എറണാകുളം മാർക്കറ്റിൻ്റെ പുത്തൻ കാഴ്ച്ചകൾ എന്തെല്ലാമാണെന്ന് ആവേശത്തോടെ കാത്തിരിക്കുകയാണ് കൊച്ചിക്കാർ. 72 കോടിയിൽ നവീകരിച്ച എറണാകുളം മാർക്കറ്റ് ഡിസംബർ പകുതിയോടെ പ്രവർത്തന സജ്ജമാകും. ഏറെ കാത്തിരിപ്പിന് ശേഷം എറണാകുളം മാർക്കറ്റ് മുഖം മിനുക്കി തിരികേ എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്ന ആകാംഷയുണ്ടാകും പലർക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഈ മാർക്കറ്റ് സാധാരണക്കാരായ ആളുകളുടെ ഇടയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ബ്രോഡ് വേയ്ക്ക് സമീപമാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
പുത്തൻ മാർക്കറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂർത്തിയായി. മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമാകുന്നതിന് കാത്തിരിക്കുകയാണ് വ്യാപാരികൾ. കടമുറികളുടെ വാടക, കെട്ടിടം എങ്ങനെ പരിപാലിക്കണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൊച്ചി കോർപ്പറേഷൻ കൗൺസിലാണ് അന്തിമ തീരുമാനമെടുക്കുക. തുടര്‍ന്നാണ് സമുച്ചയത്തില്‍ കടകളെ പ്രവർത്തിക്കാൻ അനുവദിക്കുക. പുതിയ കെട്ടിടത്തിൽ 213 കടകൾ, മാലിന്യ സംസ്കരണ പ്ലാൻ്റ്, വാഹന പാർക്കിംഗ് തുടങ്ങിയവയ്ക്ക് അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും കെട്ടിടത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വ്യാപാരികളുടെ സഹകരണത്തോടെ കൊച്ചി കോർപ്പറേഷനായിരിക്കും സമുച്ചയത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുക. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് 72 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റിനായി മൂന്ന് നില കെട്ടിടം നിർമ്മിച്ചത്. പച്ചക്കറി കടകള്‍, പഴക്കടകൾ, മുട്ട, ഇറച്ചി, കോഴി, സ്റ്റേഷനറി, കയർ എന്നിങ്ങനെ 275 കടകളായിരിക്കും സമുച്ചയത്തില്‍ ഉണ്ടാകുക. താഴത്തെ നിലയിലും ഒന്നാം നിലയിലുമായിട്ടായിരിക്കും കടകള്‍ പ്രവർത്തിക്കുക. എറണാകുളം ഷൺമുഖം റോഡില്‍ നിന്നും മാർക്കറ്റ് റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക് പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് സുഗമമായി പ്രവേശിക്കാവുന്നതാണ്. നിലവിൽ കെട്ടിടത്തിന് സമീപത്തെ താൽക്കാലിക മാർക്കറ്റിലാണ് കടകള്‍ പ്രവർത്തിക്കുന്നത്. രണ്ടും മൂന്നും നിലകളും പ്രവര്‍ത്തന സജ്ജമായിരിക്കും. വ്യാപാരികൾക്കും മാര്‍ക്കറ്റിലെത്തുന്ന ജനങ്ങള്‍ക്കും നിരവധി സൗകര്യങ്ങൾ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: The renovated new Ernakulam market will be operational by mid-December. Chief Minister Pinarayi Vijayan will inaugurate the new market.All the construction works of the market complex have been completed.