![search icon](https://www.reporterlive.com/assets/images/icons/search.png)
പെരുമഴ പെയ്യും പോലെയാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്.
ആ മഴയത്ത് വാകമരം പെയ്തു…
ബോഗൈന്‍ വില്ലകളിലെ ഓറഞ്ച് കലര്‍ന്ന ചുവന്ന പൂക്കള്‍ വെള്ളത്തില്‍ ഒലിച്ചു വന്ന് അവരുടെ കാലുകളെ തഴുകി കടന്നു പോയി..
നമ്മളെ പോലെ നമ്മള്‍ മാത്രമേ ഉണ്ടാവൂ അല്ലേ. അവര്‍ പരസ്പരം പറഞ്ഞു…
മഴ പിന്നെയും പെയ്തു കൊണ്ടിരുന്നു…
മിന്നല്‍ വിരിച്ച വേനല്‍ മഴ വന്നു…
തുലാവര്‍ഷം വന്നു…
പിന്നെയത് നൂല്‍ മഴയായി…
ചാറ്റല്‍ മഴയായി…
ഒടുവില്‍ പെയ്തു തീര്‍ന്ന ഒരു മഴക്കാലം പോലെ അവരുടെ പ്രണയവും...
അതെ പ്രണയം അങ്ങനെയാണ്. പറഞ്ഞുതീരാത്ത പരിഭവങ്ങളും നടന്നുതീരാത്ത വഴികളും... എഴുതി തീരാത്ത വരികളും ഒക്കെയായി ഒരിക്കലും അവസാനിക്കാത്ത അനുഭവമാണത്.
മനുഷ്യന്‍ ഏറ്റവും വിശുദ്ധമായി കാണുന്ന പ്രണയത്തെ അടയാളപ്പെടുത്താന്‍ ഒരു ദിനം ഇല്ലാതിരിക്കുവതെങ്ങനെ. ഫെബ്രുവരി 14 പ്രണയദിനമായി ആചരിക്കുമ്പോള്‍ ആ ആഘോഷത്തിനെക്കുറിച്ച് പറയാന്‍ കഥകളും വിശേഷങ്ങളുമുണ്ട്….
മൂന്നാം നൂറ്റാണ്ടില്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാള്‍ക്കായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പിന്റെ ചുമതല. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും തോന്നിയ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. എന്നാല്‍ ബിഷപ്പ് വാലന്‍ന്റൈന്‍ ഇതിനെതിരായിരുന്നു. അദ്ദേഹം പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. ഈ വിവരം അറിഞ്ഞ ചക്രവര്‍ത്തി ബിഷപ്പിനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തിലാവുകയും ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കൊണ്ട് കൂടി പെണ്‍കുട്ടിയുടെ ചികിത്സ ഫലം കണ്ടുവെന്നും ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചുവെന്നുമാണ് പറയപ്പെടുന്നത്. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ''ഫ്രം യുവര്‍ വാലന്‍ന്റൈന്‍'' എന്നെഴുതി ഒരു കുറിപ്പ് കൊടുക്കുകയുണ്ടായി. അതിന്റെ ഓര്‍മയ്ക്കായാണ് ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ, പ്രണയിക്കുന്നവരുടെ ദിനം. വര്‍ഷത്തിലെ ഏറ്റവും റൊമാന്റിക്കായ ദിനം. എന്നാല്‍ വാലന്റെന്‍സ് ഡേ ആഘോഷങ്ങള്‍ ഒരു ആഴ്ച മുന്‍പുതന്നെ തുടങ്ങുന്നു. ഫെബ്രുവരി 7 റോസ് ഡേ മുതലാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്.
ഫെബ്രുവരി 7 ആണ് റോസ് ഡേ ആയി ആഘോഷിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ദിവസം പ്രണയിക്കുന്നവര്‍ പരസ്പരം റോസാപ്പൂക്കള്‍ നല്‍കി തങ്ങളുടെ പ്രണയം അറിയിക്കുന്നു. എന്നാല്‍ റോസ് ദിനത്തില്‍ നിങ്ങള്‍ ഒരാള്‍ക്ക് നല്‍കുന്ന റോസാപ്പൂവിന്റെ നിറത്തിന് മറഞ്ഞിരിക്കുന്ന പല അര്‍ഥങ്ങളുണ്ട്.
ചുവന്ന റോസാപ്പൂക്കള്‍ വളരെക്കാലമായുളള ആഴത്തിലുളള സ്‌നേഹം, പ്രണയം, അഭിനിവേശം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിങ്ക് റോസാപ്പൂക്കള്‍ ഒരാളുടെ ആരാധന, മതിപ്പ്, സൗമ്യത എന്നിവ പ്രകടിപ്പിക്കാന്‍ അനുയോജ്യമാണ്. ഈ റോസാപ്പൂക്കള് സൗഹൃദങ്ങള്‍, പ്രണയത്തിന്റെ ആദ്യഘട്ടം എന്നിവയൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വെള്ള നിറത്തിലുളള റോസാപ്പൂക്കള്‍ വിശുദ്ധി, നിഷ്‌കളങ്കത, ജീവിതത്തിലെ പുതിയ തുടക്കങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. വിവാഹങ്ങളും പുതിയ തുടക്കങ്ങളുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
മഞ്ഞ നിറമുളള റോസാപ്പൂക്കള്‍ പലപ്പോഴും ഊഷ്മളത, സന്തോഷം പോസിറ്റിവിറ്റി എന്നിവയെയാണ് എടുത്തുകാണിക്കുന്നത്. ചുവന്ന റോസാപ്പൂക്കള്‍പ്പോലെ മഞ്ഞ നിറമുള്ള പൂക്കള്‍ക്ക് പ്രണയപരമായ അര്‍ഥങ്ങളില്ല. ഇനി നിങ്ങള്‍ ആര്‍ക്കെങ്കിലും ഓറഞ്ച് നിറത്തിലുളള റോസാപ്പൂവ് നല്‍കിയാല്‍ അത് മറ്റൊരാളോടുളള തീവ്രമായ ആകര്‍ഷണത്തെ കാണിക്കുന്നു. ഇനി ലാവന്‍ഡര്‍ നിറത്തിലുള്ള റോസ് ആണെങ്കില്‍ അവ ആദ്യ കാഴ്ചയില്‍ തന്നെയുളള പ്രണയത്തെ സൂചിപ്പിക്കുന്നു.
ഫെബ്രുവരി 8 നാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. ഒരാളോടുള്ള പ്രണയം ആദ്യമായി തുറന്നുപറയാനും പങ്കാളിയോട് വിവാഹത്തിനുള്ള താല്‍പര്യം അറിയിക്കുവാനും പരസ്പരമുള്ള സ്‌നേഹം പങ്കുവയ്ക്കാനും അതിന്റെ ആഴം തിരിച്ചറിയാനുമാണ് പ്രൊപ്പോസ് ഡേ ഉപയോഗിക്കുന്നത്. റോസാപ്പൂക്കള്‍ പങ്കുവച്ചും മധുരം പങ്കുവെച്ചുമെല്ലാം പ്രപ്പോസ് ഡേ ആഘോഷിക്കാറുണ്ട്.
ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നത്. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും മധുരം പകരാന്‍ ഏറ്റവും മനോഹരമായ മാര്‍ഗ്ഗമെന്ന നിലയിലാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. പ്രണയിതാക്കള്‍ക്ക് ഉളളുതുറന്നു സംസാരിക്കാനും പങ്കുവയ്ക്കുന്നതിനുമുള്ള ഉപാധി എന്ന നിലയിലാണ് ചോക്ലേറ്റ് ദിനം.
ഫെബ്രുവരി 10നാണ് ടെഡി ദിനം ആഘോഷിക്കുന്നത്. പ്രണയസമ്മാനങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ് ടെഡിബെയര്‍. അതുകൊണ്ടാണ് വാലന്റൈന്‍സ് വീക്കില്‍ ഈ സമ്മാനം നല്‍കാന്‍ ഒരു ദിനം നല്‍കിയത്. എല്ലാ സമ്മാനങ്ങളിലും വച്ച് ഏറ്റവും ഊഷ്മളമായത് ടെഡിബെയറാണ്. കാമുകന്മാര്‍ ഇന്നത്തെ ദിവസം പ്രണയിനികള്‍ക്ക് ടെഡിബെയറുകള്‍ സമ്മാനമായി എത്തിച്ച് നല്‍കണം. പ്രണയത്തിന്റെ ദൂതനായി ടെഡിബെയറിനെ സമ്മാനിക്കാം.
പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതികള്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് പല വ്യത്യസ്ത രീതികളിലൂടെയുമാണ്. ബന്ധങ്ങളിലെ പ്രതിബദ്ധതയും സ്‌നേഹത്തിന്റെയും പ്രതീകമായാണ് ഫെബ്രുവരി 11ന് പ്രോമിസ്‌ഡേ ആഘോഷിക്കുന്നത്. ഹൃദയംഗമമായ വാഗ്ധാനങ്ങള്‍ നല്‍കി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.
വാലന്റൈന്‍സ് വീക്കിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഫെബ്രുവരി 12 ന് ആഘോഷിക്കുന്ന ഹഗ് ഡേ. പങ്കാളിയോടുള്ള സ്‌നേഹവും വികാരങ്ങളും പ്രകടിപ്പിക്കുന്ന ദിവസമായിട്ടാണ് ഹഗ് ഡേ കരുതപ്പെടുന്നത്. പ്രിയപ്പെട്ടവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ആലിംഗനത്തിലൂടെ പ്രകടിപ്പിക്കുന്ന അവസരമാണ് ഈ ദിനം തരുന്നത്.
ഫെബ്രുവരി 13 നാണ് ചുംബനദിനം ആഘോഷിക്കുന്നത്. ഒരു ചുംബനത്തിലൂടെ സ്‌നേഹത്തെ അടയാളപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. പ്രണയിതാക്കള്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാനും ബന്ധം ദൃഡമാക്കാനുമുളള ദിവസം കൂടിയാണിത്. ഇതിന് പിന്നാലെ തന്നെ വലന്റൈന്‍സ് ഡേ വരികയായി...
Content Highlights :What is Valentine's Day—those days that come with the blossoming season of love? How to celebrate