![search icon](https://www.reporterlive.com/assets/images/icons/search.png)
ജീവിതത്തില്‍ ഒറ്റപ്പെട്ടു, ഒപ്പം കനത്ത ദാരിദ്ര്യവും. ജയിലിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുന്നതിനായി മനഃപൂര്‍വം മോഷണം നടത്തി 81കാരി. ജപ്പാനിലെ തോച്ചിഗി വനിതാ ജയിലിലെ തടവുകാരിയായിരുന്നു അകിയോ. ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് അകിയോ ആദ്യം തടവിലാക്കപ്പെടുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അകിയോ ജയിലിന് പുറത്തിറങ്ങി. ജയിലിന് പുറത്ത് ഒറ്റപ്പെടലും ദാരിദ്ര്യവും അനുഭവിക്കേണ്ടി വന്നതോടെ വീണ്ടും മോഷണം നടത്തി സ്വയം പിടിക്കപ്പെടുകയായിരുന്നു അകിയോ. ജപ്പാനിലെ വയോധികര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ച വിഷയമായിരുന്നു 81കാരിയുടെ മോഷണം.
അറുപത് വയസ്സുള്ളപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ച് അകിയോയെ ആദ്യം അറസ്റ്റുചെയ്യുന്നത്. പിന്നീട് നേരിയ പെന്‍ഷന്‍ തുകയുടെ സഹായത്തോടെ ജീവിച്ചെങ്കിലും കുടുംബത്തിന്റെ പിന്തുണയും സഹായവും ലഭിക്കാതെ വന്നതോടെ വീണ്ടും ജയിലില്‍ അടയ്ക്കുന്നതിനായി അവര്‍ വീണ്ടും മോഷണം നടത്തുകയായിരുന്നു. സാമ്പത്തിക സുരക്ഷിതത്വമോ, തനിച്ചു ജീവിക്കാനുള്ള ജീവിത സാഹചര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ വീണ്ടും ഇത്തരമൊരു കുറ്റം ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് അകിയോ പറയുന്നു.
ആരോരുമില്ലാത്ത അനാഥയല്ല അകിയോ. 43 വയസ്സുള്ള മകനുണ്ട് അകിയോയ്ക്ക്. പക്ഷെ അമ്മയെ ഇഷ്ടമല്ലാത്ത മകന്‍ അവരോട് തുടര്‍ച്ചയായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുമായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ അകിയോയെ വല്ലാതെ അലട്ടി. ജീവിക്കുന്നതില്‍ തന്നെ അര്‍ഥമില്ലെന്ന് തോന്നിയ അകിയോ മരണത്തെ കുറിച്ചുപോലും ചിന്തിച്ചുതുടങ്ങി. ആദ്യത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ മകന്റെ അരികിലേക്ക് പോകാന്‍ ഇവര്‍ക്ക് ഭയമായി. 'തനിച്ചായിരിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാം അവസാനിച്ചതില്‍ എനിക്ക് വലിയ നാണക്കേടുണ്ട്.' അകിയോ പറയുന്നു.
അകിയോ ഒരു ഒറ്റപ്പെട്ട സംഭവമല്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2022ല്‍ ജയിലിലായ സ്ത്രീകളെല്ലാവരും മോഷണക്കുറ്റത്തെ തുടര്‍ന്നാണ് ശിക്ഷ അനുഭവിക്കുന്നത്. അതില്‍ 65 വയസ്സുള്ളവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.'പുറത്ത് ആരോരുമില്ലാതെ, തനിച്ചുകിടന്ന് മരിക്കുന്നതിനേക്കാള്‍ ജയിലിനകത്ത് ജീവിതം അവസാനിക്കുന്നതാണ് നല്ലത്.' ജയിലിലെ മറ്റൊരു അന്തേവാസിയായ തകയോഷി ശിരംഗ പറയുന്നു. ഗൗരവമേറിയ സംഭവമായതിനാല്‍ ജപ്പാന് പുറത്തും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. 'പ്രായമാകുന്നവരുടെ അവസ്ഥ ഇതാണ്. മക്കളുണ്ടോ, മക്കളില്ലേ എന്നുള്ളത് വലിയ വ്യത്യാസമൊന്നും സൃഷ്ടിക്കുന്നില്ല. പ്രധാനപ്രശ്‌നം ആവശ്യത്തിന് പണമില്ല എന്നുള്ളതോ, നിങ്ങളെ സ്വയം പരിപാലിക്കുന്നതിനായി കഴിവില്ലാത്തതോ ആണ്.' ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവ് കുറിക്കുന്നു.
Content Highlights: 81-year-old Japanese woman purposely breaks law to go to jail: ‘Don’t want to die alone'