'ഒറ്റപ്പെടൽ' എന്നത് ഏറെ ഭീകരമായ ഒരു അവസ്ഥയാണ്. ഇത് മനുഷ്യന്മാര്‍ക്ക് മാത്രമല്ല മീനുകളെയും ഏറെ പ്രയാസപ്പെടുത്തുന്നുവെന്നാണ് ജപ്പാനിലെ അക്വേറിയം അധികൃതര്‍ പറയുന്നത്. ഈ ഒറ്റപ്പെടല്‍ കൊണ്ട് ദുഃഖം അനുഭവിക്കുന്ന മത്സ്യങ്ങളെ തിരികെ കൊണ്ടുവരാനായി ഒരു പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ജപ്പാനിലെ ഷിമോനോസെകിയിലുള്ള കായുകന്‍ അക്വേറിയത്തിലെ അധികൃതർ. മത്സ്യത്തിൻ്റെ സന്തോഷവും ആരോഗ്യവും തിരിച്ചുപിടിക്കാനായി അക്വേറിയത്തിൽ മനുഷ്യരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്നു പരീക്ഷണം.
2024 ഡിസംബറിലാണ് ജപ്പാനിലെ കായുകന്‍ എന്ന അക്വോറിയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നത്. അക്വേറിയം അടച്ചതോടെ സന്ദര്‍ശകരുടെ വരവും നിന്നു, ഇത് അക്വേറിയത്തിലെ മീനുകളെ കാര്യമായി ബാധിക്കാൻ തുടങ്ങിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അക്വേറിയത്തിലുണ്ടയ സണ്‍ഫിഷ് എന്ന മീനാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.
സണ്‍ഫിഷ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയെന്നും ശരീരം അക്വേറിയത്തില്‍ ഉരസാന്‍ തുടങ്ങിയെന്നും ഇത് മറ്റ് സണ്‍ഫിഷുകളെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയെന്നും ജാപ്പനിസ് പത്രമായ മൈനച്ചി ഷിംബുന്‍ റിപ്പോര്‍ട്ട് ചെയ്തു. സൺഫിഷിൻ്റെ ഈ മാറ്റത്തിന് കാരണം ആരോഗ്യപ്രശ്‌നമാണെന്നാണ് ജീവനക്കാര്‍ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് അക്വേറിയത്തില്‍ സന്ദര്‍ശകര്‍ വരാത്തതും പുനുരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ശബ്ദവും മത്സ്യത്തെ കാര്യമായി ബാധിച്ചതായി മനസിലാക്കുന്നത്.
അക്വേറിയത്തിലെത്തുന്ന സന്ദര്‍ശകര്‍ വരാതായതാണോ ഇതിന് പിന്നിലെന്നറിയാനായിട്ടാണ് മനുഷ്യരുടെ മുഖം പതിച്ച കട്ടൗട്ടുകള്‍ അക്വേറിയത്തില്‍ സ്ഥാപിച്ചത്. കട്ടൗട്ടുകള്‍ സ്ഥാപിച്ച ശേഷം സൺഫിഷിന് ഭക്ഷണം നല്‍കിയപ്പോള്‍ അത് കഴിച്ചതായും ജീവനക്കാർ നിരീക്ഷിച്ചു. കൂടാതെ പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായ സണ്‍ഫിഷിനെയാണ് പിന്നീട് ജീവനക്കാര്‍ക്ക് കാണാന്‍ സാധിച്ചത്.
മീനുകളെ സന്തോഷിപ്പിക്കാൻ മനുഷ്യരുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്ന ആദ്യത്തെ സംഭവമല്ല ജപ്പാനിലേത്. 2020 കൊവിഡ് കാലത്ത് ലോക്ക്ഡൗൺ സമയത്ത് ടോക്കിയോയിലെ സുമിദ അക്വേറിയം സമാന തന്ത്രം പ്രയോഗിച്ചിരുന്നു.
Content Highlights: Japanese Aquarium Puts Cutouts Of people to Comfort Lonely Sunfish