ജനസംഖ്യാ നിരക്ക് കുത്തനെ കുറഞ്ഞുവരുന്നതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് റഷ്യയും ചൈനയും ജപ്പാനും. ജനനനിരക്ക് വർധിപ്പിക്കുന്നതിനായി ഓരോ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഈ രാജ്യങ്ങൾ. അത്തരത്തിൽ ജനസംഖ്യാ നിരക്ക് വർധിപ്പിക്കുന്നതിനായി റഷ്യ തുടങ്ങി വെച്ച പദ്ധതിയാണ് അന്താരാഷ്ട്രതലത്തിലും ചർച്ച ചെയ്യപ്പെടുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾക്ക് റഷ്യയിലെ കരേലിയ ഭരണകൂടം 100,000 റൂബിൾസ് (ഏകദേശം 81,000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നതായാണ് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 25 വയസ്സിന് താഴെയുള്ള, ഒരു പ്രാദേശിക സർവകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥികളോ കരേലിയയിലെ താമസക്കാരോ ആയവർക്കാണ് പണം ലഭിക്കുക.
ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന അമ്മമാർക്കാകും ബോണസ് ലഭിക്കുകയെന്ന് കൃത്യമായി നിയമ വ്യവസ്ഥയിൽ പറയുന്നുണ്ട്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജന്മം നൽകുന്ന ചെറുപ്പക്കാരായ അമ്മമാർ പേയ്‌മെൻ്റിന് യോഗ്യരാണോ എന്ന നയം അധികൃതർ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ശിശു സംരക്ഷണത്തിൻ്റെയും പ്രസവാനന്തര ശുശ്രൂഷകളുടെയും ചെലവുകൾക്കായി അവർക്ക് അധിക ബോണസ് പേയ്‌മെൻ്റുകൾ ലഭിക്കുമോ എന്നും പ്രസ്താവനയിൽ വ്യക്തമല്ല.
ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനാലാണ് റഷ്യ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്കരിച്ചത്. 2024-ൻ്റെ ആദ്യ പകുതിയിൽ 599,600 കുട്ടികൾ മാത്രമാണ് ജനിച്ചത്. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. റഷ്യയിലെ മറ്റ് പ്രദേശങ്ങളും ജനന നിരക്ക് കൂട്ടാന്‍ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
2025 ഓടെ ദേശീയ ഗവൺമെൻ്റ് മെറ്റേണിറ്റി പേയ്‌മെൻ്റുകളും വർധിപ്പിച്ചിട്ടുണ്ട്. 2025 മുതൽ അമ്മമാർക്ക് 677,000 റൂബിൾസ് (ഏകദേശം $6,150) ലഭിക്കും. കൂടാതെ രണ്ടാമത്തെ കുട്ടിയുള്ള അമ്മമാർക്ക് 894,000 റൂബിള്‍സിനും (ഏകദേശം $8,130) അർഹതയുണ്ട്.
കുറഞ്ഞ ജനനനിരക്ക്, ഉയർന്ന മരണനിരക്ക്, കുടിയേറ്റം എന്നിവ കാരണം റഷ്യയിലെ ജനസംഖ്യ കുറയുന്നത് പലപ്പോഴും വലിയ വാർത്തയാണ്. ഉക്രെയ്നിലെ യുദ്ധം സ്ഥിതി കൂടുതൽ വഷളാക്കി. ഇത് ഉയർന്ന നാശനഷ്ടങ്ങൾക്കും വിദേശത്തുള്ള പൗരന്മാരുടെ കൂട്ട പലായനത്തിനും കാരണമായി. ക്യാഷ് ഇൻസെൻ്റീവ്, ഹൗസിംഗ് സപ്പോർട്ട് തുടങ്ങി വിവിധ നടപടികളിലൂടെയും ജനന നിരക്ക് ഉയർത്താൻ റഷ്യൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
Content Highlights: Female students below 25 years of age who give birth to a healthy baby will be rewarded with 100,000 rubles (about Rs. 81,000) in Russia