കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും മൂലം ദുരിതത്തിലാണ് നിരവധി തെക്കേ ആഫ്രിക്കൻ രാജ്യങ്ങൾ. നമീബിയ, മലാവി, സിംബാബ്‌വെ, അംഗോള തൂങ്ങിയ നിരവധി രാജ്യങ്ങൾക്ക് രാജ്യത്ത് അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. ഭക്ഷ്യക്ഷാമം രൂക്ഷമായത്തോടെ അറ്റ കൈ പ്രയോഗങ്ങൾക്ക് വരെ ചില രാജ്യങ്ങൾക്ക് മുതിരേണ്ടിവന്നു.
എൽ നിനോ പ്രതിഭാസം മൂലം രാജ്യം നിലവിൽ നേടിരുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ സിംബാബ്‌വെ ഭരണകൂടം ആനകളെ വേട്ടയാടാനുള്ള തീരുമാനവുമായി രംഗത്തെത്തുകയാണ്. നേരത്തെ നമീബിയയും ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിരുന്നു. നിലവിൽ 200 ആനകളെ കൊന്നൊടുക്കാനാണ് സിംബാബ്‌വെ തീരുമാനിച്ചിരിക്കുന്നത്. കാടിറങ്ങുന്നതും, മനുഷ്യരുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്നതുമായ ആനകളെ കൊന്നൊടുക്കാനാണ് സിംബാബ്‌വെയുടെ പദ്ധതി. ഇത്തരത്തിൽ ഏകദേശം 200 ആനകളെ കൊല്ലും. ശേഷം അവയുടെ മാംസം ഉണക്കിയെടുത്ത് ഭക്ഷണം ആവശ്യമുള്ളവർക്ക് എത്തിക്കാനാണ് നീക്കം.
രാജ്യത്ത് ആനകൾ ആവശ്യത്തിലധികം ഉണ്ടെന്നും, അവയുടെ സംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് സർക്കാർ അധികൃതരുടെ വിശദീകരണം. ബോട്സ്വാനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആനകളുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് സിംബാബ്‌വെ. ഏകദേശം ഒരു ലക്ഷത്തോളം ആനകൾ സിംബാബ്‌വെയിൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽനിന്ന് പ്രശ്നക്കാരായ 200 ആനകളെ കൊന്നൊടുക്കാനാണ് തീരുമാനം.
നേരത്തെ നമീബിയയും രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാനായി മൃഗങ്ങളെ കൊല്ലാനുള്ള തീരുമാനമെടുത്തിരുന്നു. 83 ആനകൾ ഉൾപ്പെടെ 723 വന്യമൃഗങ്ങളെ കൊന്നൊടുക്കാനാണ് നമീബിയ പദ്ധതിയിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ശേഷം അവയുടെ മാംസം ജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് നമീബിയൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.