കാൻസറിനോടുള്ള പോരാട്ടത്തിൽ തനിക്ക് നഷ്ടമായ തന്റെ വലതുകൈയ്ക്ക് സംസ്കാരചടങ്ങുകൾ നടത്തി യുവതി. യുഎസ് സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എൽഡിയാര ഡൗസെറ്റ് എന്ന യുവതിയാണ് വലതുകൈ തനിക്ക് നൽകിയ നല്ല നിമിഷങ്ങൾക്കുള്ള ആദരസൂചകമായി സംസ്കാര ചടങ്ങ് നടത്തിയത്.
അപൂർവങ്ങളിൽ അപൂർവമായ സിനോവിയൽ സർക്കോമ എന്ന കാൻസറുമായി വർഷങ്ങളായി പോരാടുകയാണ് ഡൗസെറ്റ്. 19ാം വയസിലാണ് തന്റെ ശരീരത്തെ കാൻസർ കാർന്നുതിന്നുകയാണെന്ന് ഡൗസെറ്റ് അറിയുന്നത്. പ്രതിവർഷം 1000 പേരിൽ മാത്രം കാണപ്പെട്ടുവരുന്ന കാൻസറിന്റെ വകഭേദം ശക്തമായ ഞരമ്പ്, പേശി വേദനയോടെയാണ് ആരംഭിക്കുന്നത്. രോഗനിർണയത്തിന് ശേഷം കാലതാമസമില്ലാതെ കീമോതെറാപ്പിയും റേഡിയേഷനും ശസ്ത്രക്രിയകളും ഉൾപ്പെടെയുള്ള ചികിത്സകൾ ഡൗസെറ്റ് നടത്തിയിരുന്നു. പൂർണമായി മാറിയെന്ന് കരുതുമ്പോഴെല്ലാം ഡൗസെറ്റിന്റെ ശരീരത്തിൽ വീണ്ടും കാൻസറിന്റെ സാന്നിധ്യം കണ്ടെത്തി. മൂന്ന് തവണയോളമാണ് ഡൗസെറ്റിന് ചികിത്സക്ക് ശേഷവും കാൻസർ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യസ്ഥിതി മോശമായതോടെ ഡൗസെറ്റിന്റെ കൈ മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
സർജറിക്ക് തയ്യാറെടുക്കുന്നതിനിടെ മുറിച്ചുമാറ്റപ്പെടാൻ പോകുന്ന വലതുകൈയ്യിൽ സ്നേഹ സന്ദേശങ്ങളെഴുതിയുള്ള ചിത്രങ്ങളും ഡൗസെറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 22 വർഷം തന്നോടൊപ്പമുണ്ടായിരുന്ന വലതു കൈ ജീവിതത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ ഡൗസെറ്റ് കുറിച്ചു. സഹായമായതിന് നന്ദി, കണ്ണുനീർ തുടച്ചതിന് നന്ദി തുടങ്ങി നിരവധി സന്ദേശങ്ങളാണ് ഡൗസെറ്റ് തന്റെ വലതു കൈയ്യിൽ എഴുതി ചേർത്തിരുന്നത്. രോഗത്തോട് കീഴടങ്ങാതെയാണ് വലതു കൈയുടെ മടക്കമെന്നും ഡൗസെറ്റ് പറയുന്നു.
ജനുവരി 15നായിരുന്നു ഡൗസെറ്റ് തന്റെ വലതു കൈയുടെ സംസ്കാരചടങ്ങ് നടത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളുമെത്തിയ ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഡൗസെറ്റ് എത്തിയത്. കറുത്ത തുണി കൊണ്ട് മറച്ച കൈയിലെ നഖങ്ങൾക്ക് കറുപ്പ് നിറത്തിലുള്ള നെയിൽപോളിഷും ഡൗസെറ്റ് നൽകിയിരുന്നു. ചുവന്ന പൂക്കളും കൈകൾക്കൊപ്പം കാണാം.
തമാശയായി തുടങ്ങിയ ചടങ്ങ് വിചിത്രവും മനോഹരവുമായ ഒരു അനുഭവപമായി മാറിയെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഡൗസെറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞുപോയ 22 വർഷങ്ങളാണ് തൊലി ചുരുങ്ങിയ അറ്റുപോയ കൈപ്പത്തിയിലേക്ക് നോക്കുമ്പോൾ ഓർമവരുന്നതെന്ന് ഡൗസെറ്റ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ കൈകൾ ചേർത്ത് പിടിക്കാൻ, അവരുടെ ചർമത്തെ അറിയാൻ, ചിലന്തികളെ പുറത്തേക്ക് കളയാൻ, കണ്ണുനീർ തുടയ്ക്കാൻ, പ്രിയപ്പെട്ടവരെ ചേർത്തുനിർത്താൻ, വളർത്തുനായ്ക്കളെ താലോലിക്കാൻ, പിയാനോ, ഗിറ്റാർ തുടങ്ങിയവ വായിക്കാൻ തുടങ്ങി പല കാര്യങ്ങൾക്കും തന്നെ സഹായിച്ചതിൽ വലതുകയ്യും ഉണ്ടായിരുന്നു. വലതുകൈയാണ് തന്നെ കൊലപ്പെടുത്താൻ നോക്കുന്നതെന്ന് പലപ്പോഴും പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ രോഗത്തിന്റെ ഇര മാത്രമായിരുന്നു കൈ എന്ന് മനസിലായെന്നും ഡൗസെറ്റ് കുറിച്ചു. സർജറിക്ക് ശേഷമുള്ള മാറ്റങ്ങളുമായി താൻ പൊരുത്തപ്പെട്ടുവരികയാണെന്നും ജീവിതത്തിൻ്റെ പുതിയ വാതിലുകൾ തുറന്നതായി തോന്നുന്നുവെന്നും ഡൗസെറ്റ് കൂട്ടിച്ചേർത്തു.
എന്താണ് സിനോവിയൽ സർക്കോമ?
ഞരമ്പുകൾ, പേശികൾ, സന്ധികൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, ടെന്റണുകൾ, സന്ധികളുടെ ലൈനിംഗുകൾ തുടങ്ങി ശരീരത്തിലെ മൃദു കോശങ്ങളെ ബാധിക്കുന്ന അപൂർവ കാൻസറാണ് സിനോവിയൽ സർക്കോമ. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും 40 വയസിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി കൈ കാലുകൾ, നെഞ്ച്, വയറിന്റെ പുറക് വശം, റിട്രോപെരിറ്റോണിയം എന്നിവിടങ്ങളിലാണ് ഈ കാൻസർ കണ്ടുവരുന്നത്. ശ്വാസകോശം ഉൾപ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പകരാനുള്ള സാധ്യത സോഫ്റ്റ് ടിഷ്യൂ കാൻസറുകളിലും വളരെ കൂടുതലാണ്.
Content Highlights: US Influencer With Rare Cancer Holds Funeral For Her Amputated Arm