ശ്രദ്ധിച്ചിട്ടില്ലേ ചില വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണ്. തൊട്ടതിനും പിടിച്ചതിനും ഒക്കെ അഭിപ്രായ വ്യത്യാസം. ടൗവ്വല്‍ കട്ടിലില്‍ ഇടുന്നതിനോ, ചീപ്പില്‍ മുടി ഇരിക്കുന്നതിനോ, സാധനങ്ങള്‍ സ്ഥാനം മാറ്റി വച്ചിരിക്കുന്നതിനോ ഒക്കെ തുടങ്ങി സാമ്പത്തിക കാര്യങ്ങളിലും വ്യക്തിസ്വാതന്ത്യത്തിലും വരെ പരസ്പരം ഇടപെട്ട് എന്നും അടിയും വഴക്കുമൊക്കെയായി ജീവിതം മുന്നോട്ട് പോകുന്നതിലും നല്ലത് എന്തായിരിക്കും? ഒറ്റ വാക്കില്‍ പിരിയാം എന്നായിരിക്കും എല്ലാവരും പറയാന്‍ പോകുന്ന ഉത്തരം. പക്ഷേ അങ്ങനെയല്ല. അവിടെയാണ് 'ലിവിംഗ് എപ്പാര്‍ട്ട് ടുഗെദര്‍' അല്ലെങ്കില്‍ LAT ചർച്ചയാകുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഒരു പ്രവണതയാണ് ലിവിംഗ് എപ്പാര്‍ട്ട് ടുഗെദര്‍. പരസ്പരം അടികൂടിയുള്ള സഹവാസം ഒഴിവാക്കുന്നതാണ് ഇതിലൂടെ ചെയ്യുന്നത്. വിവാഹിതരാണെങ്കിലും വെവ്വേറെ വീടുകളിലോ ഇടങ്ങളിലോ താമസിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ശാരീരിക അകലം എന്നത് യാഥാര്‍ഥ്യമാണെങ്കിലും പരസ്പരം പ്രണയവും വൈകാരികതയും നിലനിര്‍ത്താന്‍ ഇങ്ങനെയുള്ള മാറി താമസിക്കലിലൂടെ സാധിക്കും. ദമ്പതികള്‍ ഒരുമിച്ച് ജീവിക്കുക എന്ന പരമ്പരാഗത മാനദണ്ഡത്തിന് ഒരു വെല്ലുവിളിയാണ് ഇതെങ്കിലും പലര്‍ക്കും സ്വീകാര്യമായിട്ടുള്ള കാര്യമാണ് ഇതെന്നതാണ് വാസ്തവം. ജീവിതത്തില്‍ അടുപ്പം ഉള്ളതുപോലെ തന്നെ അകന്നിരിക്കുന്നതും ഇടയ്ക്ക് നല്ലതാണ്.
എന്നുവച്ച് അവര്‍ ഒരിക്കലും കാണാതിരിക്കുമെന്നോ ഒന്നിച്ചിരിക്കാതിരിക്കുമെന്നോ അല്ല. പരസ്പരം കണ്ടുമുട്ടാനും ഇടയ്ക്ക് ഒരുമിച്ച് താമസിക്കാനും ഉത്തരവാദിത്തങ്ങള്‍ പങ്കുവച്ച് ചെയ്യാനും ഒക്കെ അവര്‍ ശ്രമിക്കും. ഇതിലൂടെ ബന്ധം ഊഷ്മളതയോടെ നിലനിര്‍ത്താനും പരസ്പര സഹവാസം മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും കഴിയും. കൂടാതെ ആശയവിനിമയ ശേഷി കൂടുകയും. പങ്കാളി തനിക്ക് ആരാണ് എന്ന് മനസിലാക്കാനും ഒരു അവസരമാണ് നല്‍കുന്നത്. മാത്രമല്ല ഓരോ വ്യക്തിക്കും അവരുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വന്തം ജീവിതശൈലി നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സഹായിക്കുകയും ചെയ്യും. എല്ലാവര്‍ക്കും അനുയോജ്യമല്ലെങ്കിലും ലിവിംഗ് എപ്പാര്‍ട്ട് ടുഗതര്‍ ചില ദമ്പതികള്‍ക്കിടയില്‍ നന്നായി ഗുണം ചെയ്യും.
Content Highlights :Living apart together is a growing trend among married couples in other countries