ഉറക്കത്തിനിടയില്‍ കൂര്‍ക്കം വലിച്ചോ, എത്ര തവണ? ശ്വാസ തടസ്സമുണ്ടായോ അറിയാം; ജപ്പാനിലെ 9 അവര്‍ സ്ലീപ് ലാബുകള്‍

നിങ്ങളുടെ ഉറക്കം എങ്ങനെയുണ്ടായിരുന്നുവെന്ന് പൂര്‍ണമായി അവലോകനം ചെയ്തുകൊണ്ട് ഉറങ്ങാനൊരിടം. അതാണ് ജപ്പാന്‍ വിഭാവനം ചെയ്ത ഒന്‍പത് മണിക്കൂര്‍ സ്ലീപ് ലാബ്.

dot image

ത്ര മണിക്കൂര്‍ ഉറങ്ങി, ഉറക്കത്തിനിടയില്‍ കൂര്‍ക്കം വലിച്ചോ? എത്ര ശബ്ദത്തിലാണ് കൂര്‍ക്കം വലിച്ചത്? ശരിയായ രീതിയില്‍ ശ്വാസമെടുത്തിരുന്നോ അല്ലെങ്കില്‍ എത്രതവണയാണ് അസ്വാഭാവികമായി ശ്വാസമെടുത്തത്? ഹൃദയമിടിപ്പ് സാധാരണമായിരുന്നോ തുടങ്ങി നിങ്ങളുടെ ഉറക്കം എങ്ങനെയുണ്ടായിരുന്നുവെന്ന് പൂര്‍ണമായി അവലോകനം ചെയ്തുകൊണ്ട് ഉറങ്ങാനൊരിടം. അതാണ് ജപ്പാന്‍ വിഭാവനം ചെയ്ത ഒന്‍പത് മണിക്കൂര്‍ സ്ലീപ് ലാബ്.

ടോക്കിയോ പോലുള്ള നഗരങ്ങളുടെ തിരക്കുകൂടി കണക്കിലെടുത്താണ് ക്യാപ്‌സൂള്‍ പരുവത്തിലുള്ള ഈ ഉറക്ക അറകള്‍ ജപ്പാന്‍ നിര്‍മിച്ചത്. കിടക്കയും തലയിണയും പുതപ്പും ഉള്‍പ്പെടെ ഉറങ്ങാന്‍ അത്യാവശ്യമായ സൗകര്യങ്ങള്‍ മാത്രമുള്ള ചെറിയ അറയാണെങ്കിലും വലിയ ബുദ്ധിമുട്ടുകളില്ലാതെ സുഖമായി ഇരിക്കുന്നതിനും കിടക്കുന്നതിനും ഇതില്‍ സൗകര്യമുണ്ട്. ഓരോ അറയ്ക്കും 3.5 അടി വീതിയും ഏഴ് അടി നീളവുമുണ്ട്. കൂടാതെ ചെറിയൊരു സ്‌ക്രീനും ഹെഡ്‌ഫോണും അറയ്ക്കുള്ളിലുണ്ട്.

ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വച്ചതുപോലെയാണ് ഉറക്ക അറകളുടെ നിര്‍മാണം. മുകളിലാണ് ലഭിക്കുന്നതെങ്കില്‍ ചെറിയൊരു ഗോവണി ഉപയോഗിച്ച് മുകളിലെ ഉറക്ക അറയിലേക്ക് പ്രവേശിക്കാം. കയറാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ബുക്ക് ചെയ്യുമ്പോള്‍ തന്നെ താഴെയുള്ള ഉറക്ക അറയ്ക്ക് മുന്‍ഗണന നല്‍കി ബുക്ക് ചെയ്യാം. ഒന്നിനുമുകളില്‍ ഒന്നായാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നതെങ്കിലും തൊട്ടടുത്ത അറയില്‍ നിന്നുള്ള യാതൊരു ശബ്ദവും നിങ്ങളെ ശല്യം ചെയ്യില്ല. തികച്ചും ശാന്തവും നിശബ്ദവുമായ അന്തരീക്ഷമായിരിക്കും ഇവിടെ. സ്വകാര്യതയും ഉറപ്പുനല്‍കുന്നു. അറയ്ക്കുള്ളിലെ വെളിച്ചം നിങ്ങള്‍ക്കിഷ്ടമുളളതുപോലെ ക്രമീകരിക്കാം. കാലാവസ്ഥയ്ക്കനുസരിച്ച് താപനിലയും ക്രമീകരിച്ചിരിക്കും. സൗജന്യ വൈഫൈ, ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി പോര്‍ട്ട് എന്നിവയും അറയിലുണ്ട്.

9 മണിക്കൂര്‍ നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ കഴിയുന്ന ഒരു സ്വകാര്യ കൊക്കൂണിന് 3000 മുതല്‍ 5000 യെന്‍ വരെയാണ് വാടക. ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെക്ക് ഇന്‍ സ്റ്റാര്‍ട്ട് ചെയ്യും. രാവിലെ 10 മണിയോടെ ചെക്കൗട്ട് ചെയ്യണം. ജപ്പാന്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയാണ് നിങ്ങളെങ്കില്‍ ലഗേജ് എവിടെ വയ്ക്കുമെന്നോര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യവുമില്ല. അതിനായി താഴെയുള്ള നിലയില്‍ പ്രത്യേകം ലോക്കര്‍ സൗകര്യങ്ങളുണ്ട്. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത ഫ്‌ളോറുകളിലാണ് താമസിക്കുന്നത്. പൊതുശൗചാലയമായിരിക്കും ഇവര്‍ ഉപയോഗിക്കേണ്ടി വരിക. സാധാരണ ഹോട്ടലുകളില്‍ നിന്ന് ഭിന്നമായി തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇത്.

അറയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി നിങ്ങള്‍ക്ക് അവര്‍ നിശാവസ്ത്രവും സ്ലിപ്പറുകളും ടൂത്ത്ബ്രഷും, സോപ്പും, ഷാംമ്പൂവും ടൂത്ത്‌പേസ്റ്റും അടങ്ങിയ ടോയലറ്റ് കിറ്റും നല്‍കും. നിങ്ങളുടെ പാദരക്ഷകള്‍ മാറ്റി അവര്‍ നല്‍കിയ സ്ലിപ്പര്‍ ഇട്ടുമാത്രമായിരിക്കും പ്രവേശനം. ഇവിടെ പുകവലി അനുവദിക്കില്ല. തനിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഉചിതമായ താമസസ്ഥലമാണ് ഇത്. നിരവധി ഹോട്ടലുകളാണ് നയന്‍ അവേഴ്‌സ് ക്യാപ്‌സൂള്‍ സ്ലീപ് ലാബുകള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlights: 9h Nine Hours Capsule Hotel

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us