കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തുകഴിയുമ്പോള്‍ അവര്‍ അതുകൊണ്ട് സമയം ചെലവഴിക്കുന്നത് കാണുന്നത് മനസിന് സന്തോഷമുളള കാര്യമാണല്ലേ. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. പലപ്പോഴും മൃദുവായ കളിപ്പാട്ടങ്ങള്‍ (soft toys) നമ്മള്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ടല്ലേ? സോഫ്റ്റായതുകൊണ്ടുതന്നെ അവ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സുഖപ്രദമായിരിക്കും എന്നാണ് പല മാതാപിതാക്കളും കരുതുന്നത്. പൊതുവേ മൃദുവായ കളിപ്പാട്ടങ്ങള്‍ നല്ലതാണെന്നാണ് നമ്മുടെ ധാരണ. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് അലര്‍ജി രഹിതവും വിഷരഹിതവുമാണെന്ന് ഉറപ്പാക്കണം.
മൃദുവായ കളിപ്പാട്ടങ്ങളുടെ നാരുകളില്‍ അലര്‍ജിയുണ്ടാക്കുന്ന പൊടിയും അഴുക്കും എല്ലാം അടിഞ്ഞുകൂടാനിടയുണ്ട്. കാലക്രമേണ ഇവയില്‍ പൂപ്പലുകളും ബാക്ടീരിയകളുമൊക്കെ വളരാനും കാരണമാകും. ഇതുമൂലം ആസ്ത്മ ,അലര്‍ജി, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, ചര്‍മ്മത്തിനുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം കളിപ്പാട്ടങ്ങളൊക്കെ ചെറിയ കുട്ടികള്‍ കളിക്കുമ്പോള്‍ വായില്‍ വയ്ക്കുകയോ ചവയ്ക്കുകയോ ചെയ്യുമ്പോള്‍ അഴുക്കും അണുക്കളുമെല്ലാം കുട്ടികളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു.
കളിപ്പാട്ടങ്ങള്‍ ഇടയ്ക്കിടെ കഴുകുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാന്‍ കഴിയും എന്നിരുന്നാലും മൃദുവായ കളിപ്പാട്ടങ്ങള്‍ വൃത്തിയാക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്ലാസ്റ്റിക്കോ തടിയോ ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ വൃത്തിയാക്കാനും എളുപ്പമല്ല. പല സോഫ്റ്റ് ടോയികളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങളില്‍ ചായങ്ങളും മറ്റും അടങ്ങിയിരിക്കാം. ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ഒന്നാമതായി കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ളതായിരിക്കണം. പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് തടികൊണ്ടുള്ളതും സ്വാഭാവികമായ ചായങ്ങള്‍ ഉപയോഗിച്ചുളളതുമായവ വളരെ സുരക്ഷിതമാണ്.
കുട്ടികള്‍ക്ക് വീടിനുവെളിയില്‍ വച്ച് കളിക്കാന്‍ സാധിക്കുന്ന കളിപ്പാട്ടങ്ങളായ പന്തുകള്‍, സൈക്കിള്‍ ഇങ്ങനെയുളളവ ശരീരം ബലപ്പെടാനും പേശികളുടെ ശക്തിവര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പുറത്തിറങ്ങി കളിക്കുന്നതുകൊണ്ടുതന്നെ കുട്ടികളുടെ അമിതവണ്ണവും മടിയും ഒക്കെ മാറുകയും ചെയ്യും. അതുപോലെ ശുദ്ധവായുവും സൂര്യപ്രകാശവും ലഭിക്കാനും വൈറ്റമിന്‍ ഡി ലഭിക്കാനും സഹായിക്കും. പസിലുകള്‍, ബില്‍ഡിങ് ബ്ലോക്കുകള്‍, സ്റ്റം കിറ്റുകള്‍ ഇവയൊക്കെ ബൗദ്ധികമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും പ്രശ്‌ന പരിഹാര കഴിവുകള്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യും. ഇനി സംഗീത ഉപകരണങ്ങളാണ് വാങ്ങി നല്‍കുന്നതെങ്കില്‍ കുട്ടികളുടെ ഇന്ദ്രിയങ്ങളെ മസ്തിഷ്‌ക വികസനത്തിനും കൈകളുടെയും കണ്ണുകളുടെയും ഏകോപനത്തിലും ഏര്‍പ്പെടാന്‍ അത്തരത്തിലുള്ളവ സഹായിക്കും.
Content Highlights :Things to keep in mind while buying toys for kids.When choosing toys for children, make sure that they are non-allergenic and non-toxic-