ചൈനയില്‍ അടുത്തിടെ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോഷൂട്ടിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലാകെ ചര്‍ച്ച നടക്കുകയാണ്. 'പ്രീ സെറ്റ് ഫോട്ടോഷൂട്ടുകള്‍' . എന്താണ് പ്രീ സെറ്റ് ഫോട്ടോ ഷൂട്ടുകള്‍. അവിവാഹിതരും 20-25 വയസിനിടയിലുള്ളവരുമായ പെണ്‍കുട്ടികള്‍ വ്യാജ ഗര്‍ഭധാരണ ഫോട്ടോ ഷൂട്ട് അതായത് കൃത്രിമമായി ഉണ്ടാക്കിയെടുത്ത 'ഗര്‍ഭിണി വയറു'മായി ഫോട്ടോ ഷൂട്ട് നടത്തുന്ന രീതിയാണിത്. സ്ത്രീകള്‍ ഗര്‍ഭിണിയാകാതെ മാതൃത്വത്തെ കുറിച്ചുള്ള ആശയം ആഘോഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പലരും പറയുന്നത് അനുസരിച്ച് പല സ്ത്രീകളും തങ്ങളുടെ യൗവ്വനം ആഘോഷിക്കുന്നതിനും ഗര്‍ഭാവസ്ഥയിലുള്ള ശാരീരിക മാറ്റങ്ങള്‍ ഒഴിവാക്കി ഫോട്ടോഷൂട്ട് നടത്തുന്നതിനുമായിട്ടാണ് ഇത്തരത്തിലുള്ള ഫോട്ടോകളെടുക്കുന്നത്. പ്രായമാകുമ്പോഴുള്ള ശാരീരിക മാറ്റങ്ങള്‍ ഒഴിവാക്കി ഈ അവസ്ഥയില്‍ തങ്ങള്‍ ഗര്‍ഭം ധരിച്ചാല്‍ എങ്ങനെയുണ്ടാകും എന്നറിയാനുള്ള കൗതുകവും പല പെണ്‍കുട്ടികള്‍ക്കുമുണ്ട്.
പെട്ടൊന്നൊന്നും വിവാഹിതയാകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും 23ാം വയസില്‍ താന്‍ ഗര്‍ഭകാല ഫോട്ടോകള്‍ എടുത്തതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ക്ക് താഴെ ഒരു 26 വയസുകാരി അഭിപ്രായം രേഖപ്പെടുത്തി. 22ാം വയസില്‍ താന്‍ ഫോട്ടോകള്‍ എടുത്തുവച്ചതായി മറ്റൊരു പെണ്‍കുട്ടിയും പറയുകയുണ്ടായി. വ്യാജ ഗര്‍ഭ വയറുകള്‍ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളെ അനുകരിക്കാന്‍ വ്യത്യസ്ത വലിപ്പങ്ങളില്‍ ഇവ വാങ്ങാന്‍ കിട്ടും. യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണി ആകാതെ ഫോട്ടോഷൂട്ട് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് സൗകര്യപ്രദമായ മാര്‍ഗ്ഗമാണ്.
എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുമ്പോഴും അത് വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. പ്രായമായവര്‍ പലരും പറയുന്നത് ഫോട്ടോകള്‍ക്കായി ഗര്‍ഭിണിയാണെന്ന് നടിക്കുന്ന ആശയത്തോട് യോജിക്കുന്നില്ല. ഈ വ്യാജ മെറ്റേണിറ്റി ഷൂട്ടുകള്‍ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അനാദരവായി തോന്നിയേക്കാമെന്നും ആളുകള്‍ പറയുന്നുണ്ട്.
Content Highlights :What are preset photo shoots?