സിനിമാ താരങ്ങളും മറ്റ് പ്രശസ്തരായ വ്യക്തികളും അടക്കം അവരുടെ സൗന്ദര്യസംരക്ഷണത്തിന് ബോട്ടോക്‌സ് അടക്കമുള്ള ചികിത്സാ രീതികള്‍ സ്വീകരിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ മൃഗങ്ങളിലും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനൊരു സംഭവമാണ് സൗദി അറേബ്യയില്‍ നിന്ന് പുറത്തുവരുന്നത്. കിങ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവെലില്‍ നിന്ന് 40ല്‍ അധികം ഒട്ടകങ്ങളാണ് ബോട്ടോക്‌സ് കുത്തിവെപ്പുകളെടുത്തെന്ന പേരില്‍ പുറത്തായത്.
ഒട്ടകങ്ങളുടെ സാംസ്‌കാരിക പ്രാധാന്യവും പൈതൃകവും ആഘോഷിക്കപ്പെടുന്നതിനായി വര്‍ഷാ വര്‍ഷം സൗദിയില്‍ നടത്തി വരുന്ന പരിപാടിയാണ് കിങ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവല്‍. മത്സരാര്‍ത്ഥികള്‍ അവരുടെ ഏറ്റവും മികച്ച ഒട്ടകങ്ങളുമായാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഒട്ടകങ്ങള്‍ക്കായുള്ള സൗന്ദര്യമത്സരവും ഓട്ടകഓട്ട മത്സരവുക്കെ പരിപാടിയുടെ ഭാഗമായി നടക്കാറുണ്ട്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടകങ്ങള്‍ റേറ്റ് ചെയ്യപ്പെടുകയും ചെയ്യും.
ഇത്തവണ കാമല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരുന്ന 40ല്‍ അധികം ഒട്ടകങ്ങളെയാണ് കൃത്രിമം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പുറത്താക്കിയത്. മത്സരബുദ്ധി കൂടിയ ചിലര്‍ തങ്ങളുടെ ഒട്ടകങ്ങളെ ആകർഷണമുള്ളവയാക്കാനാണ് ബോട്ടോക്‌സ് കുത്തിവെപ്പുകള്‍ എടുത്തത്. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ തട്ടിപ്പ് കയ്യോടെ പൊക്കി. മത്സരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
Content Highlights: Artificial beauty gone too far? 40 Camels disqualified for Botox use at Saudi Camel Festival