എവിടെയെങ്കിലും ട്രിപ്പ് പോകുമ്പോഴും പെട്ട് പോകുമ്പോഴും ഹോട്ടല്‍ മുറികളെ ആശ്രയിക്കുന്നവരായിരിക്കും പലരും. ചില ഹോട്ടല്‍ മുറികളുടെ ലക്ഷ്വറിയായിട്ടുള്ള അന്തരീക്ഷവും ഒരു പക്ഷേ നമ്മെ ഹോട്ടല്‍ മുറിയിലേക്ക് ആകര്‍ഷിക്കും. എന്നാല്‍ 63 ഹോട്ടല്‍ മുറികളില്‍ മാറി മാറി താമസിച്ച് തട്ടിപ്പ് നടത്തിയ ഒരു വിരുതന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്.
21 വയസിനിടയിലാണ് ജിയാങ് എന്ന് വിളിക്കപ്പെടുന്ന ചെറുപ്പക്കാരന്‍ 63 ഹോട്ടലുകളില്‍ തട്ടിപ്പ് നടത്തിയത്. ചൈനയിലെ ഷിയാങ് പ്രവിശ്യയിലാണ് സംഭവം. വൃത്തിഹീനമായ വസ്തുക്കള്‍ നിക്ഷേപിച്ച് ഹോട്ടല്‍മുറി ശുചിത്വമില്ലാതാക്കും. തുടര്‍ന്ന് പരാതി നല്‍കുകയും ഹോട്ടല്‍ മുറിയുടെ പണം നല്‍കാതിരിക്കുകയോ നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്യുന്നതാണ് ഇയാളുടെ രീതി.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിയാങ് ആദ്യമായി തട്ടിപ്പ് നടത്തിയത്. യാത്രകള്‍ നടത്താന്‍ കോളേജില്‍ ചേരുന്നതിന് പകരം തന്റെ സര്‍വകലാശാല ട്യൂഷന്‍ പണം ഉപയോഗിക്കുകയായിരുന്നു ജിയാങ്. തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളോ, തൊഴിലുകളോ നോക്കാതെ സൗജന്യ താമസത്തിനും പണത്തിനും വേണ്ടി ഹോട്ടലുകളെ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് ഇയാളെത്തി.
പിന്നാലെ വിവിധ ഹോട്ടലുകളില്‍ വൃത്തിഹീനമായ വസ്തുക്കളുമായി ജിയാങെത്തി. ഇതില്‍ പാറ്റ, കോണ്ടം, മുടി തുടങ്ങിയ വസ്തുക്കളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഹോട്ടല്‍ മാനേജ്‌മെന്റിനോട് ഹോട്ടല്‍ മുറികള്‍ വൃത്തിയില്ലെന്ന് പരാതി നല്‍കും. തനിക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വിവരം ഓണ്‍ലൈന്‍ വഴി പൊതുസമൂഹത്തെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തും. ഈ ഭീഷണിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ ഭയപ്പെടുകയും ഇയാളുടെ ഭീഷണിയില്‍ വീഴുകയും ചെയ്യും.
പത്ത് മാസത്തിനുള്ളില്‍ നിരവധി ഹോട്ടലുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ തിരഞ്ഞെടുത്തത് മിഡ് റേഞ്ച് ഹോട്ടലുകളായിരുന്നു. ഇത്തരത്തില്‍ ഹോട്ടല്‍ തട്ടിപ്പില്‍ നിന്നും ഏകദേശം 38,000 യോന്‍ (4.39 ലക്ഷം രൂപ) ആണ് തട്ടിയെടുത്തത്. ഈ മാസം ഓഗസ്റ്റ് എട്ടിനാണ് ജിയാങ് പിടിക്കപ്പെടുന്നത്. സമാന രീതിയില്‍ ജിയാങ് ഒരു ഹോട്ടലില്‍ പോകുകയും ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ജിയാങ്ങില്‍ സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ കി ജിയാങ്ങിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ജിയാങ്ങിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അന്വേഷണത്തിനൊടുവില്‍ എല്ലാ ഹോട്ടലുകളിലും ഇയാള്‍ സമാനരീതികളാണ് അവലംബിച്ചതെന്നായിരുന്നു കണ്ടെത്തല്‍.
Content Highlights: 21 aged men scammed hotels and collect 4 lakhs in China