ജോലിക്ക് പോകുന്നവരും മറ്റ് യാത്രക്കാരുമെല്ലാം ഏത് നാട്ടിലായാലും ട്രെയിനിനെയും മറ്റുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെയും എല്ലാം ആശ്രയിക്കുന്നവരാണ്. ദക്ഷിണകൊറിയയിലെ സിയോളില്‍ ഒരു ട്രെയിന്‍ ഓപ്പറേറ്റര്‍ നാല് മിനിറ്റ് ടോയ്‍ലെറ്റ് ഉപയോഗിച്ചതും അതുമൂലം ഗതാഗത സംവിധാനം ആകമാനം തടസപ്പെട്ടതിനെക്കുറിച്ചും കൗതുകകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. വൃത്താകൃതിയിലുള്ള റൂട്ടില്‍ ഓടുന്ന സിയോളിന്റെ ലൈന്‍ 2വിലെ ഒരു ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് അടിയന്തരമായി ടോയ്‍ലെറ്റ് ബ്രേക്ക് എടുക്കേണ്ടിവന്നു. അതും വെറും നാല് മിനിറ്റ് മാത്രം.
പക്ഷേ ഈ ചെറിയ സമയം 125 ട്രെയിനുകളെയാണ് ഒറ്റയടിക്ക് ബാധിച്ചത്. ഈ ട്രെയിന്‍ വൈകിയതുകൊണ്ട് മറ്റ് ട്രെയിനുകള്‍ 20 മിനിറ്റോ അതിലധികമോ വൈകി ഓടേണ്ടി വന്നു. വളരെ കാര്യക്ഷമവും കൃത്യനിഷ്ഠയുള്ളതുമായ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പേരുകേട്ടതാണ് ദക്ഷിണ കൊറിയയിലെ സിയോള്‍.
ഇത്രയധികം ട്രെയിനുകളുടെ സമയത്തിന് കാലതാമസം വന്നിട്ടും യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിച്ചിട്ടില്ലന്ന് സിയോള്‍ മെട്രോ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് വലിയ തടസ്സമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ സിയോളിലെ ബബ്‌വേ പോലെയുള്ള വലിയ പൊതുഗതാഗത സംവിധാനത്തെ നിസ്സാരമെന്ന് തോന്നുന്ന തടസങ്ങള്‍ പോലും എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഈ സംഭവം എടുത്ത് കാണിക്കുകയാണ് ചെയ്യുന്നത്.
ദക്ഷിണകൊറിയയിലെ പൊതു മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്. കൊറിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ടുളള തൊഴിലാളികള്‍ അടുത്തമാസം പൊതുപണിമുടക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടും ജോലി സ്ഥലത്തെ വിവേചന ആരോപണങ്ങളില്‍ പ്രതിഷേധിച്ചുമാണ് 70,000 ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.
Content Highlights :The train operator went to the bathroom for four minutes, running 125 trains late