ന്യൂസിലന്‍ഡിലെ ട്രാഫിക് ക്യാമറയില്‍ കുടുങ്ങിയ മൈനയുടെ വീഡിയോ വൈറലായി. അടുത്തിടെ ന്യൂസിലന്‍ഡിലെ ഒരു ഹൈവേ ട്രാഫിക് ക്യാമറയുടെ മുന്നില്‍ പറന്നുവന്ന മൈന ക്യാമറ നോക്കി ഒച്ചവയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ന്യൂസിലന്‍ഡ് ട്രാന്‍പോര്‍ട്ട് ഏജന്‍സിയും 11 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരുന്നു. ക്യാമറയിലേക്ക് പക്ഷി കൗതുകത്തോടെ നോക്കുന്നതും കൊക്കുകള്‍ തുറന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നത് കാണാം. മൈനയെ ന്യൂസിലന്‍ഡില്‍ ഒരു ശല്യമായാണ് കാണുന്നത്. അവ നാടന്‍പക്ഷികളെ ആക്രമിക്കാറുണ്ടെന്നും, അവയുടെ കൂടുകള്‍ നശിപ്പിക്കാറുണ്ടെന്നും പരാതികള്‍ ഉയരാറുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷിയാണ് മൈന. ഇതിന്റെ ജന്‍മദേശം ദക്ഷിണേഷ്യയാണ്. ബുദ്ധിയുടെ കാര്യത്തിലും മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന കാര്യത്തിലും മൈന പണ്ടുമുതല്‍ പേരുകേട്ടവയാണ്.
വീടുകളില്‍ വളര്‍ത്താറുളള ഈ പക്ഷികള്‍ മനുഷ്യരുടെ സംസാരം ഉള്‍പ്പടെ അനുകരിക്കാറുണ്ട്. മനുഷ്യന്‍ മാറ്റം വരുത്തുന്ന ചുറ്റുപാടില്‍ പോലും ഇണങ്ങി ജീവിക്കാന്‍ മൈനകള്‍ക്ക് കഴിയും. തവിട്ടുനിറമുളള മൈനയുടെ കണ്ണിനു ചുറ്റുമുളള മഞ്ഞ നിറമാണ് അവയെ വേറിട്ട് നിര്‍ത്തുന്നത്. നമ്മുടെ പഴയ നാടോടികഥകളുമായും സംസ്‌കാരവുമായെല്ലാം ബന്ധപ്പെട്ട പക്ഷികളാണ് മൈനകള്‍.
Content Highlights : A video of Myna screaming at a traffic camera in New Zealand is going viral