ജീവനോടെ വെട്ടിനുറുക്കി കുഴിച്ചുമൂടി,കണ്ടെത്താനായത് തലയോട്ടി മാത്രം; ചൂലില്‍ പറ്റിയ രക്തക്കറ തെളിയിച്ച കൊലപാതകം

ദൃക്സാക്ഷികളില്ലാത്ത കേസ് തെളിയിക്കാൻ സഹായിച്ചത് അന്നത്തെ സാഹചര്യ തെളിവുകൾ മാത്രമായിരുന്നു. വെട്ടിത്തിരുത്തിയ കണക്കുകൾ മുതൽ ചൂലിനിടയിൽ പറ്റിയ രക്തക്കറയും മുടിനാരുകളും സഫിയ കേസ് തെളിയിക്കാനുള്ള സൂചകങ്ങളായി മാറുകയായിരുന്നു

ഐഷ ഫർസാന
1 min read|03 Feb 2025, 10:14 am
dot image

ദാരിദ്ര്യത്താൽ വലഞ്ഞ പ്രദേശമായിരുന്നു കുടക് അന്ന്. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളായിരുന്നു പ്രദേശത്ത് താമസിച്ചിരുന്ന ഭൂരിഭാ​ഗം പേരും. ഒരു ദിവസം ജോലിക്ക് പോയാൽ ആകെ കിട്ടുന്നത് 80 പൈസയായിരിക്കും. ആ പണം കൊണ്ട് കുട്ടികളെ പഠിപ്പിക്കാനും വീട്ടിലേക്കുള്ള ആവശ്യങ്ങൾ നടത്താനും ഓരോ കുടുംബവും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. കുടകിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു സഫിയയുടെയും ജനനം. തോട്ടംതൊഴിലാളിയായ മൊയ്തുവിൻ്റെയും ആയിഷയുടെയും മൂത്ത മകൾ. ആദ്യ കുഞ്ഞിനെ ഏറെ സ്നേഹത്തോടെ അവർ പരിപാലിച്ചു, സ്കൂളിൽ ചേർത്തു.

സഫിയക്ക് ഏതാണ്ട് 11 വയസ് പ്രായമായ സമയം. മക്കളെ വളർത്താനും കുടുംബം നോക്കാനും പ്രയാസപ്പെടുന്നതിനിടെയാണ് മൊയ്തുവിനടുത്തേക്ക് മൊയ്തുഹാജി എന്നയാൾ എത്തുന്നതും കാസർകോട് സ്വദേശിയായ ഹംസയെ കുറിച്ച് പറയുന്നതും. 'കാസർകോട് മുളിയാർ മസ്തിഗുണ്ട് സ്വദേശിയാണ് ഹംസ. വീട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്. വീട്ടിജോലികൾക്കായി ഹംസയ്ക്ക് ഒരാളെ വേണം. ഗോവയിലെ ഒരു കരാറുകാരനാണ്. പോകുകയാണെങ്കിൽ സഫിയയുടെ പഠനവും അവർ തന്നെ നോക്കിക്കോളും. അവിടെ കുട്ടികളെ നോക്കുകയും ചെയ്യാം'.. ഹാജിയുടെ വാക്കുകൾ കേട്ട മൊയ്തുവിനും ആയിഷയ്ക്കും മറുത്തൊന്നും ചിന്തിക്കാനാകുമായിരുന്നില്ല. ഒരാളെങ്കിലും പട്ടിണി കിടക്കാതെ കിടന്നുറങ്ങുമല്ലോ എന്നു മാത്രമായിരുന്നു അവർ ചിന്തിച്ചത്.

കൊല്ലപ്പെട്ട സഫിയ

കാസർകോട് നിർത്തുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും ​ഹംസയും ഭാര്യ മൈമൂനയും ചേർന്ന് സഫിയയെ ​ഗോവയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പണം ചെലവാക്കി മകളെ കാണാൻ പോകാൻ മൊയ്തുവിനും ആയിഷയ്ക്കും സാധിക്കുമായിരുന്നില്ല. വല്ലപ്പോഴും ഫോൺ ചെയ്യും. സുഖമാണോ എന്ന ചോദ്യത്തിന് വ്യക്തതയില്ലാതെ മകൾ മറുപടി പറയും. ആ മറുപടികളുടെ അവസാനം 18 വർഷം നീണ്ട കാത്തിരിപ്പായിരിക്കുമെന്ന് ആ ഉമ്മയ്ക്ക് അന്ന് മനസിലാക്കാനായതുമില്ല.

അന്ന് മഞ്ഞുപെയ്യുന്ന ഒരു ഡിസംബർ മാസമായിരുന്നു. കട്ടൻ ചായ കുടിച്ച് മൊയ്തു വീടിൻ്റെ കോലായിലിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ കുട്ടി ഓടി വന്നത്.. 'മൊയ്തൂക്കാ, ഇങ്ങക്ക് ഒരു ഫോൺ ഇണ്ടേനു.. ​ഗോവേന്നാ..'. കുട്ടിയുടെ വാക്കുകൾ കേട്ട മൊയ്തു അവരുടെ വീട്ടിലേക്ക് ഓടി. അന്ന് ഫോൺ ഇല്ലാത്തതിനാൽ സഫിയ അടുത്ത വീട്ടിലേക്കായിരുന്നു വിളിച്ചിരുന്നത്. മകളാകുമെന്ന പ്രതീക്ഷയിൽ ഓടിയെത്തിയ മൊയ്തു കേട്ടത് ഹംസയുടെ ശബ്ദമായിരുന്നു. മകൾ കാസർകോട് എത്തിയിട്ടുണ്ട്, കാണാൻ പോകില്ലേ എന്നായിരുന്നു മറുതലയ്ക്കൽ നിന്നുള്ള ചോദ്യം. മൊയ്തുവിന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ വരുമെന്ന് മറുപടി നൽകി ഫോൺ വെച്ചു.

എങ്ങനെ പോകും.. കാഞ്ഞങ്ങാട് എത്താൻ കുറഞ്ഞത് നാൽപത് രൂപയെങ്കിലും വേണം.. എങ്ങനെയെങ്കിലും മകളെ കണ്ടേ പറ്റൂവെന്ന് ആ അച്ഛൻ മനസിലുറപ്പിച്ചു. അടുത്ത വീട്ടിൽ നിന്നും കുറച്ച് മഞ്ഞൾ വാങ്ങി അത് കടയിൽ പോയി വിറ്റു കിട്ടിയ പൈസയ്ക്ക് മൊയ്തു അന്ന് കാഞ്ഞങ്ങാട്ടേക്ക് ബസ് കയറി. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. കാഞ്ഞങ്ങാട് എത്തി ജുമുഅക്ക് പള്ളിയിൽ കയറി മൊയ്തു നിസ്കരിച്ചു. നിസ്കാരപ്പായയിലിരുന്ന മൊയ്തു മകളെ തനിക്കരികിലെത്തിച്ച പടച്ചവന് സ്തുതി പറഞ്ഞു. പള്ളിക്ക് മുൻപിലുള്ള കടയിൽ കയറി സഫിയമോൾക്ക് ഇഷ്ടപ്പെട്ട ഉപ്പിലിട്ട നെല്ലിക്കയും വാങ്ങി അയാൾ ബസ് കയറി. വീട്ടിലെത്തുമ്പോൾ തന്റെ ചെറിയ മകളെയും കയ്യിലെടുത്ത് ഹംസ വീടിന്റെ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. പാക്കറ്റിൽ കരുതിയ നെല്ലിക്ക ഇളയ മകൾക്ക് നേരെ നീട്ടി മൊയ്തു പറഞ്ഞു, 'ഇത് സഫിയാത്താക്ക് കൊടുക്കുമോ'..

ഒരു ചെറു ചിരിയോടെ അകത്തേക്ക് നോക്കി ഹംസ ഉറക്കെ വിളിച്ചു. 'സഫിയാ..മോളേ..'.. അനക്കമൊന്നുമില്ല. അയാൾ വീണ്ടും വിളിച്ചു 'സഫിയാ..ദാ ഇന്റെ ഉപ്പ വന്ന്ക്കണ്..'. അപ്പോഴും ആരും ഒന്നും മിണ്ടിയില്ല. വിളി കേട്ടതുമില്ല. ഇളയെ മകളെ താഴെ നിർത്തി ഹംസ വീട്ടിനുള്ളിലേക്ക് കയറി. ആകെ തിരഞ്ഞു. ഇല്ല. സഫിയയെ അവിടെയൊന്നും കാണാനില്ല. മൊയ്തു ആകെ വിയർത്തു. നെഞ്ചിൽ കൈവെച്ച് അയാൾ ഉറക്കെ സഫിയയെ വിളിച്ചുകൊണ്ടേയിരുന്നു. ജുമുഅ കഴിഞ്ഞ് താൻ വരുമ്പോൾ സഫിയ ഇളയ മകളുമൊത്ത് കളിക്കുകയായിരുന്നുവെന്ന് ഹംസ മൊയ്തുവിനോട് പറഞ്ഞു. മകൾ പെട്ടെന്ന് എവിടെപോയി!!

പ്രതി ഹംസ

തലേന്ന് രാത്രി തങ്ങൾക്കൊപ്പം ​ഗോവയിൽ നിന്നും കാറിൽ സഫിയയും എത്തിയിരുന്നുവെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ സഫിയയുമുണ്ടായിരുന്നുവെന്നും ഹംസയും ഭാര്യയും ബന്ധുക്കളും എല്ലാം ആവർത്തിച്ചു. ഹംസ തന്നെയാണ് മുൻകയ്യെടുത്ത് മൊയ്തുവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതും പരാതി നൽകിയതും. യാത്രയുടെ ക്ഷീണം വകവയ്ക്കാതെ മൊയ്തു മകളെ തേടിയിറങ്ങി. പരിചിതമല്ലാത്ത സ്ഥലത്ത് അയാൾ തനിക്കാവും പോലെ മകൾക്കായുള്ള തിരച്ചിൽ നടത്തി. പക്ഷേ സഫിയയെ കണ്ടെത്താനായില്ല. ഒരു ദിവസം ഹംസയുടെ വീട്ടിൽ തങ്ങിയ മൊയ്തു പിറ്റേന്ന് കുടകിലേക്ക് തിരിച്ചു. മകളെ കണ്ട വിശേഷങ്ങളറിയാൻ കാത്തിരുന്ന ഭാര്യ ആയിഷയോട് സത്യങ്ങളൊന്നും പറയാൻ മൊയ്തുവിന് തോന്നിയില്ല. സഫിയ മോൾ സുഖമായിരിക്കുന്നുവെന്നും ബക്രീദിന് വീട്ടിലേക്ക് വരുമെന്നും മൊയ്തു ആയിഷയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

പിറ്റേന്ന് രാവിലെയാണ് മൊയ്തുവിന് ആദൂർ പൊലീസിൽ നിന്നും കോൾ ലഭിക്കുന്നത്. എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തണമെന്നായിരുന്നു സന്ദേശം. വിവരമൊന്നും അറിയിച്ചില്ലെങ്കിലും ആയിഷയോടൊപ്പം മൊയ്തു കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മകളെ കാണ്മാനില്ലെന്ന വിവരം ആയിഷ അറിയുന്നത്. സ്റ്റേഷനിൽ വെച്ച് നിലവിളിച്ച ആയിഷയോട് പൊലീസുദ്യോ​ഗസ്ഥർ ചോദിച്ചത് 'മകളെ വിറ്റിട്ട് നാടകം കളിക്കുകയാണോ' എന്നായിരുന്നു. തങ്ങൾ പണത്തിനായി മകളെ കരാറുകാരനായ ഹംസയ്ക്ക് വിറ്റുവെന്നും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ ഹംസ തരാൻ വിസമ്മതിച്ചതാണ് പരാതിക്ക് പിന്നിലെന്നുമായിരുന്നു പൊലീസൂകാരുടെ ആരോപണം.

സംഭവമറിഞ്ഞ് സാമൂഹികപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞവരെല്ലാം മൊയ്തുവിനൊപ്പം നിന്നു. പക്ഷേ എന്തുകൊണ്ടോ അന്ന് പൊലീസുകാർ ഹംസയ്ക്കൊപ്പമായിരുന്നു. മകളെ കിട്ടാതെ പിന്മാറില്ലെന്ന ആയിഷയുടെ ദൃഢനിശ്ചയത്തിന്റെ അടിസ്ഥാനത്തിൽ കാസർകോഡ് തുടങ്ങിയ സമരം സെക്രട്ടേറിയേറ്റിന്റെ പടിവാതിൽക്കൽ വരെയെത്തി. ഇതിനിടെ സഫിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും പ്രതിഷേധക്കാർ രൂപീകരിച്ചു. പ്രാഥമിക ഘട്ടം മുതൽക്കേ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിഎസ് അച്യുതാനന്ദൻ സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ സഫിയയുടെ തിരോധാനത്തിന് പിന്നിൽ ഹംസയാണെന്ന് സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിൽ തങ്ങൾ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ഹംസയ്ക്ക് വെളിപ്പെടുത്തേണ്ടി വന്നു.

പക്ഷേ എന്തിന്.. എങ്ങനെ..

ചൈൽഡ് പ്രൊട്ടക്ഷൻ സെൽ ​ഗോവയിൽ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ബാലവേല ശിക്ഷാർഹമാണെന്നിരിക്കെയാണ് ഒരിക്കൽ ഹംസയുടെ വീട്ടിൽ വെച്ച് സഫിയയുടെ ദേഹത്തേക്ക് തിളച്ചവെള്ളം വീഴുന്നത്. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. വിവരം പുറത്തറിഞ്ഞാൽ തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭയന്ന ഹംസ, സഫിയയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

അടുത്തടുത്തായി രണ്ട് ഫ്ലാറ്റ് മുറികൾ ഹംസയ്ക്കുണ്ടായിരുന്നു. അതിലൊന്നിൽ സഫിയയെ എത്തിച്ച ഹംസ കുട്ടിയെ ജീവനോടെ തന്നെ വെട്ടിനുറുക്കി കഷണങ്ങളാക്കി. മൂന്ന് ബി​ഗ്ഷോപ്പർ ബാ​ഗിൽ മൃതദേഹാവശിഷ്ടങ്ങളുമായി ഹംസ തന്റെ ജോലി സ്ഥലം കൂടിയായ ഡാം നിർമാണ സൈറ്റിലെത്തി. രണ്ടാൾ പൊക്കത്തിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി.. അന്ന് രാത്രിയോടെ ഹംസ കുടുംബവുമൊത്ത് കാറിൽ നാട്ടിലേക്ക് തിരിച്ചു. ഹംസയെഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങളായി മാറുകയായിരുന്നു പിറ്റേന്നുമുതല്‍ കുടുംബാംഗങ്ങളോരോരുത്തരും.

വിവരങ്ങൾ അറിഞ്ഞ പലരും ഹംസ എന്തോ ഒളിക്കുന്നുണ്ടെന്ന് ആവർ‌ത്തിച്ചിരുന്നു. എന്നാൽ താൻ സഫിയക്കൊപ്പമാണ് നാട്ടിലേക്ക് തിരിച്ചതെന്ന് ഹംസ ആവർത്തിച്ചു. രണ്ട് വർഷത്തോളം സഫിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടർന്നു. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആയിഷ മാസങ്ങളോളം വെയിലും മഴയും വകവെക്കാതെ പ്രതിഷേധിച്ചു. മൂന്ന് മക്കളേയും കൊണ്ട് മാസങ്ങളോളം അവർ ഹംസയുടെ വീട്ടിലും ആദൂർ പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങി. പക്ഷേ ആ നിർധന കുടുംബത്തെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.

കേസന്വേഷണത്തിൽ ലോക്കൽ പൊലീസ് അട്ടിമറി നടത്തുന്നുണ്ടെന്ന വാദങ്ങൾ അക്കാലയളവിൽ ശക്തമായിരുന്നു. ആരോപണങ്ങൾക്കിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെയാണ് സഫിയ കേസിലെ നിർണായകമായ പല വിവരങ്ങളും പുറത്തുവരുന്നത്. ​ഗോവയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ ഹംസയ്ക്കൊപ്പം സഞ്ചരിച്ചവരുടെ എണ്ണത്തിൽ തിരുത്തൽ വരുത്തിയതായി തുടർന്നുണ്ടായ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സഫിയയുടെ തിരോധാനത്തിന് പിന്നിൽ ഹംസയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. കള്ളങ്ങളുടെ ചീട്ടുകൊട്ടാരം ഹംസയ്ക്ക് മുന്നിൽ തകർന്നുവീണു.

ചോദ്യം ചെയ്യലിൽ ഹംസ കൊലപാതകത്തെ കുറിച്ച് വിവരിച്ചു. ബന്ധുവിന്റെ വാഹനത്തിലാണ് മൃതദേഹം ഡാം സൈറ്റിൽ എത്തിച്ചതെന്ന് ഹംസ അന്വേഷണ ഉദ്യോ​ഗസ്ഥരോട് കുറ്റസമ്മതം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാസങ്ങൾക്ക് ശേഷം സഫിയയുടെ മുടി ക്രൈംബ്രാഞ്ച് കണ്ടെത്തി. സഫിയയെ വെട്ടിനുറുക്കിയ കുളിമുറി പലകുറി വൃത്തിയാക്കിയിട്ടും ചൂലിനിടയിൽ വെള്ളത്തിനും പിടികൊടുക്കാതെ ഒളിച്ചുനിന്ന രക്തക്കറ കേസിലെ മറ്റൊരു നിർണായക തെളിവായി. 2008 ജൂണിൽ ഡാം സൈറ്റിൽ നിന്നും ജെസിബി ഉപയോ​ഗിച്ച് കുഴിച്ചെടുത്തപ്പോൾ ലഭിച്ച വസ്ത്രവും തലയോട്ടിയുമായിരുന്നു മറ്റ് തെളിവുകൾ.

നാല് പേരെ പ്രതിചേർത്തായിരുന്നു പൊലീസ് കേസെടുത്തത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും വധശിക്ഷയുമായിരുന്നു ഹംസയ്ക്ക് കാസർകോട് സെഷൻസ് കോടതി വിധിച്ച ശിക്ഷ. ഭാര്യ മൈമൂനയ്ക്ക് ആറ് വർഷം തടവും വിധിച്ചു. ഹംസയുടെ ബന്ധുവായ അബ്ദുള്ളയ്ക്ക് മൂന്ന് വർഷം തടവാണ് കോടതി വിധിച്ചത്. വീട്ടുജോലിക്ക് ആളെയാവശ്യമുണ്ടെന്ന് കുടുംബത്തെ അറിയിച്ച മൊയ്തുഹാജി കുറ്റം ചെയ്തെന്ന് തെളിയിക്കാൻ സാധിക്കാതിരുന്നതിനാൽ ഇയാളെ കോടതി വെറുതെവിട്ടു. പിന്നീട് ഹൈക്കോടതിയില്‍ അപ്പീല്‍ എത്തുകയും ഹംസയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.

സഫിയയുടെ തലയോട്ടി ഏറ്റുവാങ്ങുന്ന മാതാപിതാക്കൾ

കേസിലെ പ്രധാന തെളിവും സഫിയയുടെതായി അന്വേഷണസംഘത്തിന് ലഭിച്ച ഏക മൃതദേഹഭാഗവുമായ തലയോട്ടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഫിയയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. മകളുടെ മൃതദേഹാവശിഷ്ടം മതാചാരപ്രകാരം ഖബറടക്കണമെന്നതായിരുന്നു ആ കുടുംബത്തിന്റെ ആവശ്യം. മെറ്റീരിയൽ ഒബ്ജക്ടായി കോടതി മുറിയിൽ സൂക്ഷിക്കപ്പെട്ട തലയോട്ടി 18 വർഷത്തിന് ശേഷമാണ് കോടതി ഇടപെടൽ വഴി തിരിച്ചെടുത്ത് മയ്യത്തിന്റെ ബഹുമതിയോടെ അയ്യങ്കേരി പള്ളിയിൽ ഖബറടക്കം ചെയ്തത്.

വെറുമൊരു വാർത്ത മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന കേസിനെ സമൂഹത്തിൽ ചർച്ചയാക്കി മാറ്റിയത് വി ജയലക്ഷ്മിയെപ്പോലെയുള്ള ചിലരാണ്. മകളെ കണ്ടെത്താതെ മടക്കമില്ലെന്ന ഒരു അമ്മയുടെ നിശ്ചദാർഢ്യത്തിന്റെ കൂടി കഥയാണ് സഫിയ കൊലക്കേസ്.

Content Highlight: Kasargod Safiya Murder Case and Timeline

dot image
To advertise here,contact us
dot image