ഭാര്യയുള്‍പ്പടെ അഞ്ച് സ്ത്രീകളുമായി പ്രണയത്തിലാവുക, അവരില്‍നിന്ന് പണംതട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കുക, സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ ചതിക്കുക, അതുമാത്രമല്ല ഇവരാരും പരസ്പരം അറിയാതെ എല്ലാവരേയും ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിക്കുക തുടങ്ങി സിനിമാക്കഥയെ വെല്ലുന്ന ഒരു യഥാര്‍ഥ സംഭവമാണ് ചൈനയില്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ തട്ടിപ്പ് കഥ ഇങ്ങനെയാണ്. വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് സിയാജൂന്‍ എന്ന ഈ തട്ടിപ്പ് വീരന്‍ ജനിച്ചത്.
ചെറുപ്പത്തില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് അയാള്‍ വളര്‍ന്നത്.അവന്റെ അമ്മ ഒരു ബാത്ത്ഹൗസില്‍ അറ്റന്‍റന്‍ഡും അച്ഛന്‍ താല്‍ക്കാലികമായ ജോലികള്‍ ചെയ്യുന്നയാളുമായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ തന്റെ ദാരിദ്രത്തില്‍ നിന്ന് രക്ഷപെടാനായി അവന്‍ പല തട്ടിപ്പുകളും കള്ളങ്ങളും ചെയ്തു. മുതിര്‍ന്നപ്പോള്‍ സമ്പന്നമായ ഒരു ബിസിനസ് കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നതെന്ന് കാണിച്ച് മറ്റുളളവരെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി. ആഡംബര ജീവിതം നയിക്കുന്നതിനായി പല തട്ടിപ്പുകളും അയാള്‍ നടത്തി. അതിനിടയില്‍ അവന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലകപ്പെടുകയും അവള്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കി പാട്ടിലാക്കുകയും ചെയ്തു. ഒടുവില്‍ അവള്‍ ഗര്‍ഭിണി ആയതിന് ശേഷം സിയാജൂനിനെ വിവാഹം കഴിക്കുകയായിരുന്നു. പക്ഷേ തന്റെ തട്ടിപ്പുമായി അധികകാലം സിയാജൂന് പിടിച്ചുനില്‍ക്കാനായില്ല. ഇയാള്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് മനസിലാക്കിയ ഭാര്യ കുഞ്ഞിനെ സ്വന്തമായി വളര്‍ത്താന്‍ തീരുമാനിക്കുകയും സിയാജൂനെ വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
ഒട്ടും വൈകാതെതന്നെ സിയാജൂന്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ പാട്ടിലാക്കുകയും അവളില്‍നിനിന്ന്20,000 ഡോളര്‍ തട്ടിയെടുത്ത് അവളുമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കുകയും ചെയ്തു. സിയാജൂനിന്റെ ചതി അവിടംകൊണ്ടും തീര്‍ന്നില്ല. ഇതിനിടയില്‍ മറ്റ് മൂന്ന് സ്ത്രീകളുമായിക്കൂടി ബന്ധം തുടങ്ങി. അതില്‍ രണ്ട് പേര്‍ വിദ്യാര്‍ഥിനികളും ഒരാള്‍ നേഴ്‌സുമായിരുന്നു. ഇവരെയെല്ലാം ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിച്ചതും ആരെയും ഭാര്യയുടെ കണ്ണില്‍പെടാതെയും പരസ്പരം മനസിലാക്കാതെയും സൂക്ഷിച്ചതും അതിശയകരമാണെന്നുതന്നെ പറയാം.
പക്ഷേ ഈ പ്രണയിനികളിലൊരാള്‍ സിയാജൂനിന്റെ തട്ടിപ്പ് കണ്ടുപിടിക്കുകയായിരുന്നു. വലിയ തുക അടങ്ങിയ ഒരു ബാഗ് ഇയാള്‍ ഒരുദിവസം പെണ്‍കുട്ടിയെ ഏല്‍പ്പിക്കുകയും ആ ബാഗില്‍നിന്ന് അവള്‍ വ്യാജനോട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു. ഇത് പെണ്‍കുട്ടി അധികാരികളെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സിയാജൂനിനെ അറസ്റ്റ് ചെയ്യുകയും ചയ്തു.
സിയാജൂനിന്റെ വഞ്ചനയുടെ ഈ കഥ ചൈനയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. നാല് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ചതി നടത്തിയിട്ടും ആര്‍ക്കും സംശയം തോന്നാതിരുന്നത് ആശ്ചര്യമാണ്. ആധുനിക ബന്ധങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചും വിശ്വാസ വഞ്ചനയെക്കുറിച്ചുമാണ് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlights :The story of a young man who was caught falling in love with girls, extorting money from them and leading a luxurious life