ്ങിയ പ്ലാസ്റ്റിക് കണികകള്‍ക്ക് വിധേയമായ എലികളുടെ കരള്‍, അണ്ഡാശയം എന്നിവയുള്‍പ്പെടെ ഒന്നിലധികം അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിശകലനത്തില്‍ കണ്ടെത്തി. ഈ എലികളുടെ പഞ്ചസാര, കൊഴുപ്പ് രാസവിനിമയവുമായി ബന്ധപ്പെട്ട തന്മാത്രാ ബയോമാര്‍ക്കറുകളില്‍ തടസ്സങ്ങള്‍ ഉണ്ടായതായും അവര്‍ കണ്ടെത്തി. ബയോ ഡീഗ്രേഡബിള്‍ കണികകള്‍ ശരീരത്തില്‍ എങ്ങനെ വിഘടിക്കുന്നു എന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

Content Highlights :Biodegradable bags are also toxic, harmful to the liver and ovaries

dot image
To advertise here,contact us
dot image