നമ്മുടെ ചുറ്റുപാടും വിവാഹിതരായ ചില ആളുകളെ ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കും അവരില്‍ ചിലരൊക്കെ പങ്കാളിയെ തന്നെക്കാള്‍ ശമ്പളമുള്ള ജോലി ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയോ, പങ്കാളിയുടെ സമ്പാദ്യത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്നത്. നിങ്ങളുടെ പങ്കാളി സാമ്പത്തികമായി നിങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാന്‍ വഴിയുണ്ട്.
നിങ്ങള്‍ എന്തിനൊക്കെയാണ് പണം ചെലവഴിച്ചത് എന്നതിനെക്കുറിച്ച് കണക്ക് സൂക്ഷിക്കുകയും പണം ചെലവാക്കുന്നതിന് പരിധി ഏര്‍പ്പെടുത്തുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് അവര്‍ പരിമിതി ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ചെലവഴിക്കുന്ന പണത്തിന് പരിധി നിശ്ചയിക്കാന്‍ പങ്കാളി ശ്രമിക്കുകയാണെങ്കില്‍ അതൊരു നല്ല ലക്ഷണമല്ല. അത് സാമ്പത്തിക ദുരുപയോഗത്തിന്റെ വലിയൊരു സൂചനയാണ്. നിങ്ങള്‍ ജോലി ചെയ്ത പണം പങ്കാളി സൂക്ഷിക്കുകയും എല്ലാ ദിവസവും അയാളോട് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് പണം ചോദിക്കുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ സാമ്പത്തിക അസ്വാതന്ത്ര്യത്തിലാണെന്ന് പറയാം.
നിങ്ങളുടെ പങ്കാളി അവരുടെ സാമ്പത്തിക ആസ്ഥിയെക്കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറാകാതിരിക്കുകയും ആ വ്യക്തിയുടെ സാമ്പത്തിക ചെലവുകളെക്കുറിച്ചോ ലഭിക്കുന്നതും ചെലവാക്കുന്നതുമായ പണത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്യാതിരുന്നാല്‍ അവര്‍ സെല്‍ഫിഷാണെന്നും നിങ്ങളെ ഒരു വിലയുമില്ലാതെയാണ് കാണുന്നതെന്നും വേണം മനസിലാക്കാന്‍. രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ പരസ്പരം അവരുടെ സാമ്പത്തിക നില അറിയാന്‍ പങ്കാളികള്‍ക്ക് അവകാശമുണ്ട്.
സാമ്പത്തിക കാര്യങ്ങളില്‍ പിശുക്ക് കാണിക്കുന്നതോടൊപ്പം ജോലി ചെയ്ത് പണമുണ്ടാക്കാന്‍ നിങ്ങളെ അനുവദിക്കാതിരിക്കുന്നതും ഒരു പ്രശ്‌നമാണ്. അവള്‍ അല്ലെങ്കില്‍ അവന്‍ ജോലിക്ക് പോയി എന്നെക്കാള്‍ സമ്പാദിച്ചാല്‍ ശരിയാവില്ല എന്ന മനോഭാവമാണത്.
നിങ്ങള്‍ പണം തെറ്റായ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു, നിങ്ങള്‍ ചെയ്ത കാര്യങ്ങളെല്ലാം ആവശ്യമില്ലാത്തതായിരുന്നു എന്ന് നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കും. ഇത് പങ്കാളിയോട് ബഹുമാനമില്ലാത്തതിന്റെ സൂചനയാണ്.
Content Highlights :Are you being financially abused by your partner?