
ഒരു പ്രായം കഴിയുമ്പോള്‍ ശരീരഭാരം കുറയ്ക്കുന്നത് ഒരു വലിയ പോരാട്ടമായി തോന്നാം. കാരണം മന്ദഗതിയിലുള്ള മെറ്റബോളിസം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പേശികള്‍ക്കുണ്ടാകുന്ന ആരോഗ്യക്കുറവ് തുടങ്ങിയ ഘടകങ്ങള്‍ ഭാരം കുറയലിന് എതിരെ നില്‍ക്കുന്ന വെല്ലുവിളികളാണ്. എന്നാല്‍ ആരോഗ്യകരവും ക്രമമുള്ളതുമായ ഒരു ജീവിത ശൈലി പിന്തുടരുന്നത് നിങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നു. ലളിതമായ അഞ്ച് ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്കതിന് സാധിക്കുമെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് പരിശീലകന്‍ നിക്ക് കൊണവേ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജായ ' The Fit Over 40 ലൂടെ പറയുന്നത്.
രാവിലെയുള്ള വ്യായാമം
നിക്ക് പറയുന്നത് രാവിലെയുള്ള വ്യായാമങ്ങളാണ് ഗുണപ്രദമെന്നാണ്. അതിരാവിലെയുള്ള വ്യായാമങ്ങള്‍ കൊഴുപ്പ് കത്തിച്ച് കളയാന്‍ സഹായിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് മെലിഞ്ഞ ശരീര പ്രകൃതി നേടാന്‍ നിങ്ങളെ സഹായിക്കും. രാവിലെ ഏഴ് മണിക്കും 9 മണിക്കും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് നല്ലത്.
രാവിലെ നേരത്തെ ഭക്ഷണം കഴിക്കരുത്
വ്യായാമത്തിന് ശേഷം സ്വാഭാവികമായും വിശപ്പ് അനുഭവപ്പെടുമെങ്കിലും ഭക്ഷണം കഴിക്കാന്‍ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും കാത്തിരിക്കണമെന്ന് നിക്ക് പറയുന്നു. ഇത് വ്യായാമത്തെത്തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന ഊര്‍ജ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല ഇത്തരത്തിലുള്ള നിയന്ത്രണം അശ്രദ്ധമായോ അമിതമായോ ഭക്ഷണം കഴിക്കുന്നതില്‍നിന്ന് നിങ്ങളെ തടയാന്‍ സഹായിക്കുന്നു.
പ്രോട്ടീന് മുന്‍ഗണന നല്‍കുക
പ്രോട്ടീന്‍ പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ മത്സ്യം, കോഴി, പനീര്‍ എന്നിവയൊക്കെ ഉണ്ട്. അവ നിങ്ങളുടെ ശരീരത്തിന് അമിനോ ആസിഡുകള്‍ നല്‍കുന്നു.പേശികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന മറ്റ് പോഷകങ്ങളായ ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും പേശകളുടെ ശക്തിക്കും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
കൂടുതല്‍ നടക്കുക
ഒരു ദിവസം കുറഞ്ഞത് 8000 അല്ലെങ്കില്‍ അതില്‍കൂടുതലോ ചുവടുകള്‍ നടക്കാന്‍ ശ്രമിക്കുക. എന്നും സ്ഥിരതയോടെ നടക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ദിവസവും നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും പുറമേ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഉറക്കം
അര്‍ദ്ധരാത്രി മുഴുവന്‍ ഫോണില്‍ ചെലവഴിച്ചാല്‍ രാവിലെ ആരോഗ്യത്തോടെയിരിക്കാന്‍ സാധിക്കില്ല. മോശം ഉറക്കമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ മെറ്റബോളിസത്തെയും ഹോര്‍മോണ്‍ നിയന്ത്രണത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനും രാത്രിയില്‍ 7-9 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം ആവശ്യമാണ്.
Content Highlights :Staying fit and achieving a slim body in your 40s is not that difficult