
ശരീരഭാരം കുറയ്ക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റാന്‍ റെഡിയായിട്ടുളളവരാണ് പലരും. അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുക, കാര്‍ബോ ഹൈഡ്രേറ്റുകളെ ഒഴിവാക്കുക, തീവ്രമായി വ്യായാമം ചെയ്യുക, കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുക അങ്ങനെ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ ഇതൊക്കെ യഥാര്‍ഥത്തില്‍ ചെയ്തതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? വിദഗ്ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങള്‍ ശരിയാണോ? ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളെക്കുറിച്ച് അറിയാം.
ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തടസപ്പെടുത്തുകയും ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കാന്‍ ഇടയാകുകയും ചെയ്യും. ഇത് സ്ഥിരമായി ശരീരഭാരം കുറയ്ക്കുന്നതിന് തടസമാകുന്നു.
കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് ശരീരത്തിന്റെ ഊര്‍ജ്ജം പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നു. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് ആവശ്യമായ പോഷകങ്ങളും നാരുകളും ഉണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു.
അമിതമായി വ്യായാമം ചെയ്യുന്നത് ക്ഷീണത്തിനും പരിക്കുപറ്റാനും കാരണമാകും. പേശികളെ നന്നാക്കല്‍, മെറ്റബോളിസം, ദീര്‍ഘകാലത്തേക്കുളള ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുക എന്നിവയ്ക്ക് വിശ്രമം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് വണ്ണം കുറയ്ക്കാനായി തീവ്രമായി എല്ലാ ദിവസവും വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ല.
കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍ ആരോഗ്യകരമാണെന്ന് അര്‍ഥമില്ല. നട്ട്‌സ്, വിത്തുകള്‍, അവക്കാഡോ എന്നിവയില്‍നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
വെള്ളത്തില്‍ ഒട്ടുംതന്നെ കലോറി ഇല്ല. ഇത് ഉപാപചയം, ദഹനം, ശരീരത്തിലെ വിഷാംശം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ജലാംശം നിലനിര്‍ത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതും വയറ് വീര്‍ക്കുന്നതും തടയുന്നു.
സപ്ലിമെന്റുകള്‍ ഒരു പരിധിവരെ സഹായിച്ചേക്കാമെങ്കിലും അവ പക്ഷേ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും ജീവിത ശൈലിക്കും പകരമാവില്ല. ഗുളികയും പൊടികളുമെല്ലാം പലപ്പോഴും ദോഷകരമായി ഭവിക്കുകയാണ് ചെയ്യാറുളളത്. മാത്രമല്ല ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള മൂലകാരണങ്ങളെ അവ പരിഹരിക്കുന്നുമില്ല.
ചില ആളുകളുടെ ധാരണ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയാല്‍ എളുപ്പത്തില്‍ ശരീരഭാരം കുറയുമെന്നാണ്. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇടയ്ക്കിടെ മിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് നല്ലതാണ്. പൂര്‍ണ്ണമായും ഒഴിവാക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്.
Content Highlights :Myths related to weight loss