ജോലി സമയത്തെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഴ്ചയിൽ എത്ര മണിക്കൂര്‍ വരെ ജോലി ചെയ്യാം എന്നാണ് ചര്‍ച്ച. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ 70 മണിക്കൂർ ജോലി സമയ പരാമർശവും, ലാർസൺ ആൻഡ് ടർബോ ചെയർമാൻ എസ് എൻ സുബ്രഹ്മണ്യന്റെ 90 മണിക്കൂർ ജോലി സമയ പരാമർശവുമെല്ലാം വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇപ്പോഴിതാ ഇലോൺ മസ്കിന്‍റെ ഒരു പ്രസ്താവന തൊഴില്‍ സമയവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ട്രംപ് സർക്കാർ സ്ഥാപിച്ച 'ഡിപ്പാർട്ടമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി'യുടെ മേധാവിയാണ് നിലവില്‍ ഇലോൺ മസ്‌ക്. തന്റെ വകുപ്പിന് കീഴിൽ ജീവനക്കാർ ആഴ്ചയിൽ 120 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട് എന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. തങ്ങളുടെ എതിരാളികൾ ആഴ്ചയിൽ 40 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നും അതുകൊണ്ടാണ് അവർ പിന്നോട്ട് പോകുന്നതിനും മസ്‌ക് പറഞ്ഞു. മസ്‌ക് പറഞ്ഞത് വാസ്തവമാണെങ്കില്‍ ഒരാൾ ദിവസം 17 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട് എന്നർത്ഥം.
മസ്കിന്റെ ഈ അവകാശവാദത്തിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്. മസ്‌ക് 'ആരാധകർ' പോലും ജീവനക്കാരെ ഇങ്ങനെ പണിയെടുപ്പിക്കുന്നതിൽ വിയോജിപ്പുമായി രംഗത്തെത്തി. ' സർക്കാരിന് വേണ്ടി ജോലി ചെയ്യുമ്പോൾ ഓവർടൈം ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും, എങ്ങനെയാണ് ട്രംപ് ഇത്തരത്തിൽ ആളുകളെ പണിയെടുപ്പിക്കുന്നത് എന്നും ചിലർ ചോദിക്കുന്നു.
അധികസമയം ജോലി ചെയ്യുന്ന ആളുകളാണ് ടെക് മേഖലയുടെ ശാപം എന്നും ഒരു വിഭാഗം വാദിക്കുന്നു. കുറഞ്ഞ ശമ്പളത്തിന് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്ന ഇവരെക്കൊണ്ട് മുതലാളിമാർക്ക് മാത്രമേ പ്രയോജനമുള്ളൂ എന്നും ഇവർ പറയുന്നു. ഈ ജീവനക്കാര്‍ക്ക് സാമൂഹിക ജീവിതമുണ്ടോയെന്ന് സംശയം ഉന്നയിക്കുന്നവരുണ്ട്. ചിലരാകട്ടെ മസ്കിനെ കോമാളിയെന്നുവരെ വിളിച്ച് ആക്ഷേപിക്കുന്നു. മസ്‌ക് വെറുതെ ഇരുന്ന് മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
Content Highlights: Musk said employees work 120 hours a week draws criticism