പണത്തിന് സന്തോഷത്തെ വിലയ്ക്ക് വാങ്ങാനാവില്ലെന്നാണ് പൊതുവെ പറയാറെങ്കിലും പണത്തിന് മാത്രമേ നമ്മെ സന്തോഷത്തോടെ നിലനിര്‍ത്താന്‍ കഴിയൂ എന്ന് വിശ്വസിക്കുവരാണ് നമ്മള്‍. അങ്ങനെത്തെയായിരുന്നു ജെയ്ക്ക് കാസനും വിശ്വസിച്ചിരുന്നത്. 2018ല്‍ നൂറ് മില്യണ്‍ ഡോളറിനാണ് ജെയ്ക്ക് തന്റെ കമ്പനി വില്‍ക്കുന്നത്. ജെയ്ക്കിന് അന്ന് പ്രായം 27 മാത്രം. പക്ഷെ അത് ജെയ്ക്കിനെ തള്ളിവിട്ടത് ജീവിതത്തിന്റെ നിരര്‍ഥകതയിലേക്കും ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും ആയിരുന്നു.
യുവാവായിരിക്കുമ്പോള്‍ ആകെ ആഗ്രഹിച്ചത് സാമ്പത്തിക സ്വാതന്ത്ര്യം മാത്രമായിരുന്നു. ജീവിതലക്ഷ്യം തന്നെ പണമുണ്ടാക്കുകയെന്നതായിരുന്നു. ജെയ്ക്ക് പറയുന്നു. കോളജ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് കാസന്‍ ലോസ് ആഞ്ചല്‍സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സസറി ബ്രാന്‍ഡായ എംവിഎംടി വാച്ചസ് ആരംഭിക്കുന്നത്. ഇത് പിന്നീട് മൊവാഡോ ഗ്രൂപ്പിന് ജെയ്ക്ക് കോടിക്കണക്കിന് രൂപയ്ക്ക് ജെയ്ക്ക് മറിച്ചുവിറ്റു.
'ജീവിതത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എന്റെ സംരംഭക യാത്രയില്‍ മറ്റൊന്നിനും ഇത്രയും പ്രധാന്യം തോന്നിയിട്ടില്ല. ഞാനാഗ്രഹിച്ച ഉയരത്തില്‍ ഞാനെത്തി. പക്ഷെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നത് എനിക്ക് കണ്ടെത്താനായില്ല.' ജെയ്ക് പറഞ്ഞു. കമ്പനി വിറ്റത് മാനസികമായി ബാധിച്ചതോടെ നിരന്തരമായ പാനിക് അറ്റാക്കുകളും ഉത്കണ്ഠയും ജെയ്ക്കിനെ പിടിമുറുക്കിയിരിക്കുകയാണ്. തന്റെ പ്രയാസങ്ങളെ കുറിച്ച് തുറന്നുസംസാരിക്കാനും ജെയ്ക്കിന് സാധിക്കുന്നില്ല. തന്റെ പ്രയാസങ്ങള്‍ അതേ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കളെയും തനിക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ജെയ്ക് പറയുന്നു. ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെയ്ക്. ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഒപ്പം ഒരു ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
'എനിക്ക് മനസമാധാനം വാങ്ങാന്‍ കഴിയില്ല. അതാണ് പണവും ഞാനുമായുള്ള ബന്ധം. പണമുള്ളതില്‍ ഞാന്‍ കടപ്പാടുള്ളവനാണ്. അത് ഇല്ല എന്നതിനേക്കാള്‍ എനിക്കതുണ്ട് എന്നത് വലിയ കാര്യമാണ്. എന്നാല്‍ അതെന്നെ സന്തോഷവാനായ ഒരു മനുഷ്യനാക്കുന്നില്ല.' വേദനിക്കുന്ന കോടീശ്വരനെന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹനായ ജെയ്ക് പറയുന്നു.
Content Highlights: Founder Struggled With Mental Health After Selling Company For $100 Million