ആദ്യലക്ഷണങ്ങള്‍ ദഹനക്കേടെന്ന് ഡോക്ടര്‍മാര്‍; കാന്‍സര്‍ സ്ഥിരീകരിച്ച വയോധികയ്ക്ക് ദാരുണാന്ത്യം

ചില ഭക്ഷണങ്ങള്‍ ശരിയായി ദഹിക്കാത്തതാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞു

dot image

ദ്യഘട്ടത്തില്‍ തന്നെയുള്ള കാന്‍സര്‍ രോഗനിര്‍ണയം എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആദ്യഘട്ടത്തില്‍ രോഗനിര്‍ണയത്തിലുണ്ടായ വീഴ്ച മൂലം ജീവന്‍ നഷ്ടപ്പെട്ട യുകെ സ്വദേശിനിയായ 76-കാരിയെ കുറിച്ചാണ് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച് എട്ട് മാസത്തിനുള്ളിലാണ് മരിയ പാസ്‌കവിച്ച്‌സ് എന്ന സ്ത്രീ മരണത്തിന് കീഴടങ്ങിയത്.

2023ലാണ് വയറില്‍ ചില അസ്വസ്ഥതകള്‍ മരിയ ശ്രദ്ധിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റില്‍ പോകേണ്ടി വരുന്ന അവസ്ഥയുമുണ്ടായതോടെ മരിയ ആശുപത്രിയിലെത്തി. എന്നാല്‍ ദഹനക്കേട് മൂലമുള്ള പ്രശ്‌നങ്ങളാണ് ഇതെന്നാണ് അവരുടെ ഡോക്ടര്‍ അന്ന് പറഞ്ഞത്. ചില ഭക്ഷണങ്ങള്‍ ശരിയായി ദഹിക്കാത്തതാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ മറ്റും നിര്‍ദേശിക്കാതെയാണ് ഡോക്ടര്‍ തങ്ങളെ പറഞ്ഞയച്ചതെന്ന് മരിയയുടെ മകള്‍ ആന്‍ മേരി പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി വന്നതോടെ തങ്ങള്‍ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും തുടര്‍ന്നാണ് കുടലിലെ കാന്‍സര്‍ കണ്ടെത്തിയതെന്നും മകള്‍ പറയുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും രോഗം കരളിലേക്കും വ്യാപിച്ചിരുന്നു. ഉടന്‍ തന്നെ ചികിത്സകള്‍ ആരംഭിച്ചു. കീമോ തെറാപ്പി തുടങ്ങി. തുടക്കത്തില്‍ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും കീമോ പൂര്‍ത്തിയാക്കിയ ശേഷം കാന്‍സര്‍ തിരിച്ചെത്തുകയായിരുന്നു.

മൂന്ന് മുതല്‍ ആറ് മാസം വരെയാണ് മരിയയ്ക്ക് ഡോക്ടര്‍മാര്‍ ആയുസ് പ്രവചിച്ചത്. എന്നാല്‍ വെറും മൂന്ന് ദിവസത്തിന് ശേഷം അവര്‍ മരണത്തിന് കീഴടങ്ങി. ഇത്തരമൊരു അനുഭവം ആര്‍ക്കുമുണ്ടാകാതിരിക്കാനാണ് തന്റെ പ്രവര്‍ത്തനമെന്ന് ആന്‍ മേരി പറയുന്നു. തന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായി കാന്‍സര്‍ സപ്പോര്‍ട്ട് ഫണ്ടിങ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍.

Content Highlights: UK Woman Dies Of Bowel Cancer After Initial Symptoms Mistaken For Indigestion

dot image
To advertise here,contact us
dot image