ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കാൾ സ്വതന്ത്ര രാഷ്ട്രീയ ലൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഐഎം. ഏപ്രിൽ ആദ്യവാരം തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിൻ്റെ കരടാണ് സിപിഐഎം പുറത്തിറക്കിയത്. ബഹുജനങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളിൽ നിന്നും അനുഭാവികളിൽ നിന്നുമെല്ലാം കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ലഭിക്കുന്ന ഭേദഗതികൾ കൂടി പരിഗണിച്ചാവും പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം സിപിഐഎം തയ്യാറാക്കുക.
ഇടതുപക്ഷ ഐക്യത്തിൻ്റെ പ്രചാരണങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇടതുപക്ഷത്തിൻ്റെ ബദൽ നയങ്ങൾ ഉയർത്തിക്കാട്ടണമെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ വേദിയും പരിപാടിയും രൂപീകരിക്കാൻ ബഹുജന സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഉൾപ്പെടെയുള്ള എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്താൻ പാർട്ടി പ്രവർത്തിക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ട്.
പാർട്ടിയുടെ രാഷ്ട്രീയ പ്ലാറ്റ്ഫോമിന് ചുറ്റുമുള്ള സ്വതന്ത്ര രാഷ്ട്രീയ പ്രചാരണത്തിനും ബഹുജന സംഘാടനത്തിനും കൂടുതൽ ശ്രദ്ധ നൽകണം. തിരഞ്ഞെടുപ്പ് സഖ്യത്തിൻ്റെയോ ധാരണയുടെയോ പേരിൽ സ്വതന്ത്ര വ്യക്തിത്വം മങ്ങുകയോ സ്വതന്ത്രമായ പ്രവർത്തനങ്ങൾ കുറയ്ക്കുകയോ ചെയ്യരുതെന്നാണ് കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്. സ്വതന്ത്ര ലൈൻ നിലനിർത്തുന്നത് സംബന്ധിച്ച കരട് പ്രമേയത്തിലെ പരാമർശങ്ങളിൽ ത്രിപുര, പശ്ചിമ ബംഗാൾ എന്നീ രണ്ട് സംസ്ഥാനങ്ങളെ ജാഗ്രതയോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ധാരണകളും സീറ്റ് പങ്കുവെയ്ക്കലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും നടന്നിരുന്നു.
'പാർട്ടിയുടെ ശക്തിയിൽ ഗണ്യമായ ശേഷിയുണ്ടാക്കാൻ പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെയും ഇടതുപക്ഷത്തിൻ്റെയും പുനർനിർമ്മാണവും വിപുലീകരണവും ആവശ്യമാണ്. പശ്ചിമ ബംഗാളിൽ ബഹുജന സമരങ്ങളും ഇടപെടലും നടത്തുമ്പോൾ ഗ്രാമീണർക്കും ദരിദ്ര വിഭാഗങ്ങൾക്കുമിടയിൽ പ്രവർത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുകയും അവരെ സംഘടിപ്പിക്കുകയും വേണം. ടിഎംസിയെയും ബിജെപിയെയും എതിർക്കുമ്പോൾ തന്നെ ബി ജെ പിക്കെതിരായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടത്തിൽ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെ'ന്നാണ് പശ്ചിമ ബംഗാളിനെ സംബന്ധിച്ച് കരട് രാഷ്ട്രീയ പ്രമേയം ഊന്നിപ്പറയുന്നത്.
താഴെത്തട്ടിലുള്ള സംഘടനയെ ശക്തിപ്പെടുത്താനും ആദിവാസി ജനതയുടെ പ്രത്യേക ആവശ്യങ്ങളും പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതിനൊപ്പം അധ്വാനിക്കുന്ന ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പരിപാടി ഏറ്റെടുക്കാനും സിപിഐഎം, ത്രിപുര സംസ്ഥാന ഘടകത്തോട് കരട് രാഷ്ട്രീയ പ്രമേയം നിർദ്ദേശിക്കുന്നുണ്ട്.
തൊഴിലാളി സംഘാടനത്തിന് ഊന്നൽ നൽകുന്ന ദേശീയ വീക്ഷണമാണ് കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ട് വയ്ക്കുന്നത്. സംഘടിത മേഖലയിലെയും നിർമ്മാണ മേഖലയിലെയും തൊഴിലാളികൾക്കിടയിൽ സ്വാധീനം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സംഘടിത മേഖലയിലെ കരാർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് പ്രാധാന്യം നൽകുമെന്നുമാണ് കരട് രാഷ്ട്രീയ പ്രമേയം പറയുന്നത്.
പാർലമെൻ്റിൽ ഇന്ത്യൻ ബ്ലോക്ക് ഘടകകക്ഷികളുമായി സിപിഐഎം സഹകരിക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ട്. എന്നാൽ പാർലമെൻ്റിന് പുറത്ത് 'ധാരണയായ വിഷയങ്ങളിൽ' മാത്രമേ ചേർന്ന് പ്രവർത്തിക്കൂ എന്നും രേഖ വ്യക്തമാക്കുന്നു. 'ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്നതിനായി' മേൽപ്പറഞ്ഞ രാഷ്ട്രീയ ലൈൻ അനുസരിച്ച് മാത്രമേ ഉചിതമായ രാഷ്ട്രീയ തന്ത്രങ്ങൾ സ്വീകരിക്കാവൂ എന്നും രേഖ പറയുന്നു.
സാമൂഹിക വിഷയങ്ങൾ, ജാതീയമായ അടിച്ചമർത്തൽ, ലിംഗ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ നേരിട്ടുള്ള പ്രചാരണങ്ങളിലും സമരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം പറയുന്നു. 'സാമൂഹിക അടിച്ചമർത്തലിനെതിരായ സമരങ്ങളെ വർഗ്ഗ ചൂഷണത്തിനെതിരായ സമരങ്ങളുമായി ബന്ധിപ്പിക്കണ'മെന്നാണ് കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്.
Content Highlights: CPIM's draft political resolution for 24th Congress stresses more on 'independent line'