കേക്കിലൊളിപ്പിച്ച മോതിരം ചവച്ചരച്ച് യുവതി; 'സര്‍പ്രൈസ്' വിവാഹാഭ്യര്‍ഥന പാളിപ്പോയ സങ്കടത്തില്‍ ആണ്‍സുഹൃത്ത്

'പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്: ഒരിക്കലും ഭക്ഷണത്തിനുള്ളില്‍ പ്രൊപ്പോസല്‍ മോതിരം ഒളിച്ചുവയ്ക്കരുത്' എന്ന തലക്കെട്ടോടെയായിരുന്നു യുവതിയുടെ കുറിപ്പ്.

dot image

വില്‍ യു മാരി മീ..? മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ട പ്രണയത്തിനൊടുവില്‍ ഇതുതന്നെ എന്റെ പങ്കാളി എന്നുറപ്പിക്കുന്ന നിമിഷത്തിലായിരിക്കും മോതിരവുമായി പ്രണയിതാവിനോട് വിവാഹാഭ്യര്‍ഥന നടത്തുന്നത്.വൈനിലും കേക്കിലും വിവാഹ മോതിരം ഒളിപ്പിച്ചുകൊണ്ടും ഷോപ്പിങ് മാളിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളിലെയും ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചും തികച്ചും അപ്രതീക്ഷിതമായി പെണ്‍സുഹൃത്തിനോട് വിവാഹാഭ്യര്‍ഥന നടത്തുന്നതാണ് ട്രെന്‍ഡ്. ഇത്തരത്തില്‍ സ്വയം തയ്യാറാക്കിയ കേക്കിനുള്ളില്‍ മോതിരം ഒളിപ്പിച്ച് വിവാഹാഭ്യര്‍ഥന നടത്താനിരുന്ന ചൈനീസ് യുവാവിന് പറ്റിയ അബദ്ധമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

യുവാവ് കേക്കിനുള്ളില്‍ മോതിരം ഒളിപ്പിച്ചതറിയാതെ കേക്ക് മുറിച്ച് കഴിച്ച പെണ്‍സുഹൃത്ത് മോതിരമടക്കം ചവച്ചരച്ചു. യുവതി തന്നെയാണ് പാളിപ്പോയ വിവാഹ പ്രൊപ്പോസലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവയ്ക്കുന്നത്. 'പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്: ഒരിക്കലും ഭക്ഷണത്തിനുള്ളില്‍ പ്രൊപ്പോസല്‍ മോതിരം ഒളിച്ചുവയ്ക്കരുത്' എന്ന തലക്കെട്ടോടെയായിരുന്നു യുവതിയുടെ കുറിപ്പ്. വിശന്നു വീട്ടിലെത്തിയ യുവതി ആണ്‍സുഹൃത്ത് തയ്യാറാക്കിയ കേക്ക് മുറിച്ച് കഴിക്കുകയായിരുന്നു. യുവാവ് ഒളിപ്പിച്ചുവച്ച മോതിരം അടങ്ങിയ ഭാഗമാണ് യുവതി മുറിച്ച് കഴിച്ചത്.

ചവയ്ക്കുന്നതിനിടെ വായിലെന്തോ കട്ടിയുള്ള സാധനം തടഞ്ഞ യുവതി അത് തുപ്പിക്കളഞ്ഞു. കേക്ക് മോശമാണെന്നും ബേക്കറിയില്‍ വിളിച്ച് പരാതി നല്‍കണമെന്നും ആണ്‍സുഹൃത്തിനോട് പറയുകയും ചെയ്തു. അപ്പോഴാണ് ആണ്‍സുഹൃത്ത് തുപ്പിയ മോതിരമെടുത്ത് വൃത്തിയാക്കി യുവതിക്ക് മുന്നിലേക്ക് നീട്ടിയത്. ഈ മോതിരം നീട്ടി വിവാഹാഭ്യര്‍ഥന നടത്താനാണ് താനിരുന്നത് എന്നു യുവാവ് പറഞ്ഞതോടെ യുവതി ഞെട്ടിപ്പോയി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് താന്‍ ചവച്ചുതുപ്പിയത് സ്വര്‍ണമോതിരമായിരുന്നുവെന്ന് യുവതി തിരിച്ചറിയുന്നത്. ഇനി വിവാഹാഭ്യര്‍ഥന ഈ മോതിരം വച്ചുതന്നെ നടത്തണോ എന്ന യുവാവിന്റെ ചോദ്യത്തിന് 'പ്ലീസ് കണ്‍ടിന്യൂ' എന്നായിരുന്നു യുവതിയുടെ ചിരിയോടെയുള്ള മറുപടി. എന്തായാലും യുവാവിന്റെ വിവാഹാഭ്യര്‍ഥന യുവതി സ്വീകരിച്ചു.

ജീവിതത്തിലെ ഏറ്റവും നാടകീയ സംഭവമെന്നും ഒരിക്കലും മറക്കില്ലെന്നും യുവതി പറയുന്നു. തങ്ങളുടെ അനുഭവം എല്ലാ പ്രണയിതാക്കളും ഓര്‍ക്കണമെന്നും ഇത്തരത്തില്‍ ഭക്ഷണത്തിനുള്ളില്‍ മോതിരം വച്ച് വിവാഹാഭ്യര്‍ഥന നടത്തും മുന്‍പ് ആലോചിക്കണമെന്നും യുവതി പറയുന്നു.

‍Content Highlights: Marriage Proposal Takes Hilarious Turn As Chinese Woman Almost Eats The Ring

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us