ഒരു കാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ചൈനയായിരുന്നു. എന്നാല്‍ നിലവില്‍ രണ്ടാം സ്ഥാനത്തെത്തിയ ചൈനയുടെ ജനസംഖ്യ 14.1 ലക്ഷത്തിലെത്തിയിരിക്കുകയാണ്. അതേസമയം ഈ ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളത് പ്രായാധിക്യം വന്നവരാണെന്നത് രാജ്യത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ മാറ്റം ഭാവിയില്‍ ചൈനയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രധാനമായും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ തൂണുകളെന്ന് കണക്കാക്കുന്ന യുവാക്കളില്‍ വിവാഹത്തിലും സ്‌നേഹബന്ധത്തിലുമൊക്കെ വന്ന മാറ്റങ്ങളാണ് ഈ ആശങ്കയുടെ പ്രധാന കാരണമായി വിലയിരുത്തുന്നത്. 57 ശതമാനം കോളേജ് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായി പോളുകളെ ഉദ്ധരിച്ച് ഷിയാങ്‌സു ഷിങ്വ പത്രപ്രവര്‍ത്തക ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കോളേജ് വിദ്യാര്‍ത്ഥികളുടെ ഈ സമീപനത്തെ വളരെ വ്യത്യസ്തമായ രീതിയിലാണ് ചൈനീസ് സര്‍ക്കാര്‍ നേരിടുന്നത്. കോളേജുകളിലും സര്‍വകാലശാലകളിലും വിവാഹം, പ്രേമം, പ്രത്യുല്‍പ്പാദനം, കുടുംബം എന്നിവയെക്കുറിച്ച് പോസിറ്റീവായുള്ള കാഴ്ചപ്പാട് ഒരുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ലവ് എഡ്യുക്കേഷന്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇത്തരം നടപടികള്‍ യുവാക്കളെ സ്വാധീനിക്കില്ലെന്ന് ജനസംഖ്യാശാസ്ത്രജ്ഞരും വാദിക്കുന്നു.
കര്‍ക്കശമായ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ തന്നെ അക്കാദമികമായ സമ്മര്‍ദ്ദത്തില്‍ നിന്ന് കൊണ്ട് ഒരു പ്രണയബന്ധത്തിലേര്‍പ്പെടാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നില്ലെന്നതാണ് പ്രധാന കാരണം. ഉന്നത സര്‍കവകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുക ചൈനയില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയായ ഗവോക്കാവോയോ, ദേശീയ പ്രവേശന പരീക്ഷയോ പാസായാല്‍ മാത്രമേ ചൈനയില്‍ ഉന്നത സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുകയുള്ളു.
ഈ പരീക്ഷകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ പരിശീലനം ആരംഭിക്കണം. സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചാലും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അക്കാദമിക പ്രകടനം ആവശ്യമായതിനാല്‍ തന്നെ സമ്മര്‍ദ്ദം വീണ്ടും ഉയരും. ഇതിനിടയില്‍ പ്രണയിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. തൊഴിലില്ലായ്മയും പ്രണയിക്കാനും വിവാഹിതരാകാനും സാധിക്കാത്തതിന്റെ മറ്റൊരു കാരണമാണ്.
നിലവില്‍ ചൈനയിലെ വിവാഹനിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. വിവാഹത്തിന് തയ്യാറാകുന്ന യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയാണെന്ന് ചൈനയിലെ സിംഗുവ സര്‍വകലാശാലയിലെ എവര്‍ഗ്രേഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയില്‍ പറയുന്നു. 2013ല്‍ 1.347 കോടി വിവാഹ രജിസ്‌ട്രേഷനാണ് ചൈനയില്‍ നടന്നതെങ്കില്‍ 81.3 ലക്ഷം രജിസ്‌ട്രേഷനാണ് 2020ല്‍ നടന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്തെ അനുസരിച്ചും വിവാഹനിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. കൂടുതല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ വിവാഹനിരക്ക് കുറവാണെന്നാണ് സര്‍വേയിലെ സൂചന. ഈ വര്‍ഷം ആദ്യ മൂന്ന് പകുതിയില്‍ 47.4 ലക്ഷം ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അടുത്തിടെ ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകള്‍ പ്രകാരം 16.6 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. 56.9 ലക്ഷമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്.
വിവാഹനിരക്കിന്റെ കുറവ് കാരണം ചൈനയിലെ ജനനിരക്കിലും സാമ്പത്തിക രംഗത്തും ഇടിവ് സംഭവിച്ചിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പ്രകാരം ജനസംഖ്യ 28 ലക്ഷം അഥവാ 0.15 ശതമാനം കുറഞ്ഞു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ 140.9 കോടിയിലെത്തി. കൊവിഡ് മൂലമുള്ള മരണമാണ് പ്രധാനമായും ജനസംഖ്യ കുറയാനുള്ള കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സമയത്ത് ജനനനിരക്കിലും 5.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
ജനനനിരക്ക് കുറയുന്നതിന്റെ ഭാഗമായി ചൈനയിലെ ആയിരക്കണക്കിന് കിന്‍ഡര്‍ഗാര്‍ഡനുകള്‍ അടച്ചു പൂട്ടിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം കിന്‍ഡര്‍ഗാര്‍ഡനില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 11.55 ശതമാനമായി കുറഞ്ഞു. 4.09 കോടി കുട്ടികള്‍ ചേരുന്ന സ്ഥാനത്ത് 53.5 ലക്ഷം കുട്ടികള്‍ മാത്രമേ കിന്‍ഡര്‍ഗാര്‍ഡനില്‍ അഡ്മിഷനെടുത്തിട്ടുള്ളു.
Content Highlights: Chinese Government implement Love Education to college Students