ജെന്‍ സി തലമുറയുടെ കാലമാണ്. ഏതൊരു തൊഴിലിടത്തിലും പുതുതായി ജോലി പ്രവേശിക്കുന്നയാള്‍ ജെന്‍ സിക്കാരാണ്. പക്ഷെ അവരെ കാത്തിരിക്കുന്ന ടീം ലീഡും മറ്റു മേലുദ്യോഗസ്ഥരും 90കളിലെയും എണ്‍പതുകളിലെയും വസന്തങ്ങളും. തലമുറകള്‍ തമ്മിലുള്ള ഈ അന്തരം എല്ലാക്കാലത്തും ഒരു വെല്ലുവിളിയാണെങ്കിലും ജെന്‍ സിക്കാര്‍ പൊതുവെ തൊഴില്‍ദാതാക്കളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എന്താണ് കാരണം?
പൊതുവെ ഈസി ഗോയിങ് പ്രകൃതക്കാരാണ് ജെന്‍ സികള്‍. പുതിയ ചില ട്രെന്‍ഡുകളും തൊഴില്‍ മേഖലയില്‍ ഇവര്‍ തുടങ്ങിവച്ചതായാണ് വിമര്‍ശനം. അതിലൊന്നാണ് നിശബ്ദമായുള്ള പിന്മാറ്റം(Quiet quitting). ഒദ്യോഗികമായി അറിയിക്കാതെ, അല്ലെങ്കില്‍ രാജിക്കത്തു നല്‍കാതെ ജോലിയില്‍നിന്ന് ഒഴിഞ്ഞുപോകുന്നതിനെയാണ് നിശബ്ദ പിന്മാറ്റം എന്നു വിശേഷിപ്പിക്കുന്നത്.
മാറ്റങ്ങളെ അതിവേഗം ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇവര്‍ക്ക് കുറവാണെന്നും പറയപ്പെടുന്നു. ഇവര്‍ പ്രഥമ പരിഗണന നല്‍കുന്നത് സ്വന്തം മാനസികാരോഗ്യത്തിനാണ്. തൊഴിലിടത്തിലെ ചെറിയ സമ്മര്‍ദങ്ങളെയും മേലാധികാരിയുടെ പ്രതീക്ഷയെയും താങ്ങാനുള്ള മാനസിക കരുത്ത് ഇവര്‍ക്ക് ഉണ്ടാകില്ല. ഇവര്‍ അമിത സമ്മര്‍ദത്തിന് അടിപ്പെടുകയും അതേക്കുറിച്ച് നിരന്തരമായി പരാതിപ്പെടുകയും ചെയ്യും. ഫീഡ്ബാക്കുകള്‍ താങ്ങാന്‍ പോലും കെല്‍പില്ലാത്തവരാണ് പലരും. പെട്ടെന്നുതന്നെ ഇവരുടെ ശ്രദ്ധ വ്യതിചലിക്കും.
രാവിലെ 9 മുതല്‍ അഞ്ചുവരെയുള്ള തൊഴില്‍ സമയം എന്ന പാരമ്പര്യവാദത്തെയും ഇവര്‍ അംഗീകരിക്കാന്‍ മടിക്കുന്നു.
സമയത്തിലെന്തുകാര്യം ചെയ്യുന്ന ജോലി വിലയിരുത്തിയാല്‍ മതിയില്ലേ എന്നതാണ് ജെന്‍ സിക്കാരുടെ നിലപാട്. ചിലര്‍ക്കാണെങ്കില്‍ ആത്മവിശ്വാസക്കുറവ് പ്രകടമാണ്. നിരന്തരമായി ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടി വരുന്നു. അതുപോലെ പ്രൊഫഷണലിസം കുറവാണെന്നും, തൊഴില്‍ മര്യാദകളില്ലെന്നും തൊഴില്‍ദായകര്‍ ആരോപിക്കുന്നു. പാരമ്പര്യ തൊഴില്‍ ചട്ടക്കൂടുകളെയും ഇവര്‍ അംഗീകരിക്കുന്നില്ല.
ജെന്‍ സിക്കാര്‍ക്ക് മാത്രമുള്ള ചില ഗുണങ്ങളുമുണ്ട്. പുത്തന്‍ ആശയങ്ങള്‍ക്ക് ഇവര്‍ക്കിടയില്‍ പഞ്ഞമുണ്ടാകില്ല. പാഷനേക്കാള്‍ സാമ്പത്തിക സുരക്ഷിതത്വത്തിനും മികച്ച തൊഴിലിനും പ്രധാന്യം നല്‍കുന്നവരാണ് ഇവര്‍. അതുചോദിച്ച് നേടിയെടുക്കാനും ഇവര്‍ മടിക്കില്ല. അതുപോലെ കാലാവസ്ഥാവ്യതിയാനങ്ങള്‍ ജെന്‍ സിക്കാരെ ആശങ്കപ്പെടുത്താറുണ്ട്. സാങ്കേതിക പരിജ്ഞാനവും എടുത്തുപറയേണ്ട സവിശേഷതയാണ്.
ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാന്‍ അറിയാത്തതായിരുന്നു മില്ലേനിയല്‍സിന്റെ പരാജയമെങ്കില്‍ ജെന്‍ സിക്കാര്‍ ഇക്കാര്യത്തില്‍ മിടുക്കരാണ്. അതിന് അവര്‍ക്ക് സഹായകമായത് കോവിഡ് കാലത്തെ അനുഭവമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Content Highlights: Is Gen Z an employer’s nightmare?